കോഴിക്കോട്: ഓൺലൈൻ വഴി വിലപിടിപ്പുള്ള സാധനങ്ങൾ വിൽക്കുന്നവരെ വിളിച്ചു വരുത്തി സാധനങ്ങൾ മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ. എറണാകുളം പറവൂർ പറമ്പത്തേരി സ്വദേശി താനവനാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണക്കേസിൽ പ്രതിയായ ഇയാൾ ആൾമാറാട്ടം നടത്തിയായിരുന്നു മോഷണം നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ചമഞ്ഞായിരുന്നു വിലപിടിപ്പുള്ള ആപ്പിൾ ഫോണുകൾ ഇയാൾ മോഷ്ടിച്ചത്. ഓൺലൈൻ വഴി വിൽപ്പനക്ക് വച്ച 1,20,000 വില വരുന്ന രണ്ട് ആപ്പിൾ ഐഫോണുകൾ ഇയാൾ ഉടമയിൽനിന്നും വാങ്ങാനെന്ന് ധരിപ്പിച്ച് കൈക്കലാക്കി മുങ്ങുകയായിരുന്നു.

കോഴിക്കോട്, വയനാട് ജില്ലകളിലും സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലുമായി ഇയാൾക്കെതിരെ മോഷണം, തട്ടിപ്പു കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷഹദലിയുടെ പരാതിയിലാണ് മെഡിക്കൽ കോളേജ് എസ്.ഐ വിമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം താനവനെ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വിൽപ്പനയ്ക്കായി ഷഹദലി നൽകിയ ഓൺലൈൻ പരസ്യം കണ്ട് മൊബൈൽ വാങ്ങാൻ ഡോക്ടറെന്ന വ്യാജേനയായിരുന്നു മോഷണം. കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം എട്ടിനായിരുന്നു.

പരസ്യം കണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറാണെന്ന് ധരിപ്പിച്ച് താനവൻ ഈ ദിവസം ഷഹദലിയെ വിളിച്ചു വരുത്തുകയായിരുന്നു. മൊബൈൽ ഫോണുമായി മെഡിക്കൽ കോളേജിലെത്തിയ ഷഹദലിയുടെ കൈയിൽ നിന്നു മൊബൈൽ വാങ്ങി പരിശോധിക്കാനെന്ന മട്ടിൽ തിരിച്ചും മറിച്ചും നോക്കിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. പിന്നീട് ആൾക്കൂട്ടത്തിലേക്ക് മറഞ്ഞ താനവനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അന്നു തന്നെ ഷഹദലി നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മെഡിക്കൽ കോളേജിലെ സിസി ടിവി ക്യാമറയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് എസ്.ഐ വിമലും സംഘവും നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

ഓൺലൈൻ പരസ്യം സ്ഥിരമായി നോക്കുകയും ശേഷം വിലപിടിപ്പുള്ള വസ്തുക്കളുടെ വിൽപ്പനക്കാരെ വിളിച്ചുവരുത്തുകയും പിന്നീട് സാധനങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയുമാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള ആറു മൊബൈൽ ഫോണുകൾ തട്ടിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്.

നിലവിൽ ചേർത്തല പൊലീസ് സ്റ്റേഷനിൽ സമാനമായ തട്ടിപ്പുകേസുണ്ട്. തഹസിൽദാർ ചമഞ്ഞായിരുന്നു ഇവിടത്തെ തട്ടിപ്പ്. കഴിഞ്ഞ അഞ്ചിന് ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ സെല്ലുലാർ വേൾഡ് മൊബൈൽ കടയിൽ നിന്നും 1.20ലക്ഷം രൂപയുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ട്. ചേർത്തല താലൂക്ക് ഓഫീസിലെ തഹസിൽദാറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം തെരഞ്ഞെടുത്ത മൊബൈൽ ഓഫീസിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് മൊബൈൽ കടയിലെ ജീവനക്കാരൻ മൊബൈലുകളുമായി തഹസിൽദാർ ഓഫീസിനു മുന്നിൽ നിന്ന ഇയാൾക്ക് കൈമാറി. തുടർന്ന് ജീവനക്കാരൻ പുറത്തു കാത്തുനിന്നെങ്കിലും പിറകിലെ വാതിലിലൂടെ ഇയാൾ മുങ്ങുകയായിരുന്നു. ഈ സംഭവത്തിനു ശേഷമാണ് കോഴിക്കോട്ടേക്ക് കടന്നത്.

ചേർത്തലയിലെ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് അപേക്ഷ സമർപ്പിക്കും. സമാനമായി ആലുവ, എറണാകുളം പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. അറസ്റ്റിലായ പ്രതിയുടെ പേരിൽ മാനന്തവാടി പൊലീസ് സ്‌റ്റേഷനിൽ ഇരുപതു ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിന് കേസുണ്ട്. ഇതിനു പുറമെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി പതിനാറോളം കേസുകളുള്ളതായി പൊലീസ് അറിയിച്ചു. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.