തിരുവനന്തപുരം: ഹാദിയ കേസിന്റെയാക്കെ പശ്ചാത്തലത്തിൽ ഇസ്ലാമിൽ സ്ത്രീക്കുള്ള സ്ഥാനവും, ഇസ്ലാമിക ഭരണകൂടങ്ങൾ എങ്ങനെയാണ് വനിതകളെ വിലയിരുത്തുന്നതെന്നുമൊക്കെ കേരളത്തിലും സജീവ ചർച്ചയായ കാലമാണെല്ലോ ഇത്. എന്നാൽ പുരുഷന്റെ പാതി മാത്രമായി കാണുന്ന പരമ്പരാഗത അവസ്ഥയിലും മോശമാണ് ഇസ്ലാമിക ഭരണകൂടങ്ങളിലെന്ന് അടിവരയിട്ട് പറയുകയാണ് അൾജീരിയൻ ചിത്രമായ 'ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്'.പുകവലിക്കുന്നത് പോയിട്ട്, , സഞ്ചാര സ്വാതന്ത്ര്യവും ലൈംഗിക സ്വയം നിർണ്ണയാവകാശവും പോയിട്ട് , നിർഭയമായി സംസാരിക്കാനുള്ള അവസരംപോലും മതജീവിതം വനിതകൾക്ക് നിഷേധിക്കപ്പെടുകയാണെന്ന് വ്യക്തമാക്കുന്ന ചിത്രം നിറഞ്ഞ കൈയടികളോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിച്ചത്.ചിത്രം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പുവരെ നീണ്ട ക്യൂവായിരുന്നു മൂന്നു പ്രദർശനത്തിനും ഉണ്ടായിരുന്നത്.

ഫ്രഞ്ച് - അൾജീരിയ സംവിധായിക റെയ്ഹാന ഒബമയോവിന്റെ ആശയങ്ങളെ നേരിടുന്നതിന് പകരം നിരോധിക്കയാണ് അൾജീരിയൻ ഭരണകൂടം ചെയ്തത്. 'നിങ്ങൾദൈവഭയമുള്ളവരല്ല, നിങ്ങൾക്ക് ദൈവഭയമല്ല ഉള്ളത് ,നിങ്ങൾ ദൈവമാകാൻ ശ്രമിക്കുകയാണ്, നിങ്ങളുടെ മുഖാവരണത്തിന്റെ മറപിടിച്ച്, താടിയുടെ മറപിടിച്ച്. നിങ്ങളാണ് കൽപ്പിക്കുന്നതും നടപ്പാക്കുന്നതും. ഞാൻ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ യുദ്ധം ചെയ്യും,കാരണം നിങ്ങളുടെ ഇസ്ലാമല്ല, ഞങ്ങളുടെ ഇസ്ലാം.'' ഐ സ്റ്റിൽ ഹൈഡ ടു സ്‌മോക്ക്' എന്ന സിനിമയിലെ നാദിയ എന്ന കഥാപത്രം വാക്കുകളിലൂടെ നമ്മെ പൊള്ളിക്കുമ്പോൾ, അൾജീരിയയിലെ 1995ലെ ഇസ്ലാമിക ഭരണകൂടത്തിന്റെ കീഴിലെ സ്തീകളുടെ അവസ്ഥയും തുറന്നുപറയുന്നു.

ഇതോടൊപ്പം സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ചിത്രം ഉദ്‌ഘോഷിക്കുന്നു. നാദിയയുടെ മറുഭാഗത്ത്‌നിന്ന് സഹ്ല 'ഞങ്ങൾക്ക് ദൈവത്തിനെ മാത്രമേ ഭയമുള്ളൂ. ഈ മുഖാവരണം ഞങ്ങൾക്ക് പ്രലോഭനങ്ങളിൽ നിന്ന് സംരംക്ഷണം തരുന്നു. ഈ താടിവെച്ചവരാണ് ഞങ്ങളുടെ സംരക്ഷകർ'എന്ന്പറഞ്ഞതായിരുന്നു നാദിയയെ ചൊടിപ്പിച്ചത്. ഇത്തരം സംവാദങ്ങൾക്കുള്ള സ്ഥലം ഒരു ഇസ്ലാമി ക റിപ്പബ്‌ളിക്കിൽ എവിടെയാണ്എന്നുള്ളതിടത്താണ് ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. അതിന് ഉത്തരം കുളിപ്പുര എന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം പ്രവേശമുള്ള ഇവിടെത്രമാണ് സ്ത്രീകൾക്ക് പർദയുമറ്റും ഒഴിവാക്കാൻ കഴിയുക. രഹസ്യങ്ങളും കൊച്ചുവർത്തമാനങ്ങളും പങ്കുവെക്കാനും ഉള്ള ഇടംകൂടിയാണവിടം. അത്തരം ഒരു കൂട്ടം സ്ത്രീകളുടെ കുളിക്കുശലങ്ങളാണ് റെയ്ഹാന ഒബമയോ തന്റെ സിനിമക്ക് വിഷയമാക്കുന്നത്.

അൾജിയേഴ്‌സിലെ ടർക്കിഷ് സ്റ്റീം ബാത്ത് കേന്ദ്രത്തിന്റെ മസ്സാജറായ ഫാത്തിമയാണ് കേന്ദ്രകഥാപാത്രം. പൂർണ ഗർഭാവസഥയിൽ അവശയായി അവിടെയെ മറിയം എത്തുന്നതോടെയാണ് കഥ തിരിയുന്നത്.പിന്നാലെ കൊലവിളിയും കത്തിയുമായി സഹോദരനും, കൂട്ടായി മതപുരോഹിതരും ഇവരുടെ സഥാപനത്തിന് പുറത്ത് തടിച്ചുകൂടുന്നു. അത് നാടകീയമായ അന്ത്യത്തിൽ അവസാനിക്കുന്നു. സിനിമ തുടങ്ങുമ്പോൾ അലക്കിയ ഒരു കെട്ട് തുണികളുമായി നായിക ഫാത്തിമ ടെറസിലിരുന്ന് പറയുകയാണ്.'എനിക്ക് പുറംലോകം മറയില്ലാതെ കാണാനുള്ള മാർഗം ഇതാണ്. അതിനായി ചെറുപ്പം മുതലേ കുറച്ചുവസ്ത്രം അലക്കി അത് തോരിയിടാനെന്ന വ്യാജേന ഇവിടെ എത്തും. ഇവിടെ എനിക്ക് സ്വാതന്ത്ര്യത്തിന്റെ വായു മറയില്ലാതെ ശ്വസിക്കാം.'

ചിത്രം അവസാനിക്കുന്നതും ടെറസിൽ നിന്നുള്ള ദൃശ്യത്തിൽ നിന്നു തന്നെ. ടെറസിൽനിന്ന് ഉയർന്ന് പൊങ്ങുന്ന കറുത്ത ഹിജാബ് ആകാശത്തിലൂടെ പറന്നു നടക്കുമ്പോൾ, ഓരോ വീടിന്റെ ടെറസ്സിൽനിന്നും കറുത്ത ഹിജാബുകൾ ഒപ്പം ഉയർന്നുപൊങ്ങുന്നു. അതെ. സംവിധായിക ഇങ്ങനെയാണ് സ്ത്രീ സ്വാതന്ത്ര്യം ഉദഘോഷിക്കുന്നത്. മുഖാവരണമില്ലാതെ പൊതുനിരത്തിലിറങ്ങാൻ വിലക്കുന്ന സമൂഹത്തെ, ഏതു സമയവും ഭർത്താവിനാൽ ബലാൽസംഗം ചെയ്യപ്പടുന്ന സാഹചര്യത്തെ, ഏതുസമയത്തും ആസിഡ്വീണ് പൊള്ളിപ്പോയേക്കാവുന്ന സുന്ദര സ്തീ ശരീരമുള്ളവരെ, പിഴപ്പിച്ചവരെ സംരക്ഷിച്ച് അവിഹിത ഗർഭത്തിനിരയായവർക്ക് നേരെ കത്തിയുമായി ആക്രോശിച്ചത്തെുന്ന സഹോദരന്മാരെ, തിരിച്ചറിവില്ലാത്ത കാലത്ത് കുത്തിത്തറച്ച ലിംഗത്തിന്റെ തള്ളലിൽ ചോരയൊലിപ്പിച്ച് കരഞ്ഞത് വകവെക്കാതെ ചോരചീന്തലിൽ വീണ്ടും അതേ അനുഭവം ഉണ്ടായത്.... അങ്ങനെ പുരഷാധിപത്യ സമൂഹത്തിലെ ഞെട്ടിപ്പിക്കുന്ന പീഡനങ്ങളുടെ കഥയാണ് ഇതിലെ കഥാപാത്രങ്ങൾ പങ്കുവെക്കുന്നത്.

വെറുമൊരു ഇസ്ലാമിക വിരുദ്ധ മനസ്സിൽ നിന്നുള്ള സിനിമ എന്ന് തള്ളിക്കളയാൻ കഴിന്നതല്ല ചിത്രമുയർത്തുന്ന ചോദ്യങ്ങൾ.അൾജീരിയ എന്ന രാജ്യത്തിന്റെ സാമൂഹിക രാഷ്ടീയ സാഹചര്യമറിയാവുന്നവന്ന സംവിധായികയുടെ ഫ്രഞ്ച് സ്വാധീന കാഴപ്പാടുകളിലാണ് ചിലർ വിമർശനമുതിർക്കുന്നത്. പക്ഷേ ഇസ്ലാമിക റിപ്പബ്‌ളിക്കകളുടെ പെൺ അനുഭവങ്ങളെകുറിച്ച് പുറത്തുവരുന്ന വാർത്തകൾ നോക്കുമ്പോൾ നൂറുശതമാനം സത്യസദ്ധത ഈ ചിത്രത്തിനുണ്ടെന്ന് നിഷ്പക്ഷർ പറയുന്നു. അതിനെല്ലാമുപരി മാനവികയുടെ വിശാലമായ ആകാശത്തിലാണ് ചിത്രം നിൽക്കുന്നത്. തടയപ്പെടുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പരസ്പരം കുശലം പങ്കുവെക്കാൻ ഒരിടം തേടിപ്പോകുന്ന പെൺമനസ്സുകൾക്ക് ഒപ്പം നിൽക്കുന്ന സിനിമയെ നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷകർ സ്വീകരിച്ചത്്.