കേരളത്തിനു പെണ്‍വാണിഭം എന്ന വാക്കു സുപരിചിതമായതു രണ്ടു സംഭവങ്ങളിലൂടെയാണ്. മൂന്നാര്‍ സൂര്യനെല്ലിയിലെയും തിരുവനന്തപുരം വിതുരയിലെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ദിവസങ്ങളോളം ലൈംഗികപീഡനത്തിനിരയായ സംഭവങ്ങള്‍. രണ്ടു കേസുകളും ഒന്നര ദശകം കഴിഞ്ഞിട്ടും കോടതിമുറികളിലും നീതിലഭിക്കാതെ തുടരുന്നു. കോട്ടയത്തെ പ്രത്യേക കോടതി ഇന്നലെ കേസില്‍ ഇരയായ വിതുര കേസിലെ പെണ്‍കുട്ടിക്കെതിരേ രംഗത്തുവന്നു. പെണ്‍കുട്ടി തുടര്‍ച്ചയായി കോടതി നടപടികള്‍ക്കു ഹാജരാകാത്തതു കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഈ മാസം 19 നു കര്‍ശനമായും ഹാജരാകണമെന്നും പറഞ്ഞു.

നടന്‍ ജഗതി ശ്രീകുമാര്‍ അടക്കം പല പ്രമുഖരും കുടുങ്ങിയ കേസാണ് വിതുര. പതിനേഴു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇരയ്ക്കു കിട്ടുന്ന നീതി പ്രതിക്കും കിട്ടാന്‍ അവകാശമുണ്ടെന്നായിരുന്നു ഇന്നലെ കോടതിയുടെ പരാമര്‍ശം. വിതുര പെണ്‍ വാണിഭ കേസിലെ പെണ്‍കുട്ടിക്ക് എന്തു നീതിയാണു കോടതി നല്‍കിയത്? ജീവിതാവസാനം വരെ ഈ പെണ്‍കുട്ടി കോടതി കയറിയിറങ്ങി നടക്കണം എന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. പതിനേഴ് വര്‍ഷം കഴിഞ്ഞിട്ടും കേസിലുള്‍പ്പെട്ട ഒരാളെ പോലും കോടതി ശിക്ഷിച്ചിട്ടില്ല.

വിതുര പെണ്‍കുട്ടി എന്ന് മാധ്യമങ്ങള്‍ പേരിട്ടിരിക്കുന്നവള്‍ ഇന്ന് ഒരു മുതിര്‍ന്ന സ്ത്രീയും ഒരാളുടെ ഭാര്യയും അയാളുടെ കുഞ്ഞിന്റെ അമ്മയുമാണ്. ഈയൊരു സാഹചര്യത്തില്‍ അവള്‍ ഒരിക്കലും നീതി കിട്ടാനിടയില്ലാത്ത ഒരു കേസുമായി മുന്നോട്ട് പോകണമെന്ന് പറയുന്നത് ന്യാമാണോ എന്ന ചോദ്യമാണ് ഇന്നലത്തെ കോടതി പരാമര്‍ശം ഉയര്‍ത്തുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ യുവതിയെ തിരുവനന്തപുരത്തിനടുത്ത വിതുരയില്‍ നിന്നും പെണ്‍വാണിഭ സംഘം കടത്തിക്കൊണ്ട് പോയി ചൂഷണത്തിനിരയാക്കിയത്. അവളുടെ വീട്ടിലെ കടുത്ത ദാരിദ്ര്യവും കൊടും പട്ടിണിയും നിസഹായവസ്ഥയും മുതലെടുത്താണ് നരാധമര്‍ അവളെ നിരന്തര പീഡനത്തിന് വിധേയയാക്കിയത്. സിനിമയിലഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരി അവളെ വലയിലാക്കിയത്. അതിസുന്ദരിയായ, മിടുക്കിയായ, ബുദ്ധിമതിയായ ഈ പെണ്‍കുട്ടിയെ തന്ത്രപരമായി വലയില്‍ വീഴ്ത്താന്‍ ഗൂഡാലോചനക്കാര്‍ക്കു കഴിഞ്ഞു.

സംഭവം നടന്ന് പതിനഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ കേസ് ഒരിടത്തും അവസാനിക്കുകയില്ലെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി വിവാഹിതയായി. ഇവര്‍ക്ക് കുഞ്ഞും ജനിച്ചു. പെണ്‍കുട്ടി വിവാഹിതയായി എന്നറിഞ്ഞപ്പോള്‍ മാധ്യമങ്ങളില്‍ അതു വലിയ വാര്‍ത്തയും ചൂടേറിയ ചര്‍ച്ചയും ആയിരുന്നു. കേസില്‍നിന്നു രക്ഷപ്പെടണമെന്ന ഉദ്ദേശത്തോടെ ആരെങ്കിലും അവളെ കെണിയില്‍ പെടുത്തിയതായിരിക്കുമോ എന്നറിയാനാണ് ആദ്യമായി അവളെ ഫോണില്‍ വിളിച്ചത്.

അന്നവള്‍ പറഞ്ഞ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു ''ആദ്യമായാണ് ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഒരു പത്രപ്രവര്‍ത്തക വിളിച്ച് ചോദിക്കുന്നത്. എല്ലാ പത്രക്കാരും അവരവരുടെ മനോഗതിക്കനുസരിച്ച് ഓരോ വാര്‍ത്തകള്‍ എഴുതുകയായിരുന്നു ഇതുവരെ ഇപ്പോള്‍ എനിക്ക് ലഭിച്ച ഈ ജീവിതവും പത്രക്കാരായിട്ട് നശിപ്പിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും''

അവള്‍ പറഞ്ഞ അവളുടെ കഥ കരളലിയിപ്പിക്കുന്നതായിരുന്നു. നമ്മെയോരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു. നല്ല ചിന്താശേഷിയും എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായവും ഉയര്‍ന്ന ബുദ്ധിശക്തിയും സാധാരണയില്‍ കവിഞ്ഞ സൗന്ദര്യവുമുള്ള ഒരു മുപ്പത്തിരണ്ടുകാരിയാണ് അവളിന്ന്. തകര്‍ന്ന ജീവിതത്തിനു മുന്നില്‍ പകച്ചു നിന്ന പതിനാലുകാരിയല്ല ഇന്ന് അവള്‍. ആരുടെയും സഹായമില്ലാതെ ദുരിതപര്‍വ്വങ്ങളെല്ലാം ഒറ്റയ്ക്കു നീന്തിക്കടന്ന് ഒരു ജീവിതം കെട്ടിപ്പടുത്തിരിക്കുന്നു. ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും തെരുവുകളില്‍ വില്‍ക്കപ്പെടുകയും ചെയ്ത എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയാകേണ്ടവളാണിവള്‍. ഏതെങ്കിലും സാഹചര്യത്തില്‍ ജീവിതം പളുങ്കുപാത്രം പോലെ വീണുടഞ്ഞ് അതിന്റെ പൊട്ടുകള്‍ പോലും പെറുക്കി കൂട്ടാന്‍ ത്രാണിയില്ലാതെ തളര്‍ന്നു വീണ സൂര്യനെല്ലി പെണ്‍കുട്ടിയെപ്പോലുള്ള നിരവധി പെണ്‍കുട്ടികള്‍ക്ക് ഊര്‍ജം നല്‍കാന്‍, മാതൃകയാക്കാന്‍, പിന്തുടരാന്‍ ഇവളുടെ ജീവിതം, കാഴ്ചപ്പാടുകള്‍ ധീരത എല്ലാം അവളുടെ തന്നെ തീഷ്ണമായ വാക്കുകളില്‍ ഇവിടെ പകര്‍ത്തുന്നു.

''എന്നെ വിവാഹം കഴിച്ചത് എന്നെക്കാള്‍ പ്രായക്കൂടുതലുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹമാണിത്. അതിലെന്താണ് ഇത്ര വലിയ തെറ്റ്? ഞാന്‍ കന്യകയായ ഒരു കൗമാരക്കാരിയല്ല. ജീവിതത്തിന്റെ കയ്പുനീര്‍ ഒരുപാട് കുടിച്ച് വറ്റിച്ച് ഞാന്‍ ജീവിതാനുഭവങ്ങളില്‍ നിന്നും ഒരുപാട് പുതിയ പാഠം പഠിച്ചിരിക്കുന്നു. പഴയ പതിനാലുകാരിയായ എട്ടുംപൊട്ടും തിരിയാത്ത കൊച്ചു പെണ്‍കുട്ടിയല്ല ഞാനിന്ന്. മുതിര്‍ന്നിരിക്കുന്നു.

ഞാന്‍ ആപത്തില്‍പ്പെട്ട് തളര്‍ന്ന് വീണപ്പോള്‍ താങ്ങിയ കരങ്ങളെക്കാളൊക്കെ കരുത്തു ഞാനിന്നു സ്വയമാര്‍ജിച്ചിരിക്കുന്നു. മുമ്പു ഞാന്‍ ജീവിതത്തെ ഭീതിയോടെയാണു നോക്കി കണ്ടിരുന്നത്. ചതിയില്‍പ്പെട്ടു പോയതിനു ശേഷം അഞ്ചു വര്‍ഷം തലയുയര്‍ത്തി ഒരാളുടെ മുഖത്തു നോക്കാന്‍ പോലും എനിക്കു ധൈര്യമുണ്ടായിരുന്നില്ല. തകര്‍ന്നു പോയിരുന്നു ഞാന്‍.

എന്നാല്‍ പതിയെ ഞാന്‍ സമനില വീണ്ടെടുത്തു. ആയിടക്ക് ഗോഡ്ഫാദര്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരാള്‍ എന്റെ ജീവിതത്തിലേക്കു കടന്നു വന്നു. എന്നെ മെല്ലെ കൈപിടിച്ചുയര്‍ത്തി. എനിക്ക് ആ വിശ്വാസം തന്നു. ജീവിക്കാനാശ തന്നു. ആത്മാഭിമാനത്തോടെ ആളുകളുടെ മുഖത്തു നോക്കാനുള്ള കരുത്തു തന്നു.

യഥാര്‍ഥത്തില്‍ ഞാന്‍ മറ്റൊരാളായി മാറുകയായിരുന്നു. ജീവിതത്തെ കരുത്തോടെ നേരിടാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. തുടര്‍ന്നു പഠിച്ചു ജോലി നേടി. ചുറ്റുപാടുകളെ സമചിത്തതയോടെ വീക്ഷിക്കുവാനും സാഹചര്യങ്ങളെ വിശകലനം ചെയ്യാനും സന്ദര്‍ഭാനുസരണം പെരുമാറാനും ഞാന്‍ പഠിച്ചു.

പെട്ടെന്ന് റോഡ് കുറുകെ കടക്കുമ്പോള്‍ വേഗത്തിന്റെ എല്ലാ സീമകളും ലംഘിച്ച് വന്ന ഒരു വാഹനം എന്നെ ഇടിച്ച് തെറിപ്പിച്ചാല്‍ ഞാനതില്‍ കുറ്റക്കാരിയാവുമോ? തിരക്കുള്ള റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച കുറ്റം അത്ര വലുതാണോ? ഞാന്‍ ജീവിതത്തെ സാധാരണ നിലയില്‍ കാണാന്‍ തുടങ്ങി.

മുമ്പ് ഞാന്‍ കരുതിയിരുന്നത് പുരുഷന്‍മാരെല്ലാം വഞ്ചകരും ചതിയന്‍മാരും ആണെന്നാണ്. എന്നാല്‍ ഇന്നു ഞാനങ്ങനെ കരുതുന്നില്ല. നന്മയുള്ളവരും കരുണയുള്ളവരും കനിവുള്ളവരും പുരുഷന്‍മാരിലുമുണ്ട്. എന്നെ വിവാഹം കഴിച്ച പുരുഷനും അത്തരത്തില്‍ നന്മയുടെ അംശങ്ങളുള്ള ഒരാളാണ്. എന്നെ ഞാനായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയും. എന്നെ സംരക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് എന്നെപ്പോലൊരു സ്ത്രീ ഒരു പുരുഷനില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

ഒരു ചെറുപ്പക്കാരന്‍ എന്നെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു ഈ മധ്യവയസ്‌കന്‍ വേണ്ടിയിരുന്നില്ല എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഈ പറയുന്ന സാമൂഹിക പ്രവര്‍ത്തകര്‍ എന്നെ ധാരാളം സഹായിച്ചിട്ടുണ്ട്. എനിക്കാവരോട് നന്ദിയും സ്‌നേഹവുമുണ്ട്. എന്നാല്‍ എനിക്കും ജീവിക്കണം. ഒരു ചെറുപ്പക്കാരന്‍ എന്നെ വിവാഹം കഴിച്ചതിന് ശേഷം അയാളുടെ സുഹൃത്തുക്കളും മറ്റും പറയുന്നത് കേട്ട് എന്നെ ഉള്ളു തുറന്ന് സ്‌നേഹിക്കാതിരുന്നെങ്കില്‍ അല്ലെങ്കില്‍ എന്നെ എവിടെയെങ്കിലും കൊണ്ട് പോയി വിറ്റിരുന്നെങ്കില്‍ ഞാന്‍ ആരോട് പരാതി പറയുമായിരുന്നു?

ഇപ്പോള്‍ എന്നെ വിവാഹം കഴിച്ചിരിക്കുന്ന ആള്‍ പക്വത വന്ന വ്യക്തിയാണ്. എല്ലാ കാര്യങ്ങളും അതിന്റെ ഗൗരവത്തോട് കൂടി മനസിലാക്കിയിട്ടുണ്ട്. എന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. എന്റെ മാതാപിതാക്കള്‍ക്കു പത്തു മക്കളായിരുന്നു. കാര്യമായ തൊഴിലൊന്നും ഉണ്ടായിരുന്നില്ല. അതിന്റേതായ ബുദ്ധിമുട്ടികള്‍ കുടുംബത്തിലുണ്ടായിരുന്നു. എന്നെ സ്‌നേഹിക്കാനും ഓമനിക്കാനുമൊന്നും എന്റമ്മക്ക് ഇത്രയും മക്കളുടെയിടയില്‍ കഴിഞ്ഞിട്ടില്ല. ചെറിപ്പത്തിലേ ജീവിതം എനിക്കായി ഒരുക്കി വച്ചത് കയ്പുനിറച്ച ഗ്ലാസ്സായിരുന്നു.

സ്വയമാര്‍ജ്ജിച്ച കരുത്തോടെ ആ ഘട്ടങ്ങളിലെല്ലാം ഞാനാണവരെ ഓരോരുത്തരെയും കൈകളില്‍ താങ്ങിയെടുത്ത് പരിചരിച്ചത്. ആഹാരം കൊടുത്തത്. എനിക്കിന്ന് അഭിമാനത്തോട് കൂടി പറയാന്‍ പറ്റും ഞാനാണെന്റെ കുടുംബത്തിന്റെ സംരക്ഷക എന്ന്. പതിനാലുകാരിയില്‍നിന്നു ഞാന്‍ ഏറെ മുന്നോട്ടു പോയി. കരുത്തുറ്റ ഒരു സ്ത്രീയാണു ഞാനിന്ന്.

കേസ് ജയിക്കണമെന്നും കുറ്റവാളികള്‍ ജയിലില്‍ പോകണമെന്നും എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ പണത്തിന്റെ ഒഴുക്കിന് മുന്നില്‍ നീതി ന്യായ വ്യവസ്ഥയും നിയമവും തോല്‍ക്കുന്നതാണ് ഞാന്‍ എന്റെ അനുഭവത്തില്‍ കണ്ടത്. എന്നിട്ടും തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം എല്ലാ വിചാരണാ വേളകളിലും ഞാന്‍ കോടതി മുറിയിലെത്തി.

വക്കീലന്‍മാരുടെ അറപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യുന്ന എല്ലാ ചോദ്യങ്ങള്‍ക്കും നിറകണ്ണുകളോടെ മറുപടി പറഞ്ഞു. വക്കീലന്‍മാര്‍ ക്രൂരതയോടെ വീണ്ടും വീണ്ടും അശ്ലീലങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നു. ഇതാണ് നമ്മുടെ നിയമം. ഒരു തവണ നരാധമന്‍മാരുടെ ക്രൂരതക്കിരയായ ഞാന്‍ വര്‍ഷങ്ങളായി നിയമത്തിന്റെ ക്രൂരത സഹിച്ചു. മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ക്രൂര യാഥാര്‍ഥ്യങ്ങള്‍ ആത്മനിന്ദയോടെ ഹൃദയവേദനയോടെ ഓരോ ദിവസവും ഓര്‍ത്തെടുത്ത് കോടതിയില്‍ പറഞ്ഞു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെട്ടില്ല. ഒരു കേസിലും എനിക്കു നീതി കിട്ടിയില്ല. കേസുകള്‍ അനന്തമായി നീണ്ടു പോകുമ്പോള്‍ എന്നെപ്പോലുള്ള പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതമാണു കോടതി മുറികളില്‍ എരിഞ്ഞു തീരുന്നത്.

പതിനഞ്ച് വര്‍ഷം ഹൃദയഭേദകമായ വിചാരണകള്‍ ഞാന്‍ നേരിട്ടു. സാക്ഷിക്കൂട്ടില്‍നിന്ന് പ്രതികളുടെയും അഭിഭാഷകരുടെയും ന്യായാധിപന്റെയും മുന്നില്‍ പല തവണ എന്റെ ദുരാനുഭവങ്ങള്‍ വിവരിച്ചു. മാധ്യമങ്ങള്‍ ഉത്സാഹത്തോടെ എന്റെ കഥ കൊണ്ടാടി. അപമാനിക്കപ്പെടലും കണ്ണീരു കുടിക്കലും എനിക്കു മതിയായി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി എന്ന ലേബലില്‍ കോടതി മുറികളില്‍ ഇനിയും കാഴ്ച വസ്തുവായി നില്‍ക്കാന്‍ എനിക്കു വയ്യ. നമ്മുടെ നീതിന്യായവ്യവസ്ഥയോ നിയമ സംവിധാനമോ ഒരു പെണ്‍കുട്ടിക്കും നീതി ലഭിക്കുന്ന തരത്തിലുള്ളതല്ല എന്ന് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയേണ്ടി വരുന്നതില്‍ എനിക്കു ദുഃഖമുണ്ട്. എന്നോട് അല്‍പ്പമെങ്കിലും ദയയുള്ളവര്‍ എന്നെ വെറുതെ വിടുക. എന്റെ ജീവിതത്തില്‍ ഒരുപാട് തീ തിന്നു. അഗ്നികുണ്ഠത്തിലൂടെ നടന്നു ഇനി വയ്യ. എന്നെ ജീവിക്കാന്‍ അനുവദിക്കുക.