ബെംഗളൂരു: ശമ്പളം വൈകിയതിനെ തുടർന്ന് ഐ ഫോൺ ഫാക്ടറി തൊഴിലാളികൾ അടിച്ച് തകർത്ത സംഭവത്തിൽ ന്യായം തൊഴിലാളികളുടെ ഭാ​ഗത്തെന്ന് കമ്പനി. ചില തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകിയില്ലെന്നും അതിൽ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചതിന് പിന്നാലെ വിസ്ട്രൺ കോർപ്പറേഷൻ വൈസ് പ്രസിഡന്റിനെ പുറത്താക്കി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കമ്പനി ഇന്ത്യയിലെ വൈസ് പ്രസിഡന്റ് വിൻസെന്റ് ലീയെ പുറത്താക്കിയത്.

'സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ചില തൊഴിലാളികൾക്ക് കൃത്യമായ ശമ്പളം സമയത്ത് ലഭിച്ചില്ലെന്ന് സംഭവത്തിന് ശേഷം മനസ്സിലായി. തൊഴിലാളികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു. എല്ലാ തൊഴിലാളികളോടും മാപ്പ് ചോദിക്കുന്നു'-കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ശമ്പള പ്രശ്‌നം പരിഹരിക്കാൻ പുതിയ സംവിധാനമേർപ്പെടുത്തുമെന്നും കമ്പനി അധികൃതർ ഉറപ്പ് നൽകി.

കന്നട, തെലുഗ്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് കമ്പനി പ്രസ്താവനയിറക്കിയത്. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്ന് കർണാടക സർക്കാർ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. കഴിഞ്ഞയാഴ്ചയാണ് ശമ്പളക്കുടിശ്ശിക നൽകിയില്ലെന്നാരോപിച്ച് തൊഴിലാളികൾ കമ്പനിക്ക് നേരെ തിരിഞ്ഞത്. രാവിലെ 6.30 ന് 8000ത്തോളം വരുന്ന കമ്പനി ജീവനക്കാർ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം. ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവർ നശിപ്പിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങൾ ജീവനക്കാർ അഗ്‌നിക്കിരയാക്കിയതായാണ് റിപ്പോർട്ട്. ക്യാമറകൾ, രണ്ട് കാറുകൾ, ഗ്ലാസുകൾ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വർധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ധർണ നിർമ്മാണ യൂണിറ്റിൽ നടന്നിരുന്നു. ചില ജീവനക്കാരെ 12 മണിക്കൂർ ജോലി ചെയ്യാൻ കമ്പനി പ്രേരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാൽ, ഈ ജീവനക്കാർക്ക് ദിവസേന 200-300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 12 മണിക്കൂർ ജോലി ചെയ്തിട്ടും 7-8 മണിക്കൂർ ജോലി ചെയ്തതായാണ് രേഖപ്പെടുത്തുന്നത്. ഉചിതമായ ശമ്പളവും ലഭിക്കുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.

സംസ്ഥാന സർക്കാർ നൽകിയ 43 ഏക്കറിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ പതിനായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. തായ്വാൻ കമ്പനിയായ വിസ്‌ട്രോൺ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോലാറിലെ ഫാക്ടറിയിലാണ് ദക്ഷിണേന്ത്യയിലേക്കുള്ള ആപ്പിൾ ഐഫോണിന്റെ ചില മോഡലുകളും ഉപകരണങ്ങളും നിർമ്മിക്കുന്നത്.