തൃശൂർ: ഇന്ത്യയുടെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ എം വിജയന്റെ അമ്മ തൃശൂർ കോലത്തുംപാടം അയനിവളപ്പിൽ പരേതനായ മണിയുടെ ഭാര്യ കൊച്ചമ്മു (86) അന്തരിച്ചു. രാജ്യമറിയുന്ന ഫുട്‌ബോൾ താരമായി മകനെ വളർത്തിയെടുക്കാൻ ഏറെ വിയർപ്പൊഴുക്കിയ ഒരമ്മയാണ് ഓർമ്മയായത്.

മൂത്തമകൻ ബിജുവിന്റെ കുറ്റുമുക്കിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. സംസ്‌കാരം തൃശൂരിൽ നടന്നു. ലത, രാജി എന്നിവരാണ് മരുമക്കൾ.

വിജയന്റെ 12-ാം വയസിൽ അച്ഛൻ അപകടത്തിൽ മരിച്ചതിനുശേഷം വീട്ടുജോലികൾ ചെയ്താണ് കൊച്ചമ്മു വിജയനെയും ബിജുവിനെയും വളർത്തിയത്. അച്ഛന്റെ മരണത്തെത്തുടർന്ന് കുട്ടിയായിരുന്ന വിജയനെ ഫുട്‌ബോൾ മൈതാനങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോയിരുന്നതു കൊച്ചമ്മുവായിരുന്നു. പ്രായമായിട്ടും ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ കൊച്ചമ്മു തൃശ്ശൂർ കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു.

പഠിക്കാൻ മോശമായിരുന്ന മകൻ പാടത്ത് കാൽപ്പന്തുകളിയിൽ കാട്ടിയിരുന്ന വൈഭവം ആദ്യം തിരിച്ചറിഞ്ഞത് ഈ അമ്മയാണ്. മകന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു പോകാൻ ഈ അമ്മ അനുവദിച്ചതിനാൽ മാത്രമാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്‌ബോളർ ജനിച്ചത്.

പടിപടിയായി ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ നായകസ്ഥാനത്തേക്കുവരെ വിജയൻ ഉയർന്നതു കാണാൻ കൊച്ചമ്മുവിനു കഴിഞ്ഞു. മകന്റെ മത്സരങ്ങൾ കാണാനും പ്രോത്സാഹിപ്പിക്കാനും ഈ അമ്മ സ്റ്റേഡിയത്തിൽ പോകുകയും ചെയ്യുമായിരുന്നു. അച്ഛൻ മണിയുടെ പേരിട്ടിരിക്കുന്ന 'മണിശബ്ദം' എന്ന വീട്ടിൽ വിജയനു താങ്ങും തണലുമായി എന്നും ഈ അമ്മയുണ്ടായിരുന്നു.

മകൻ സിനിമാതാരമായപ്പോഴും അതിലേറെ മകനിലെ ഫുട്‌ബോൾ താരത്തെ ഇഷ്ടപ്പെട്ടിരുന്നു ഈ അമ്മ. ഇല്ലായ്മയുടെ പഴയ കാലത്തു നിന്ന് ജീവിക്കാൻ കഴിയുന്ന കാലത്തേക്ക് ജീവിതം മാറ്റിമറിച്ചത് ഫുട്‌ബോൾ ആണെന്ന തിരിച്ചറിവ് കൊച്ചമ്മുവിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഫുട്‌ബോൾ ഈ അമ്മയ്ക്കും ജീവവായു തന്നെയായിരുന്നു. സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന ജനതയ്‌ക്കൊപ്പം ഒരാളായി മകനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാൻ കൊച്ചമ്മുവും എത്തിയിരുന്നു. കേരളത്തിനു പുറത്തും മകന്റെ കളി കാണാൻ നിരവധി തവണയാണ് കൊച്ചമ്മു പോയിട്ടുള്ളത്.

കഷ്ടപ്പെടുന്നവർക്കു മകൻ സഹായങ്ങൾ നൽകുമ്പോൾ ഈ അമ്മയുടെ പ്രോത്സാഹനവും അതിനു പിന്നിലുണ്ടായിരുന്നു. ഒരു പന്ത്രണ്ടുകാരനെ ഏവരും അറിയുന്ന ഒരു ഫുട്‌ബോൾ താരമായി വളർത്തിയെടുക്കാൻ ഒഴുക്കിയ വിയർപ്പിന്റെ വില അറിയാം എന്നതിനാൽ തന്നെയാണ് മറ്റുള്ളവരെ സഹായിക്കാനുള്ള മകന്റെ മനസിനെ കൊച്ചമ്മു അംഗീകരിച്ചതും.

മകൻ രാജ്യം മുഴുവൻ അറിയപ്പെടുന്ന കളിക്കാരനായതിന്റെ ത്രില്ല് കൊച്ചമ്മുവിന് എന്നുമുണ്ടായിരുന്നു. കളികാണാൻ ടിക്കറ്റെടുക്കാൻ കാശില്ലാതെ സോഡ വിറ്റ് നടന്ന വിജയൻ എന്ന പയ്യന്റെ കാലുകൾക്ക് പിന്നീട് ലക്ഷങ്ങളുടെ വിലയുണ്ടായത് ഈ അമ്മയുടെ മനസിന്റെ നന്മയിൽ നിന്നു കൂടിയാണ്. ശരിക്കുമൊരു കമ്യൂണിസ്റ്റു കൂടിയാണ് കൊച്ചമ്മു. അരിവാളും നെൽക്കതിരും ചെങ്കൊടിയുമൊക്കെ കൊച്ചമ്മുവിന്റെയുള്ളിൽ ധീരമായ ചെറുത്തുനില്പിന്റേയും അധ്വാനത്തിന്റേയും രണസ്മരണകളുമുണ്ട്.