തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും താൻ ഒളിവിൽപോയെന്നത് ചില മുഖ്യധാരാ മാദ്ധ്യമങ്ങൾ പടച്ചുവിടുന്ന കുപ്രചരണം മാത്രമാണെന്നും മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. ജിഷ പെരുമ്പാവൂരിലെ ഒരു ഉന്നത കോൺഗ്രസ് നേതാവിന്റെ മകളാണെന്നും ആ നേതാവിന്റെ വീട്ടിൽചെന്ന് സ്വത്തവകാശം ചോദിച്ചതിനു പിന്നാലെയാണ് ജിഷ കൊല്ലപ്പെട്ടതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പട്ട് മുഖ്യമന്ത്രി പിണറായിക്ക് ജോമോൻ കത്തു നൽകിയത് കഴിഞ്ഞദിവസങ്ങളിൽ കേരളത്തിൽ വലിയ ചർച്ചയായിരുന്നു. 

മുഖ്യധാരാ മാദ്ധ്യമങ്ങളിൽ തന്റെ പരാതി സംബന്ധിച്ച വാർത്തകൾ വന്നില്ലെങ്കിലും ഇതിനു പിന്നാലെ ജിഷ തന്റെ മകളല്ലെന്നും ജിഷയുടെ അമ്മ തന്റെ വീട്ടിൽ ജോലിക്കുനിന്നെന്നത് പച്ചക്കള്ളമാണെന്നും പറഞ്ഞ് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ രംഗത്തുവന്ന വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച പത്രങ്ങളാണ് താൻ ഇപ്പോൾ ഒളിവിൽപോയെന്ന രീതിയിൽ കുപ്രചരണം നടത്തുന്നതെന്നും ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഞാൻ പരാതിയിൽ ഒരാളുടെ പേരും പറഞ്ഞിരുന്നില്ല. എന്നാൽ ആരോപണങ്ങളെ എതിർത്ത് പി പി തങ്കച്ചൻ രംഗത്തുവന്നതോടെ ആരെപ്പറ്റിയാണ് പരാതിയിൽ പറഞ്ഞതെന്ന് എല്ലാവർക്കും ബോധ്യമായി.

എനിക്കെതിരെ ജിഷയുടെ അച്ഛൻ പാപ്പു പരാതി നൽകിയെന്നും ദളിത് പീഡനത്തിന് എനിക്കെതിരെ കേസെടുത്തതോടെ ഞാൻ ഒളിവിലാണെന്നുമായിരുന്നു മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളുടെ പ്രചരണം. എന്നാൽ പരാതി നൽകിയില്ലെന്ന് പാപ്പു വ്യക്തമാക്കിയതോടെ ഈ വാദം പൊളിഞ്ഞു. ഞാനെവിടെയും പോയിട്ടില്ല. ഇവിടെ എറണാകുളത്തുതന്നെ ഉണ്ട്. പെരുമ്പാവൂർ ഡിവൈഎസ്‌പി അനിലുമായി കഴിഞ്ഞദിവസവും സംസാരിച്ചിരുന്നു. എനിക്കെതിരെ പരാതിയൊന്നും ഇല്ലെന്ന് വ്യക്തമായിട്ടുമുണ്ട് - ജോമോൻ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് നൽകിയ പരാതി വെബ്‌സൈറ്റുകളിൽ വാർത്തയായതോടെ സോഷ്യൽ മീഡിയയിലും മറ്റും പെരുമ്പാവൂരിലെ നേതാവാരെന്ന ചർച്ച സജീവമായെന്നും ഇതോടെയാണ് പ്രതികരണവുമായി തങ്കച്ചൻ വന്നതെന്നും ജോമോൻ പറഞ്ഞു. എന്റ പരാതിയെപ്പറ്റി വാർത്ത നൽകാതിരുന്നവർ തങ്കച്ചന്റെ പ്രതികരണം വാർത്തയാക്കി. അപ്പോൾ ഇവർ ആർക്കൊപ്പമാണെന്ന് വ്യക്തം. കൊല്ലപ്പെട്ട ജിഷയ്‌ക്കൊപ്പമോ ആരോപണം ഉന്നയിക്കപ്പെട്ട തങ്കച്ചനൊപ്പമോ? ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് അവരുടെ ശ്രമം. അല്ലാതെ സത്യം കണ്ടെത്താനല്ല. ഇനി ഈ ആരോപണം പറഞ്ഞതിന്റെ പേരിൽ എന്നെ അറസ്റ്റുചെയ്യാനാണ് നീക്കമെങ്കിൽ ജയിലിൽ പോകാൻ ഒരു മടിയുമില്ല. എന്റെ പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി പൊലീസിനെ ചുമതലപ്പെടുത്തിയെന്നാണ് അറിഞ്ഞത്. ഇനി പിണറായി ഡൽഹിയിലാണെന്ന തക്കംനോക്കി എന്നെ അറസ്റ്റു ചെയ്യുമോ എന്നറിയില്ല.- ജോമോൻ പറഞ്ഞു.

30 വർഷമായി ഇത്തരത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ പല നിയമ പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. പല കേസുകളും സത്യസന്ധമാണെന്ന് കോടതിയിൽ തെളയിക്കപ്പെട്ടിട്ടുമുണ്ട്. ഞാൻ പറഞ്ഞത് തെറ്റെങ്കിൽ എന്തുകൊണ്ട് തങ്കച്ചനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ കെപിസിസി പ്രസിഡന്റ് സുധീരനോ രംഗത്തുവന്നില്ല. കോൺഗ്രസ്സിലെ ഒരു മുതിർന്ന നേതാവിനെതിരെ തെറ്റായ ആരോപണമാണ് പറഞ്ഞിരുന്നതെങ്കിൽ എനിക്ക് ഇ്‌പ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റുമായിരു്‌ന്നോ. കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാത്തതുതന്നെ തന്റെ ആരോപണം സത്യസന്ധമാണെന്ന് സ്ഥിരീകരിക്കുന്നതായി ജോമോൻ അവകാശപ്പെട്ടു.