ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുത വളർന്നു വരികയാണെന്ന് ആവർത്തിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. അസഹിഷ്ണുതയുള്ള ഇന്ത്യ തനിക്ക് ഉൾക്കൊള്ളാനാകില്ലെന്ന് പ്രണബ് മുഖർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവും ചരിത്രകാരനുമായ സുഗതാ ബോസിന്റെ 'ദ നേഷൻ ആസ് മദർ ആൻഡ് അദർ വിഷൻസ് ഓഫ് നേഷൻഹുഡ്' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെയായിരുന്നു മുൻ രാഷ്ട്രപതിയുടെ പ്രതികരണം.

അഭിപ്രായ ഭിന്നതയും വാദപ്രതിവാദങ്ങളും ഉള്ള ഇന്ത്യയെ എനിക്ക് മനസ്സിലാക്കാനാവും പക്ഷെ അസഹിഷ്ണുതയുള്ള ഇന്ത്യയെ ഉൾക്കൊള്ളാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അമ്മയായി ചിത്രീകരിക്കുന്നത് വൈകാരികമായിട്ടാണെന്നും അത് മതപരമല്ലെന്നും പ്രണബ് മുഖർജി കൂട്ടിച്ചേർത്തു. നാം ആഗ്രഹിക്കുന്ന രാജ്യം പടുത്തുയർത്താൻ ആരോഗ്യകരമായ സംവാദങ്ങളാണ് വേണ്ടതെന്നും മുൻ രാഷ്ട്രപതി കൂട്ടിച്ചേർത്തു. രാഷ്ട്രപതിഭവൻ വിട്ട് ഒരാഴ്‌ച്ച മാത്രം കഴിയുമ്പോഴാണ് പ്രണബ് മുഖർജിയുടെ പരാമർശം.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വിമർശിച്ച് മുൻഉപരാഷ്ട്രപതി ഹമീദ് അൻസാരിയും രംഗത്തെത്തിയിരുന്നു. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്ക് ഭയവും, സുരക്ഷിതത്വമില്ലാത്തതുമായ അന്തരീഷം ഇന്ത്യയിൽ രൂപപ്പെട്ട് വരുന്നതിൽ ഹമീദ് അൻസാരി ആശങ്കയറിയിച്ചു. വർഷങ്ങളായി ഇന്ത്യ സൂക്ഷിച്ചു പോരുന്ന മൂല്യങ്ങൾ ഇടിയുകയാണെന്നും രാജ്യത്തെ പൗരന്മാരുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്നത് പരിതാപകരമായ സ്ഥിതിയാണെന്നും സ്ഥാനമൊഴിയവെ ഹമീദ് അൻസാരി വ്യക്തമാക്കിയിരുന്നു.