തിരുവനന്തപുരം: തീയറ്ററുകളിൽ ആവേശം നിറച്ച് സംവിധായകൻ ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഐ തീയറ്ററുകളിലെത്തി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ആയിരക്കണക്കിന് തീയറ്ററുകളിൽ റിലീസ് ആ ചിത്രത്തെ ആവേശപൂർവ്വമാണ് ആരാധകർ വരവേറ്റത്. സിനിമയെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്.

പുലർച്ചെ അഞ്ച് മണി മുതൽ ചിത്രത്തിന്റെ ഷോ കേരളത്തിൽ ആരംഭിച്ചിരുന്നു. മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഷങ്കർ ചിത്രം പുറത്തുവന്നത്. ബിഗ് ബജറ്റ് ചിത്രമായ ഐ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതേസമയം ശങ്കർ ചിത്രം എന്നതിൽ അപ്പുറത്ത് എല്ലാ അർത്ഥത്തിലും ഒരു വിക്രം സിനിമയാണെന്നാണ് കണ്ടിറങ്ങിയവരുടെ പക്ഷം.

ചിത്രത്തിൽ ബോഡി ബിൽഡർ ആയ ലിങ്കേശനായും മോഡൽ ലീ ആയും, കൂനൻ ആയും അതിഗംഭീര പ്രകടനമാണ് വിക്രം കാഴ്‌ച്ചവെക്കുന്നത്. വിക്രം എന്ന നടന്റെ കഴിവ് ഇന്ത്യയിൽ ഒതുങ്ങുന്നില്ലെന്നാണ് ചിലരുടെ പക്ഷം. എന്നാൽ ശങ്കർ ചിത്രമാകുമ്പോൾ പ്രതീക്ഷകൾ ഏറെ ഉയർന്നതായിരിക്കും എന്നതു കൊണ്ട് തന്നെ അത്രയ്ക്കങ്ങ് പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ലെന്നും അവർ പറഞ്ഞു. ചിത്രങ്ങളിലെ ഗാനങ്ങളിൽ എല്ലാ അർത്ഥത്തിലും ശങ്കർ ടച്ചുണ്ട്.

പ്രണയവും പ്രതികാരവും ആക്ഷനും ഒത്തുചേർന്ന പതിവ് തമിഴ് സിനിമകളുടെ പാറ്റേൺ തന്നെയാണ് 'ഐ'യും പിന്തുടർന്നിരിക്കുന്നത്. എന്തായാലും ചിത്രത്തിലെ തകർപ്പൻ വേഷത്തിൽ എത്തുന്നത് സുരേഷ് ഗോപിയാണ്. ചിത്രത്തിന്റെ പോസ്റ്ററിലോ ടീസറിലോ സുരേഷ് ഗോപി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം സിനിമയിൽ ഉണ്ടോ എന്ന സംശയം പോലും പലരും ഉന്നയിച്ചിരുന്നു. എന്നാൽ വിക്രമിനോട് കിടപിടിക്കുന്ന വില്ലൻ വേഷമാണ് താരത്തിന്. സുരേഷ് ഗോപിയും മികച്ചു നിന്നുവെന്ന അഭിപ്രായമാണ് സിനിമ കണ്ടിറങ്ങിയവർ ഉയർത്തിയത്.