മുംബൈ: കള്ളപ്പണവും കള്ളനോട്ടും ഇല്ലായ്മ ചെയ്യാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത നോട്ട് അസാധുവാക്കൽ തീരുമാനം പ്രഖ്യാപിച്ചത്. സാധാരണക്കാരുടെ വിഷയമങ്ങൾ രണ്ട് ദിവസം കൊണ്ട് തീരുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷ. പ്രശ്‌നങ്ങളുടെ ആഴം കുറയ്ക്കാൻ വേണ്ടിയാണ് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകൾ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടിയതും. 500, 1000 രൂപ നോട്ടുകൾ മൂന്നു ദിവസം കൂടി ഉപയോഗിക്കാം. നേരത്തേ ഇളവു നൽകിയ അവശ്യസേവനങ്ങൾക്കു മാത്രമാണ് ഇതു ബാധകം. റയിൽവേയും കെഎസ്ആർടിസിയും പെട്രോൾ പമ്പുകളും പാൽ ബൂത്തുകളും ഈ നോട്ടുകൾ സ്വീകരിക്കും. സർക്കാർ ആശുപത്രികൾ, സർക്കാർ ഫാർമസികൾ, വിമാനത്താവളങ്ങൾ, ശ്മശാനങ്ങൾ എന്നിവിടങ്ങളിലും ഇവ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. അങ്ങനെ സാധാരണക്കാർക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുന്ന സർക്കാർ വമ്പൻ ടീമുകൾക്ക് പിറകെയാണ്.

റിയൽ എസ്റ്റേറ്റിലും സിനിമയിലുമാണ് കള്ളപ്പണത്തിന്റെ സ്വാധീനം കൂടതൽ. ശതകോടികൾ ഉപയോഗിച്ച് പോലും സിനിമകൾ നിർമ്മിക്കുന്നു. ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ തന്നെയാണെന്ന് ഏവർക്കും അറിയാം. ബ്രഹ്മാണ്ട സിനിമകൾ പലതും കോടികളുടെ കണക്കുകൾ പറഞ്ഞാണ് പ്രേക്ഷകരെ തീയേറ്ററിൽ എത്തിക്കുന്നത്. അത്തരത്തിൽ ആഗോളതലത്തിൽ ചർച്ചയായ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ നിർമ്മാതാക്കളുടെ ഹൈദരാബാദിലെ വീടുകളിലും ഓഫിസുകളിലും അധികൃതർ റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. മലയാളത്തിലെ പണം വാരി സിനിമയായ പുലിമുരുകന്റെ ടീമിനെതിരേയും ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി കഴിഞ്ഞു. ഈ ചിത്രങ്ങളുടെ യഥാർത്ഥ ചെലവ് എത്രയെന്ന് കണ്ടെത്താനാണ് നീക്കം. പുലി മുരുകനിൽ 25 കോടിയാണ് നിർമ്മാണത്തിനായി ചെലവഴിച്ചതെന്നാണ് നിർമ്മാതാവിന്റെ അവകാശ വാദം. ഇത് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.

500, 1000 രൂപാ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ കള്ളപ്പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ മേഖലയെ നോട്ടമിടുന്നത്. പ്രമുഖ ഇന്ത്യൻ ഭാഷകളിൽ പുറത്തിറക്കിയ ബാഹുബലി ബോക്‌സ് ഓഫീസിൽനിന്ന് 650 കോടിയിലേറെ രൂപ വാരിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസിനൊരുങ്ങുകയാണ്. രണ്ടാം ഭാഗത്തിന്റെ വിതരണാവകാശം വൻതുകയ്ക്കാണ് വിറ്റുപോയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തെലുങ്ക് നടൻ പ്രഭാസ് നായകനായെത്തിയ ബാഹുബലി, എസ്.എസ്.രാജമൗലിയാണ് സംവിധാനം ചെയ്തത്. റാണാ ദഗ്ഗുപതി, സത്യരാജ്, അനുഷ്‌ക ഷെട്ടി, തമന്ന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ നിർമ്മാതാക്കളായ ശോഭു യാർലഗഡ, പ്രസാദ് ദേവിനേനി എന്നിവരുടെ വസതികളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്.

പിൻവലിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകൾ ഇവരുടെ വസതികളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്‌ഡെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ 60 കോടിയിലേറെ രൂപ ഇവർ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. റെയ്ഡിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേ മാതൃകയിലെ പരിശോധന പുലിമുരുകൻ ടീമിനെതിരേയും ഉണ്ടാകുമെന്നാണ് സൂചന. ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരണത്തിലാണ്. ഇതിനായി കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് റെയ്ഡുകൾ. അതിനിടെ നോട്ടുകൾ അസാധുവാക്കിയത് പല സിനിമകളുടേയും ചിത്രീകരണത്തെ ബാധിച്ചിട്ടുണ്ട്. ഹിന്ദി സിനിമാ ലോകത്തും പ്രതിസന്ധി രൂക്ഷമാണ്. മുംബൈ അധോലോകത്തിന്റെ സഹായത്തോടെ ചിത്രീകരണം പുരോഗിക്കുന്ന സിനിമകളുടെ നിർമ്മാണത്തിലാണ് കൂടുതൽ പ്രശ്‌നങ്ങൾ.

കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും വ്യാപനം തടയുന്നതിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ആദായനികുതി വകുപ്പ് അധികൃതർ റെയ്ഡ് നടത്തിയിരുന്നു. ഇത്തരം റെയ്ഡുകൾ ആദായ നികുതി വകുപ്പ് തുടരും. ഇതിനായി വമ്പന്മാരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. മുൻ കേന്ദ്ര മന്ത്രിമാർ വരെ ഈ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. ഉയർന്നമൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയതിനെ പിന്നാലെ വ്യാഴാഴ്ച ഡൽഹി, മുംബൈ തുടങ്ങിയ വൻനഗരങ്ങളിൽ വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ മറ്റുപല നഗരങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പലയിടത്തുനിന്നും അനധികൃതമായി സൂക്ഷിച്ച പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് വരും ദിനങ്ങളിലും തുടരും.

സ്വർണക്കച്ചവടക്കാർ, നാണയവിനിമയക്കാർ, പണമിടപാട് സ്ഥാപനങ്ങൾ ഇവ മുഖേന കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. ഡൽഹി, മുംബൈ, ലുധിയാന, ചണ്ഡീഗഡ് നഗരങ്ങളിലാണ് പ്രധാനമായും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നത്. ഡൽഹിയിൽ കരോൾ ബാഗ്, ദാരിബ കലാൻ, ചാന്ദിനി ചൗക്ക് എന്നിവിടങ്ങളിലും മുംബൈയിൽ മൂന്ന് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നു. സ്വർണ്ണക്കച്ചവടക്കാർ, നാണയ വിനിമയക്കാർ, പണമിടപാട് സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്.

നോട്ട് നിരോധനം നിലവിൽ വന്നതോടെ കള്ളപ്പണം വെളുപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങൾ സഹായിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിരോധിച്ച നോട്ടുകൾ ഇവർ 'ഡിസ്‌കൗണ്ട്' റേറ്റിൽ മാറ്റി നൽകുന്നുവെന്നാണ് ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചത്. ഈ മാതൃകയിലെ റെയ്ഡ് തുടരാനാണ് തീരുമാനം.