- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പൊലീസുകാരനെ എനിക്കറിയാം, അയാളൊരു സംഘിയല്ല'; വസ്ത്രത്തിന്റെ പേരിൽ അപമാനിച്ചെന്ന ആരോപണത്തിൽ എസ് എച്ച് ഒയ്ക്ക് പിന്തുണയുമായി യുവാവ്; അദ്ദേഹത്തിൽ നിന്ന് തനിക്കോ നാട്ടുകാർക്കോ യാതൊരു വർഗ്ഗീയ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും വൈറൽ കുറിപ്പ്
തിരുവനന്തപുരം: വസ്ത്രത്തിന്റെ പേരിൽ കേരളാ പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായി എന്നുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കായംകുളം എം.എസ്.എം കോളജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ ഞായറാഴ്ച രാവിലെ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്ന് അഫ്‌സൽ എന്ന യുവാവാണ് ഫേസ്‌ബുക്കിൽ കുറിച്ചത്. 'കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി' എന്നുപറഞ്ഞായിരുന്നു കുറിപ്പ് പ്രചരിച്ചത്.
സംഭവം പുറത്ത് വന്നതോടെ പൊലീസിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്ത് വന്നു. തൊട്ട്പിന്നാലെ സംഭവിച്ച് എന്താണെന്ന് വിശദീകരിച്ച് എസ് എച്ച് ഒ വിനോദും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പൊലീസിനെ പിന്തുണയ്ക്കുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്.സംഭവത്തിലെ മറുവശം തുറന്നുകാട്ടി ഷാനി പള്ളിശ്ശേരിക്കൽ എന്നയാളുടെ കുറി്പ്പാണ് വൈറലാകുന്നത്.'ആ പൊലീസുകാരനെ എനിക്കറിയാം, അയാളൊരു സംഘിയല്ല'എന്നാണ് ഷാനി പറയുന്നത്.
വിനോദ് എന്ന് പേരുള്ള ഓച്ചിറ എസ് എച്ച് ഒ യെ പറ്റിയാണ് വിദ്വേഷം നിറഞ്ഞ ഈ കുറിപ്പ് പ്രചരിക്കുന്നതെന്നും ചെറുപ്പകാലം മുതലേ വിനോദിനെ പരിചയമുണ്ടെന്നും ഷാനി പള്ളിശ്ശേരിക്കൽ പറയുന്നു. വിനോദിൽ നിന്നോ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നോ തനിക്കോ തന്റെ സഹപ്രവർത്തകർക്കോ നാട്ടുകാർക്കോ ഏതെങ്കിലും തരത്തിലുള്ള വർഗീയമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണ് ഷാനി പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം
ഇപ്പോൾ ഫേസ്‌ബുക്കിൽ വ്യാപകമായി സർക്കാർവിരുദ്ധ മനോഭാവമുള്ളവർ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനെ പറ്റിയാണ് ഈ കുറിപ്പ്.
ശ്രീ വിനോദ് എന്ന് പേരുള്ള ഓച്ചിറ എസ് എച്ച് ഒ യെ പറ്റിയാണ് വിദ്വേഷം നിറഞ്ഞ ഈ കുറിപ്പ് പ്രചരിക്കുന്നത്.
ചെറുപ്പകാലം മുതലേ എനിക്ക് പരിചയമുള്ളതും എന്നോടൊപ്പം പതാരം ടങഒട ൽ എന്റെ ജൂനിയറായി സ്‌കൂൾ വിദ്യാഭ്യാസം ചെയ്തതുമായ ശ്രീ വിനോദിൽ നിന്നോ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നോ എനിക്കോ എന്റെ സഹപ്രവർത്തകർക്കോ എന്റെ നാട്ടുകാർക്കോ ഏതെങ്കിലും തരത്തിലുള്ള വർഗീയമായ ഇടപെടലുകൾ ഉണ്ടായതായി പറയാൻ കഴിയില്ല.
മാത്രവുമല്ല വിദ്യാഭ്യാസകാലത്ത് ഇരുകാലുകളും തളർന്ന വികലാംഗനായ തന്റെ സഹോദരനെ സൈക്കിളിൽ സ്‌കൂളിൽ കൊണ്ടുവരികയും തിരികെ കൊണ്ടു പോവുകയും ചെയ്യുന്ന... തന്റെ സഹോദരനെ സ്‌നേഹപൂർവ്വം പരിചരിക്കുന്ന സൗമ്യനായ ശാന്തശീലനായ സുഹൃത്തിനെ ആണ് ഓർമ്മ വരുന്നത്.. മനസ്സു കൊണ്ടോ ചിന്ത കൊണ്ടോ പ്രവൃത്തി കൊണ്ടോ യാതൊരു വർഗീയ മനോഭാവവും ഇല്ലാത്ത ഒരു ഉദ്യോഗസ്ഥനെ, മാലുമേൽ കടവിലെ ജനസമ്മതനായ പ്രമുഖ വ്യവസായി ശ്രീ പ്രഭാകരൻ ചേട്ടന്റെ കുടുംബത്തിൽ നിന്ന് അത്തരമൊരു പേരുദോഷം നാളിതുവരെ നാട്ടുകാർക്ക് ഉണ്ടായിട്ടില്ല.
സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്കഡൗണിൽ നിയമലംഘനത്തിന് പിടിക്കപ്പെട്ട കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബം നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുമ്പോൾ എല്ലാവരും ആഘോഷിക്കുകയാണ്. കൃത്യമായി അദ്ദേഹത്തിനെയും കുടുംബത്തെയും അറിയുന്ന ഞങ്ങൾക്കാർക്കും ഏതെങ്കിലും തരത്തിലുള്ള സംഘപരിവാർ പശ്ചാത്തലം വിനോദിൽ നിന്നോ കുടുംബത്തിൽ നിന്നോ നാളിതുവരെ തോന്നിയിട്ടില്ല.
ഇത്തരം ഒരു സാഹചര്യത്തിൽ നുണകൾ പ്രചരിപ്പിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ് നമ്മുടെ മതേതര കേരളത്തെ കൊണ്ടെത്തിക്കുന്നത്.മനസ്സിൽ അല്പം പോലും വർഗീയ വിദ്വേഷം ഇല്ലാത്ത ആളുകൾ പോലും ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾ കൊണ്ട് അറിയാതെ തങ്ങളുടെ മനസ്സിലേക്ക് വർഗീയ വിദ്വേഷം കടത്തി കൊണ്ടു വരുവാൻ സഹായിക്കുകയാണ് ചെയ്യുന്നത്. ഈ നുണ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവർ എല്ലാവരും ശ്രദ്ധിക്കുക. നമ്മുടെ നാട്ടിലെ മതേതര മനസ്സിന് കളങ്കമാകാതിരിക്കുക...
നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ മതേതര മനസ്സുള്ള അയൽവാസികളെ സഹജീവികളോട് സ്‌നേഹമുള്ള സുഹൃത്തുക്കളെ ഇത്തരം നുണകൾ പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കിയും പിന്നെ പേപ്പട്ടിയാക്കിയും കൊല്ലാൻ ശ്രമിക്കുമ്പോൾ ഒരു പ്രവാചകവചനം ഓർമ്മിപ്പിക്കട്ടെ...
'നിന്റെ മുന്നിൽ അനീതി കണ്ടാൽ നീ നിന്റെ കരങ്ങൾ ഉയർത്തിയും അതിന് കഴിയുന്നില്ലെങ്കിൽ നാവ് കൊണ്ടും അതിനും കഴിയുന്നില്ലെങ്കിൽ മനസ്സ് കൊണ്ട് വെറുക്കുക' ദയവ് ചെയ്ത് നിജസ്ഥിതി അറിയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതേ...
ഷാനി പള്ളിശ്ശേരിക്കൽ
മറുനാടന് മലയാളി ബ്യൂറോ