കണ്ണൂർ: ഫുട്‌ബോൾ മൈതാനങ്ങളിലും സിനിമയിലും കണ്ടിട്ടുള്ള ഐ എം വിജയൻ എന്ന പ്രതിഭയെ ഔദ്യോഗിക വേഷത്തിൽ കണ്ടതിന്റെ ആവേശത്തിലാണ് കണ്ണൂർ മയ്യിലിലെ വോട്ടർമാർ. സംഘർഷ സാധ്യതാ പ്രദേശമായ ഇവിടത്തെ പോളിങ് ബൂത്തിൽ പൊലീസ് വേഷത്തിൽ വിജയനെത്തിയത് സഹപ്രവർത്തകർക്കും ആശ്വാസമായി.

സംഘർഷ സാധ്യതയുള്ള സ്ഥലമാണ് കണ്ണൂരെങ്കിലും തന്റെ മനസിൽ അത്തരം ആശങ്കകളൊന്നുമില്ലെന്ന് വിജയൻ പറഞ്ഞു. തന്റെ സാന്നിധ്യം പൊലീസുകാർക്ക് സുരക്ഷാ പ്രശ്‌നമാവുമോയെന്ന് കരുതുന്നില്ലെന്നും വിജയൻ പറഞ്ഞു.

പൊലീസിലായതിനാൽ എവിടെയായാലും ഡ്യൂട്ടി ചെയ്യണം. കണ്ണൂരിൽ ജോലിചെയ്യുന്നതിൽ സന്തോഷമേയുള്ളു- വിജയൻ പറഞ്ഞു. കെഎപി അസിസ്റ്റന്റ് കമാൻഡന്റും കേരളത്തിന്റെ പഴയകാല ഫുട്‌ബോൾ താരവുമായ സുധീറും വിജയനൊപ്പമുണ്ട്.

കളിക്കളത്തിൽ പലതവണ കണ്ടിട്ടുള്ള സൂപ്പർ താരത്തെ പൊലീസ് യൂണിഫോമിൽ നേരിട്ടു കണ്ടപ്പോൾ സെൽഫി എടുക്കാനും വോട്ടർമാർ ചുറ്റുംകൂടി.

മയ്യിലിലെ എല്ലാ ബൂത്തുകളും ഇന്നലെ തന്നെ സന്ദർശിച്ചിരുന്നുവെന്നും ജനങ്ങളുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും വിജയൻ പറഞ്ഞു. ഫുട്‌ബോളിലെ സൂപ്പർതാരമാണെങ്കിലും വിജയനുള്ളതുകൊണ്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ സഹകരണമുണ്ടാകുമെന്ന് സുധീർ പറഞ്ഞു.

തിരുവനന്തപുരത്താണ് നടൻ സുരേഷ് ഗോപി വോട്ടു ചെയ്യാനെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്. ഭാര്യ രാധികയും സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ടായിരുന്നു.