ലയാള സിനിമാരംഗത്ത് നിന്ന് നരേന്ദ്ര മോദിയുടെ ആരാധകരെല്ലാം കൂടു പൊളിച്ച് പുറത്തുവരുന്ന കാലമാണിതെന്ന് തോന്നിയാലും അൽഭുതമില്ല. ഇത്രയും കാലം രാഷ്ട്രീയം പറയാൻ മടിച്ചുനിന്ന പലരും ബിജെപി അധികാരത്തിലെത്തിയതോടെ തനിനിറം കാട്ടിത്തുടങ്ങി. നേരത്തെ തന്നെ സാമൂഹ്യപ്രശ്‌നങ്ങളിലിടപെടുന്ന സുരേഷ് ഗോപിയും സംവിധായകൻ മേജർ രവിയുമാണ് മോദി ആരാധകരായി പേരെടുത്ത രണ്ടുപേർ.

ഇപ്പോഴിതാ ഗായിക ഗായത്രിയും മോദിയോടുള്ള തന്റെ ആരാധന വെട്ടിത്തുറന്നുപറഞ്ഞിരിക്കുന്നു. റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിലാണ് തന്റെ രാഷ്ട്രീയ നിലപാടുകൾ ഗായത്രി വിശദീകരിച്ചത്.

സ്വന്തം പ്രയത്‌നം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും തന്റേതായ ഇടമുണ്ടാക്കിയ വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് ഗായത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏതൊരാൾക്കും ആരാധന തോന്നുന്ന രീതിയിലുള്ളതാണ്. അഴിമതി മുക്തമായ ഒരു രാഷ്ട്രം സ്വപ്‌നം കാണന്ന ആളെന്ന നിലയിലാണ് തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെന്നും അതല്ലാതെ തനിക്ക് ഒരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലന്നും അവർ വ്യക്തമാക്കി. സ്വച്ഛ് ഭാരത് പോലുള്ള സാമൂഹ്യസേവന പദ്ധതികളിൽ സഹകരിക്കും. അല്ലാതെ ബിജെപിയുടെ നേരിട്ടുള്ള രാഷ്ട്രീയം തന്റെ വിഷയമല്ല.

അതേ സമയം ശ്രീശ്രീ രവിശങ്കറുമായി വ്യക്തിപരമായ അടുപ്പത്തിന് ഭാഗ്യം ലഭിച്ചിട്ടുള്ള അപൂർവ്വം ആളുകളിലൊരാളാണ് താൻ. അദ്ദേഹത്തിന് പേരെടുത്തു വിളിക്കാൻ കഴിയുന്ന ഒരാൾ. രവിശങ്കർ തന്റെ ജീവിതത്തിൽ സംഭവിച്ചുപോയതാണെന്നും ഒരു സമ്പൂർണ ഗുരുവിനെ തനിക്ക് ലഭിച്ചത് രവിശങ്കറിലൂടെയാണെന്നും ഗായത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ആർട്ട് ഓഫ് ലിവിംഗിൽ താൻ സഹകരിക്കുന്നുണ്ട്. രവിശങ്കറുമായുള്ള ബന്ധം ജീവിതത്തിൽ പലവിധ സ്വാധീനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം തന്നെ ബ്രിട്ടലിനടക്കം കൊണ്ടുപോയിട്ടുണ്ടെന്നും അവർ പറഞ്ഞു. രവിശങ്കറിനെ പോലെ ഒരു ഗുരുവിനെ കിട്ടിയത് ഭാഗ്യമാണെന്നും ഗായത്രി പറഞ്ഞു.

സിനിമാ സംഗീതത്തിൽ ഗായകർക്ക് പ്രാധാന്യം കുറഞ്ഞുവരുന്ന കാലമാണിതെന്നും ഗായത്രി വിമർശിച്ചു. ഹിന്ദി ഗായകർക്ക് അനാവശ്യപ്രാധാന്യം കൊടുക്കുന്നുവെന്നത് തന്റെ പഴയ ഒരു പ്രസ്താവനയാണ്. അത് ഒരു വലിയ വിവാദമായി വളർന്നുപോയെന്നും ശ്രേയാ ഘോഷാലിന് ഗാനങ്ങൾ നൽകുന്നത് മാത്രം ഉദ്ദേശിച്ചല്ല താൻ വിമർശനം ഉന്നയിച്ചതെന്നും അവർ വിശദീകരിച്ചു. ശ്രേയാഘോഷാലിനോട് വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ല. എം ജയചന്ദ്രനും താൻ ബഹുമാനിക്കുന്ന വ്യക്തിത്വമാണ്. അതേ സമയം സിനിമാ സംഗീതത്തിന് അമിത പ്രാധാന്യം നൽകുന്നതുകൊണ്ട് സംഗീതത്തിന്റെ മറ്റുശാഖകളിലൊന്നും ആരും ശ്രദ്ധിക്കുന്നില്ല. എന്നാൽ ഇത്രയധികം ആഘോഷിക്കുന്ന പെടുന്നതിൽ കുറവ് സംഭവിക്കുന്നത് മറ്റുമേഖലകൾക്ക് ഗുണം ചെയ്യും. ലളിതാഗാനശാഖയൊക്കെ കുറ്റിയറ്റുപോയത് ഈയൊരു പ്രശ്‌നം കൊണ്ടാണ്. ചലച്ചിത്രഅഭിനേതാക്കൾ ഗായകരായി കൂടുതലായി അവതരിക്കുന്നത് സിനിമയുടെ വാണിജ്യൂമൂല്യം മുന്നിൽ കണ്ടാണ്. മിക്ക ഗായകർക്കും പാടാനുള്ള ആഗ്രഹമുണ്ട്. ഇതിലൂടെ രണ്ടുകാര്യവും നടക്കും. എന്നാൽ ഒന്നോ രണ്ടോ ഗാനം പാടാമെന്നല്ലാതെ താരങ്ങൾക്ക് ഈ മേഖലയിൽ അധികകാലം തുടരാൻ കഴിയില്ല. കാരണം അവർ സംഗീതത്തിൽ അത്ര അടിത്തറയുള്ളവരല്ല. സിനിമയിലെ ഗാനങ്ങൾ പാടിയതുപോലെ സ്‌റ്റേജിൽ പേർഫോം ചെയ്യാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ താരങ്ങൾ ഗായകരാകുമ്പോൾ യഥാർത്ഥ ഗായകർക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണി ഉയരുന്നില്ലെന്നും ഗായത്രി വിശദീകരിച്ചു.

സാമൂഹ്യവിഷയങ്ങളിൽ തന്റേതായ നിലപാടുകൾ സ്വീകരിക്കാറുണ്ട്. ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയകളിൽ സജീവമായി തന്നെ ഇടപെടാറുണ്ട്. കേരളത്തിൽ നടക്കുന്ന സദാചാരഗുണ്ടായിസത്തോട് യോജിപ്പില്ലെങ്കിലും ചുംബനസമരത്തെ അനുകൂലിക്കാനും ഗായത്രി തയാറായില്ല. പൊതുസ്ഥലങ്ങളിൽ പ്രണയിതാക്കൾ കാണിക്കുന്ന ചില ചേഷ്ടകൾ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. ഒരേബെഞ്ചിൽ തന്നെ ദിവസം മുഴുവൻ ഇരിക്കുന്നത് അവിടെയെത്തുന്ന മറ്റുള്ളവരുടെ ആസ്വാദ്യതയ്ക്ക് വിഘാതമാകുന്നുണ്ട്. ഇത്തരം നെഗറ്റീവുകളും ഇക്കാര്യത്തിലുണ്ട്. അതുകൊണ്ട് സമരത്തെയും അനുകൂലിക്കാൻ കഴിയുന്നില്ലെന്നും സദാചാര ഗുണ്ടായിസം തടയേണ്ടതു തന്നെയാണെന്നും വിശദീകരിച്ചു.