ന്യൂഡൽഹി: ഗുജറാത്തിൽ താനല്ല മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കി എല്ലാം അഭ്യൂഹങ്ങളാണെന്ന് പറഞ്ഞ് സ്മൃതി ഇറാനി. സ്മൃതിയേയും വിജയ് രൂപാണിയേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകൾ പുറത്തുവന്നിരന്നു. ഇതിനെതിരെയാണ് ഇറാനിയുടെ പ്രതികരണം. തനിക്കെതിരെ പ്രവർത്തിക്കുന്നവരാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയാണ് പ്രചാരണങ്ങൾ സ്മൃതി നിഷേധിച്ചത്. നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിക്കൊപ്പം സ്മൃതി ഇറാനിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഗുജറാത്തിലും ഹിമാചലിലും അടുത്ത ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്തുമെന്നാണ് ബിജെപി നൽകുന്ന സൂചന. പട്ടേൽ, ദലിത്, ഒബിസി തുടങ്ങി വിവിധ ജാതിവിഭാഗങ്ങൾക്കും സർക്കാരിൽ പ്രാതിനിധ്യം ഉണ്ടാകും. തിരഞ്ഞെടുപ്പിൽ ഈ വിഭാഗങ്ങളുടെ ബിജെപിയോടുള്ള എതിർപ്പ് മുതലെടുത്ത് കോൺഗ്രസ് മികച്ച പ്രകടനം നടത്തിയിരുന്നു. 80 സീറ്റുകളിലാണ് കോൺഗ്രസ് സഖ്യം ഇത്തവണ വിജയക്കൊടി പാറിച്ചത്. എന്നാൽ ഈ സമുദായങ്ങളെ കയ്യിലെടുക്കാൻ അവരുടെ പ്രതിനിധികളെ കൂടി സർക്കാരിൽ ഉൾപ്പെടുത്താനാണ് ബിജെപി തീരുമാനം.

നിലവിലെ ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ, ബിജെപി അധ്യക്ഷൻ ജീതു വഖാനി, കേന്ദ്രമന്ത്രി പുരുഷോത്തം രുപാല, പ്രദീപ്‌സിങ് ജഡേജ തുടങ്ങിയവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു ജയിച്ചാൽ വിജയ് രൂപാണി തന്നെ വീണ്ടും ഗുജറാത്തിൽ മുഖ്യമന്ത്രിയാകും എന്ന പ്രചരണങ്ങൾ വന്നിരുന്നു. ബിജെപി നേതാക്കളും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

എന്നാൽ ഫലം വന്നപ്പോൾ നൂറ് സീറ്റു പോലും നേടാൻ ബിജെപിക്ക് സാധിച്ചില്ല. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രൂപാണിയുടെ സാധ്യതകൾക്ക് മങ്ങലേറ്റു. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ തീരുമാനമെടുത്താൽ മതിയെന്നാണ് ബിജെപിയുടെ നിലപാട്. വിജയിച്ചാൽ രൂപാണി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായും നേരത്തെ അറിയിച്ചിരുന്നു. അതോടെ രൂപാണിയെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ.