മുംബൈ: തന്റെ ജീവൻ രക്ഷിക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് അർണബ് ​ഗോസ്വാമി. തന്റെ ജീവൻ അപകടത്തിനാണെന്ന് ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് തന്റെ തന്നെ റിപ്പോർട്ടറോട് പ്രതികരിച്ചു. തലോജ ജയിലിലേക്ക്​ കൊണ്ടുപോകവേ പൊലീസ്​ വാനിൽ ഇരുന്നായിരുന്നു അർണബിന്റെ രോദനം.

''ഞാൻ അവരോട്​അഭിഭാഷകനോട്​ സംസാരിക്കാൻ സമയം ചോദിച്ചു. പക്ഷേ അനുവദിച്ചില്ല. എന്റെ ജീവൻ അപകടത്തിലാണെന്ന്​ഈ രാജ്യത്തെ ജനങ്ങളോട്​പറയുന്നു. ഞാൻ പുറത്തുവരുന്നത്​അവർക്കാവശ്യമില്ല. അവർ കാര്യങ്ങൾ വൈകിക്കുകയാണ്​. നിങ്ങൾക്ക്​ എന്റെ സാഹചര്യം കാണാം. അവർ രാവിലെ എന്നെ വലിച്ചിഴച്ചു. ഇന്നലെ രാത്രി ജയിലിലടക്കാൻ നോക്കി. എനിക്ക്​ ജാമ്യം ലഭിക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന്​ ഞാൻ അപേക്ഷിക്കുന്നു'' -അർണബ്​ ഗോസ്വാമി റിപ്ലബ്ലിക്​ ടി.വി റിപ്പോർട്ടറോട്​പൊലീസ്​ വാനിൽ നിന്നും പ്രതികരിച്ചു.

2018ലാണ് ഇപ്പോൾ അർണാബിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങൾ അരങ്ങേറുന്നത്. 2017ലാണ് അർണാബ് റിപ്പബ്ലിക് ടി വി എന്ന പേരിൽ പുതിയൊരു ചാനലുമായി രംഗത്തുവരുന്നത്. ചാനൽ ഓഫീസിനായി ഇന്റീരിയർ വർക്കുകൾ ചെയ്ത കോൺകോർഡ് ഡിസൈൻസ് എന്ന കമ്പനിയാണ്. അതിന്റെ ഉടമ അൻവയ് നായികും അമ്മ കുമുദ് നായികും 2018ൽ ആത്മഹത്യചെയ്തു. അൻവയുടെ ആത്മഹത്യാ കുറിപ്പിൽ അർണബിന്റെ പേരും എഴുതിവച്ചിട്ടുണ്ടായിരുന്നു. തെളിവില്ല എന്ന പേരിൽ പൊലീസ്അവസാനിപ്പിച്ച കേസ്അൻവയുടെ മകൾ അദന്യ നായിക് പരാതിയുമായി വീണ്ടും രംഗത്തുവന്നതോടെയാണ്മുംബൈ സിഐ.ഡി വിഭാഗം ഏറ്റെടുക്കുന്നത്.

അൻവയ്നായിക് എന്ന ഇന്റീരിയർ ഡിസൈനറേയും അമ്മ കുമുദ് നായിക്കിനേയും 2018 മെയിലാണ്അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അൻവയ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അൻവയ് അമ്മയെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അന്ന് പൊലീസ് അപകട മരണത്തോടൊപ്പം കൊലപാതക കേസും രജിസ്റ്റർ ചെയ്തിരുന്നു. കുമുദിന്റെ മൃതദേഹം താഴത്തെ നിലയിലെ സോഫയിലാണ്കണ്ടെത്തിയത്. അൻവയ് ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടുജോലിക്കാരാണ്മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ അൻവയ് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. മൂന്ന് കമ്പനികളുടെ ഉടമകൾ തനിക്ക് തരാനുള്ള പണം നൽകാത്തതാണ് ജീവനൊടുക്കാൻ കാരണമെന്നാണ്കുറിപ്പിൽ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ താനും അമ്മയും അമ്മയും കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും അൻവയ് കുറിപ്പിൽ പറഞ്ഞു. റിപ്പബ്ലിക് ടിവിയിലെ ടെലിവിഷൻ ജേണലിസ്റ്റ് അർണാബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ്/ സ്‌കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാർട്ട് വർക്സിന്റെ നിതീഷ് സർദ എന്നിവരാണ്തനിക്ക്പണം നൽകാനുള്ള മൂന്നുപേർ എന്നും അൻവയ്കുറിപ്പിൽ പറഞ്ഞിരുന്നു. മൂന്ന് കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു. അന്വേഷണത്തിനിടെ അൻവയുടെ കമ്പനിയായ കോൺകോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കനത്ത കടത്തിലാണെന്നും കരാറുകാർക്ക് പണം തിരിച്ചടയ്ക്കാൻ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാർ അൻവയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താൻ പണം നൽകിയെന്നാണ് വാദിച്ചിരുന്നത്.

തെളിവില്ലെന്ന് ആദ്യ അന്വേഷണ സംഘം

അർണാബ് ഉൾപ്പെടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞ പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്തിയില്ലെന്ന് പറഞ്ഞ് പ്രാദേശിക റായ്ഗഡ് പൊലീസ് 2019 ഏപ്രിലിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് 2020 മെയിൽ അൻവയുടെ മകൾ കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ സമീപിച്ചു. ഇതുസംബന്ധിച്ച്അനിൽ ദേശ്മുഖ് കഴിഞ്ഞ മേയിൽ ട്വീറ്റ് ചെയ്തിരുന്നു. 'അർണബ് ഗോസ്വാമി കുടിശ്ശിക അടയ്ക്കാത്തത് സംബന്ധിച്ച് അലിബാഗ് പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് അദന്യ നായിക് എന്നോട് പരാതിപ്പെട്ടിരുന്നു. കേസിന്റെ പുനരന്വേഷണം സിഐ.ഡി വിഭാഗത്തെ ഏൽപ്പിക്കുകയാണ്'-മന്ത്രി ട്വിറ്ററിൽ കുറിച്ചു. മെയിൽതന്നെ ആഭ്യന്തര വകുപ്പ് കേസ് സിഐഡിക്ക് കൈമാറിയിരുന്നു. നിലവിൽ അർണബിനെ സ്റ്റഡിയിലെടുത്ത് പൊലീസ്ചോദ്യംചെയ്യുകയാണ്. മുംബൈ പൊലീസുമായി ബന്ധപ്പെട്ട് ഗോസ്വാമി നേരിടുന്ന മറ്റ്കേസുകളുമായി ഇതിന് ബന്ധമില്ലെന്നും അധികൃതർപറയുന്നു.

പക്ഷേ തുടക്കത്തിൽ അർണാബിന്റെയും കൂട്ടരുടെയും സ്വാധീനത്തിന് വഴങ്ങി പൊലീസ് കേസ് അട്ടിമറക്കയാണെന്നാണ് അൻവയ് നായിക്കിന്റെ മകൾ പറയുന്നത. അൻവ തനിക്ക് കിട്ടാനുള്ളതിന്റെ ബില്ല് പലതവണ ഹാജരാക്കിയിട്ടും അർണാബ് പണം കൊടുത്തില്ല. താൻ ഉദ്ദേശിച്ചതിൽ കൂടുതൽ പണം ചെലവായി, ചില പ്രവർത്തികൾക്ക് ഗുണ നിലവാരമില്ല എന്നൊക്കെ പറഞ്ഞ് അർണാബ് ബിൽ പിടിച്ചുവെക്കയായിരുന്നു. അത് അൻവയ് നായിക് തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അതൊന്നും കണക്കിലെടുത്തില്ല. ഇപ്പോൾ ശക്തമായ രാഷ്ട്രീയ സമ്മർദം ഉയർന്നതിനെ തുടർന്നാണ് അവർ അനങ്ങുന്നത് തന്നെ.

ടിആർപി കുംഭകോണം മുതൽ വർഗീയത പരത്തുക തുടങ്ങി നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ്അർണാബ ഗോസ്വാമി. ടിആർപി കേസിൽ തെറ്റിദ്ധാരണ പരത്തിയതും ബാന്ദ്ര റെയിൽവേ സ്റ്റേഷന് പുറത്ത് കുടിയേറ്റക്കാരെ ഒത്തുകൂടിയതിനെ വർഗീയവത്കരിച്ചതിനും അർണബിനെതിരേ എഫ്.ഐ.ആറുകൾ നിലവിലുണ്ട്. പൽഘറിൽ സന്യാസിമാരെ തല്ലിക്കൊന്നെന്ന വ്യാജവാർത്ത നൽകിയതിനും ഇയാൾക്കെതിരേ കേസുണ്ട്. ഈ എഫ്‌ഐആറുകൾക്കെതിരേ ഗോസ്വാമി സുപ്രീംകോടതിയെ സമീച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. നടൻ സുശാന്ത് സിങ്രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിങിൽ പ്രത്യേകാവകാശ പ്രമേയം ലംഘിച്ചതിന് മഹാരാഷ്ട്ര നിയമസഭ കാരണം കാണിക്കൽ നോട്ടീസും അർണബിന് നൽകിയിട്ടുണ്ട്.

എന്റെ മരണത്തിനു പോലും ഉത്തരവാദി അർണാബ്

അർണാബിന് കഴിൽ പ്രവർത്തിച്ച ജീവനക്കാരും അയാൾക്കെതിരെ പലതവണ രംഗത്ത് എത്തിയിട്ടുണ്ട്.അർണാബ് ഇപ്പോൾ ഏറ്റവും അധികം വിചാരണ ചെയ്യപ്പെടുന്നത് മൂൻ ജീവനക്കാരിൽനിന്നാണ്. ഒന്നിനു പിറകെ ഒന്നായി റിപ്പബ്ലിക്ക് ടീവിയിൽ നിന്ന് പ്രമുഖർ രാജിവെക്കയാണ്. അതിൽ ഭൂരിഭാഗം പേരും പ്രതികരിക്കാൻ കൂട്ടാക്കാറില്ല. എന്നാൽ റിപ്പബ്ലിക്ക് ടീവിയുടെ മുൻ ജമ്മു കശ്മീർ ബ്യൂറോ ചീഫ് തേജീന്ദർ സിങ് സോധി മാത്രം മൗനിയായില്ല. ''മൂന്നര വർഷമായി ജേർണലിസത്തിന്റെ ആത്മാവിനെ കൊന്നതിന് ക്ഷമ ചോദിച്ചതിന് ശേഷം ഞാൻ റിപ്പബ്ലിക് ടിവിയിൽ നിന്ന് രാജിവെച്ചു,''ഓഗസ്റ്റ് 27 ന് ജമ്മു കശ്മീരിലെ റിപ്പബ്ലിക് ടിവിയുടെ ബ്യൂറോ ചീഫ് സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ച് സോധി ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയായിരുന്നു.

അർണബിന് വേണ്ടത് റിപ്പോർട്ടർമാരെയല്ല കുറേ ക്വട്ടേഷൻ സംഘങ്ങളെയാണെന്നാണ് സോധി സ്വന്തം അനുഭവംവെച്ച് ചൂണ്ടിക്കാട്ടുന്നത്. '2019ലെ മോദിയുടെ തെരഞ്ഞെടുപ്പ് ജയത്തിനുശേഷമാണ് അർണബ് ഈ രീതിയിൽ മാറിയത്.മോദി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമാൻ താൻ ആണെന്നാണ് അർണബ് കരുതുന്നത്. വസ്തുതകൾഅല്ല താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് അദ്ദേഹത്തിന് വേണ്ടത്. ഒരു പ്രത്യക പാർട്ടിയുടെ വാട്സാപ്പിൽ വരുന്ന സന്ദേശങ്ങളാണ് അദ്ദേഹത്തിന്റെ എഡിറ്റോറിൽ പോളിസി തീരുമാനിക്കുന്നത്. കാശ്മീർ ലേഖകനായിരുന്ന എന്റെ ജോലി മെഹബൂബ മുഫ്ത്തിയടക്കമുള്ള നേതാക്കൾ ദേശ വിരുദ്ധരാണെന്ന് സ്ഥാപിക്കുകയാണ്. സുനന്ദപുഷ്‌ക്കറിന്റെ കുടുംബ വീട്ടിൽ ഒളിച്ചുകയറി വൃദ്ധനായ പിതാവിനെ കൊണ്ട് 'എന്റെ മകളെ കൊല്ലിച്ചത് തരൂർ' ആണെന്ന് പറയിപ്പാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. ഞാൻ വഴങ്ങിയില്ല. ഈ രീതിയിലുള്ള ഹിറ്റ് ജേർണലിസമാണ് അദ്ദേഹം എവിടെയും ലക്ഷ്യമിടുന്നത്'- തേജീന്ദർ സിങ് സോധി തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

അർണബിനെയും റിപ്പബ്ലിക്ക് ടീവിയെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് സോധി രാജിക്കത്തിൽ ഉന്നയിക്കുന്നത്. അർണബിന്റെ ഭാര്യയാണ് ഇപ്പോൾ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്. അവർക്കാകട്ടെ മതിയായ യോഗ്യതയോ കഴിവോ ഇല്ല. ജീവനക്കാരെ രാപ്പകൽ പണിയെടുപ്പിച്ച് ചൂഷണം ചെയ്യുകയാണ് അർണബിന്റെ രീതി. എന്നിട്ടും കഴിഞ്ഞ രണ്ടുവർഷമായി റിപ്പബ്ലിക്കിൽ ശമ്പളവർധനവ് ഉണ്ടായിട്ടില്ല. ബോണ്ട് എഴുതിവാങ്ങി തുഛമായ ശമ്പളത്തിലാണ് യുവാക്കളെ ജോലിചെയ്യിക്കുന്നത്. പച്ചത്തെറിവിളിക്കാനും പരുഷമായി സംസാരിക്കാനും ർണബിന് യാതൊരു മടിയുമില്ല. പീഡനം താങ്ങാനാവതെ ഡെസ്‌ക്കിലെ ഒരാൾക്ക് ഹൃദയാഘാതം പോലും ഉണ്ടായി. കണ്ടെന്മെന്റ് സോൺ ആണെന്നതൊന്നും അദ്ദേഹത്തിന് പ്രശ്നമല്ല. എല്ലാവും സമയത്തിന് ജോലിക്കെത്തണം. 14 മണിക്കൂർ ജോലിയും ഒപ്പം പച്ചത്തെറിയും എന്നതാണ് ചെറുപ്പക്കാരുടെ അവസ്ഥ'. അർണബിന്റെ തെറിവിളിയും ഹിറ്റ് ജേർണലിസവും താങ്ങാൻ ആവാതെ എല്ലാവും രാജിവെച്ച് ഒഴിയുകയാണ്. ഡൽഹിയടക്കമുള്ള കേന്ദ്രങ്ങളിൽപോലും റിപ്പബ്ലിക്ക് ടീവിക്ക് ഇപ്പോൾ സ്ഥിരം റിപ്പോർട്ടർമാരില്ല. ഇവിടെ ജോലി ചെയ്യാൻ ആരും തയ്യാറാവുന്നില്ല- തേജീന്ദർ ചൂണ്ടിക്കാട്ടുന്നു.

അർണബ് എല്ലാം താഴിൽ നിയമങ്ങൾ ലംഘിക്കുകയാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് ചാനലിനായാണ് ഞങ്ങളെ നിയമിച്ചത്. പക്ഷേ ഹിന്ദി ചാനലിലും പ്രവർത്തിക്കാൻ ഞങ്ങൾ നിർബന്ധിതരായി. തുടർന്ന് ഡിജിറ്റൽ ഡെസ്‌കിനായി ആഴ്ചയിൽ ഇത്ര സ്റ്റോറികൾ നൽകിയില്ലെങ്കിൽ ശമ്പളം കുറയ്ക്കുമെന്നും വന്നു. ഈ ഭീഷണി തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു, കാരണം റിപ്പബ്ലിക്കിൽ ചേരുമ്പോൾ ഞങ്ങൾ ഒപ്പുവച്ച കരാറിൽ ഇതൊന്നും പരാമർശിക്കുന്നില്ല, ഈ കുറിപ്പ് അയച്ച എച്ച്ആർ ടീമിനെപ്പോലും ഞങ്ങൾക്ക് കോടതി കയറ്റാനാവും.ഈ കമ്പനി മുൻ ജീവനക്കാരുടെ കുടിശ്ശിക തീർക്കാത്തതിന് ഞാൻ സാക്ഷിയാണ്.അർണബ് ഒരു പ്രതികാരക്കാരനാണെന്ന് എനിക്കറിയാം. എന്റെ കരിയറിനെയും ജോലി കണ്ടെത്താനുള്ള എന്റെ ഭാവി സാധ്യതകളെയും അട്ടിമറിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുമെങ്കിലും ആരെങ്കിലും അദ്ദേഹത്തിനെതിരെ സംസാരിക്കേണ്ടതുണ്ട്. യുവാക്കളെ ചൂഷണം ചെയ്യുന്നത് അവസാനിക്കുമെന്നെങ്കിലും ഞാൻ കരുതുന്നു. നിലവാരമുള്ള കാര്യങ്ങൾ ചെയ്യാമെന്ന പ്രതീക്ഷയിൽ ജേണലിസത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർ ബോണ്ട് എഴുതിക്കൊടുത്ത് വെറും തൊഴിലാളികളായി അവസാനിക്കയാണ് ചെയ്യുന്നത്.എനിക്കും എന്റെ കുടുംബത്തിനും എന്തെങ്കിലും എന്തെങ്കിലും അപകടമുണ്ടായാൽ, എന്തെങ്കിലും നാശനഷ്ടം ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അർണബിനും ഭാര്യയ്ക്കും ആയിരിക്കുമെന്ന് കൂടി രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇക്കാര്യം ഞാൻ ഉടൻ തന്നെ ലോക്കൽ പൊലീസ് സ്റ്റേഷനിലും അറിയിക്കും'- എന്നു പറഞ്ഞാണ് സോധി കത്ത് അവസാനിപ്പിക്കുന്നത്.

അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അർണബിനെ മുംബൈ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. ബുധനാഴ്ച രാവിലെ വീട്ടിലെത്തി അറസ്റ്റ്​ ചെയ്യുകയായിരുന്നു​. തുടർന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അർണബ് ഗോസ്വാമിയെ പാർപ്പിച്ചിരുന്നത്.