തിരുവനന്തപുരം: ഞാനൊരു തെറ്റ് ചെയ്തുപോയി.. ഈ രോഗം എനിക്കുവരില്ലെന്നായിരുന്നു ഞാൻ കരുതിയത്.. കോവിഡ് മഹാമാരി ആദ്യമായി പടർന്നുപിടിച്ച സമയത്ത് നടനും മിമിക്രി കലാകാരനുമായിരുന്ന അരിമ്പൂർ കൈപ്പിള്ളി സ്വദേശി തെരാജ് കുമാർ ഒരുക്കിയ ബോധവൽക്കരണ ഹ്രസ്വചിത്രത്തിലെ വാചകമാണിത്. പക്ഷെ നിർഭാഗ്യകരമായി ഒരു വർഷത്തിന് ഇപ്പുറം അതേ മഹാമാരി ആ കലാകാരനെയും കവർന്നു.കോവിഡാനന്തരം ന്യുമോണിയ ബാധിച്ചാണ് തെരാജ് കുമാർ മരണപ്പെട്ടത്.

രചനയും സംഭാഷണവും പശ്ചാത്തലസംഗീതവും നിർമ്മാണവും സംവിധാനവുമെല്ലാം തെരാജ് കുമാർ തന്നെയായിരുന്നു.മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് ഭാര്യ ധന്യ. കോവിഡ് ബാധിച്ച് കിടക്കയിൽ കിടക്കുന്ന രോഗിയുടെ അന്ത്യ നിമിഷങ്ങൾ തെരാജ് കുമാർ മികവുറ്റതാക്കി. ആ ജാഗ്രതാസന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. അപ്പോഴൊന്നും ഇതേ വിധിയാണ് തന്നെയും കാത്തിരിക്കുന്നതെന്ന് ആ കലകാരൻ അറിഞ്ഞില്ല.

തെരാജിന് കോവിഡ് ദേദമായി ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പനിയും ശ്വാസതടസ്സവും മൂലം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂമോണിയ ബാധിച്ചു.വൃക്കകളും തകരാറിലായി. നാലു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെ കാഞ്ഞാണിയിലെ ക്രിമറ്റോറിയത്തിൽ സംസ്‌കാരം നടത്തി.

ആദ്യത്തെ ലോക്ഡൗൺ കാലത്തായിരുന്നു ഹ്രസ്വചിത്രം എടുത്തത്. ഡ്രൈവർ ജോലി നഷ്ടപ്പെട്ടു വീട്ടിലിരിക്കുന്ന സമയം കോവിഡ് ബോധവൽക്കരണത്തിനായി കല ഉപയോഗിക്കുകയായിരുന്നു. സ്വന്തം വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ടായിരുന്നു കുമ്പസാരം എന്ന ലഘുചിത്രം എടുത്തത്.

മികച്ച നാടക നടനും നല്ല ചിത്രകാരനും മിമിക്രി കലാകാരനും ഓടക്കുഴൽ വാദകനും മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്നു. വർഷങ്ങളായി കലക്ടറേറ്റിലെ സാക്ഷരതാ തുടർ വിദ്യാഭ്യാസ സെക്ഷനിൽതാൽക്കാലിക ഡ്രൈവറായിരുന്നു. തൃശൂർ ഉർവശി തിയറ്റേഴ്‌സ്, കലാകേന്ദ്രം എന്നിവയുടേത് അടക്കം പ്രഫഷനൽ നാടകങ്ങളിലും അമച്വർ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.