വാഷിങ്ടൺ: അമേരിക്കയുടെ താത്പര്യങ്ങൾക്കാവും തന്റെ പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോട്‌സ് എന്നാൽ അമേരിക്കൻ പ്രിസഡന്റ് പദമെന്നാണ് അർത്ഥമാക്കുന്നത്. പോട്‌സ് എന്ന പദത്തിലെത്തിയ ശേഷം ട്രംപ് നടത്തിയത് ദേശീയതയിലൂന്നിയ പ്രസംഗമാണ്. അമേരിക്കയുടെ ഭരണ തലപ്പത്ത് എത്തുന്ന നാൽപ്പത്തിയഞ്ചാമത്തെ പ്രസിഡന്റ് അധികാരമേറ്റ ശേഷം സംസാരിച്ചത് പത്ത് മിനിറ്റ് മാത്രമാണ്. ലോകത്തിന് രണ്ടാം സ്ഥാനവും അമേരിക്കൻ ദേശീയതയ്ക്ക് ആദ്യ പരിഗണനയുമാകും താൻ നൽകുകയെന്ന് ട്രംപ് വ്യക്തമാക്കുകയാണ് അധികാരക്കസേരയിലെ ആദ്യ ദിനം തന്നെ.

തൊഴിലവസരങ്ങളും, അതിർത്തിയും, സമ്പത്തും, സ്വപ്നങ്ങളും തിരിച്ചുപിടിക്കും. സ്വന്തം അതിർത്തിയെക്കുറിച്ച് ചിന്തിക്കാതെയാണ് അമേരിക്ക മറ്റുരാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കാൻ ഇറങ്ങിയത്. വൻതുക വിദേശരാജ്യങ്ങളിൽ ചിലവഴിച്ചതിന്റെ ഫലമായി അമേരിക്കയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കുറവുവന്നു. അത്തരം നടപടികളെല്ലാം അവസാനിപ്പിക്കും. പ്രതിസന്ധികളെ തരണംചെയ്ത് അമേരിക്കയെ ശക്തമായ രാജ്യമാക്കുകയാണ് തന്റെ ലക്ഷ്യം. അധികാരം ഇനി അമേരിക്കൻ ജനതയ്ക്കായിരിക്കും. ജനങ്ങളാവും അമേരിക്കയെ മുന്നോട്ട് നയിക്കുക. അമേരിക്കക്കാർക്ക് ഗുണകരമായ നയങ്ങളാവും തന്റേത്. ഭീകരവാദത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും തനത് ശൈലിയിൽ കണ്ണിറുക്കിയും കൈയുയർത്തിയും ട്രംപ് പറഞ്ഞപ്പോൾ ഹർഷാരവത്തോടെ അത് ഏറ്റുവാങ്ങി.

എല്ലാ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിക്കും. ജനങ്ങളാണ് അമേരിക്കയുടെ ശക്തിയെന്നും ട്രംപ് പറഞ്ഞു. ഇസ്‌ലാം തീവ്രവാദത്തെ ലോകത്തുനിന്ന് തുടച്ചുനീക്കുമെന്നു ആവർത്തിച്ച ട്രംപ് അമേരിക്കകാർക്ക് ഗുണകരമായ നയങ്ങളായിരിക്കും തന്റേതെന്നും വ്യക്തമാക്കി. എല്ലാവർക്കും സ്വീകരിക്കാവുന്ന മാതൃകയാക്കി അമേരിക്കയെ മാറ്റും. ഒറ്റക്കെട്ടായി നിൽക്കുന്ന അമേരിക്കയെ ആർക്കും തകർക്കാൻ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. ജനങ്ങളുടെ കാത്തിരിപ്പ് ഇവിടെ അവസാനിക്കുകയാണ്. അധികാരം ജനങ്ങൾക്ക് കൈമാറുകയാണ്. ഇനി ജനങ്ങളായിരിക്കും സർക്കാരിനെ മുന്നോട്ടു നയിക്കുക. നമ്മൾ ഒരു രാജ്യമാണ്. മറ്റുള്ളവരുടെ വേദന നമ്മുടേതുമാണ്. അവരുടെ സ്വപ്നം നമ്മുടേതും. അവരുടെ വിജയം നമ്മുടേതും. ഇനി ഒരിക്കലും അമേരിക്കയിലെ ആരും ജനങ്ങളെ അവഗണിക്കില്ല. നമ്മൾ നമ്മുടെ തൊഴിലുകൾ വീണ്ടെടുക്കും. നമ്മുടെ അതിർത്തികൾ വീണ്ടെടുക്കും നമ്മുടെ സ്വത്ത് വീണ്ടെടുക്കും നമ്മൾ നമ്മുടെ സ്വപ്നങ്ങൾ വീണ്ടെടുക്കും. കറുത്തവനോ വെളുത്തവനോ ആയിക്കോട്ടെ, പക്ഷേ, എല്ലാവരും സല്യൂട്ട് ചെയ്യുന്നത് മഹത്തായ അമേരിക്കൻ പതാകയാണ്-ട്രംപ് കൂട്ടിച്ചേർത്തു. തന്നെ ജയിപ്പിച്ചവർക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും.

നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റനെയാണ് ട്രംപ് തോൽപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും വിജയത്തിനുശേഷവും വിവാദങ്ങൾ സൃഷ്ടിച്ച ട്രംപിന്റെ സ്ഥാനാരോഹണം എങ്ങനെയെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ലോകം. എന്നാൽ പ്രതീക്ഷ തെറ്റിക്കാത്ത അമേരിക്കൻ വികാരത്തെ ആളിക്കത്തിച്ചായിരുന്നു തുടക്കം. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനുടെ വിവിധ ഭാഗങ്ങളിൽ ട്രംപിനെതിരെ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിലുടനീളം. കെട്ടിട്ടനിർമ്മാതാവ്, വ്യവസായി, ടെലിവിഷൻ അവതാരകൻ ഇങ്ങനെ വിവിധ മേഖലകളിൽ പടിപടിയായി ജയിച്ചു കയറിയാണ് ഡൊണാൾഡ് ജോൺ ട്രംപ് എന്ന ഡൊണാൾഡ് ട്രംപ് (70) അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തിയത്.

ന്യൂയോർക്കിലെ മാൻഹട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ''ദ ട്രംപ് ഓർഗനൈസേഷൻ'' എന്ന റിയൽ എസ്റ്റേറ്റ് ബിസിനിസ് ഗ്രൂപ്പിന്റെ അധിപനാണ് ഡൊണാൾഡ് ട്രംപ്.വൈറ്റ്ഹൗസിലെത്തി ബരാക്ക് ഒബാമയെ സന്ദർശിച്ചശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന കാപ്പിറ്റോൾ ഹില്ലിൽ എത്തിയത്. ബരാക്ക് ഒബാമ, തിരഞ്ഞെടുപ്പിൽ ട്രംപിനോട് പരാജയപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റൺ, അവരുടെ ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റൺ തുടങ്ങിയവർ ചടങ്ങിനെത്തി. ട്രംപിന് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുത്തു. ആദ്യം വൈസ് പ്രസിഡന്റായി മൈക്ക് പെൻസാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇതിനു പിന്നാലെയാണ് ട്രംപ് അധികാരമേറ്റത്. 2016 നവംബർ എട്ടിനാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നത്. രണ്ടു മാസത്തിനുശേഷമാണു പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കുന്നത്. ഏറ്റവും കൂടിയ പ്രായത്തിൽ അധികാരമേൽക്കുന്ന വ്യക്തിയാണു ട്രംപ്. യുഎസ് പ്രസിഡന്റുമാരിൽ ഏറ്റവും ധനികനായ ട്രംപ് അധികാരമേൽക്കുന്നതു നാലു ദശകത്തിനിടെ പ്രസിഡന്റുമാർക്കു ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് (40%). 2009ൽ അധികാരമേൽക്കുമ്പോൾ ഒബാമയുടെ ജനപ്രീതി 84 ശതമാനമായിരുന്നു.

യുഎസ് പ്രസിഡന്റായി അധികാരമേറ്റ ഡോണൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. വരും വർഷങ്ങളിൽ യുഎസിനെ കൂടുതൽ വലിയ നേട്ടങ്ങളിൽ എത്തിക്കാൻ സാധിക്കട്ടെ എന്നായിരുന്നു മോദിയുടെ ആശംസ. ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രതികരണം.