ജമ്മു: സൈനികർക്ക് നേരെയുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നടപടിയെടുത്തില്ലെങ്കിൽ തന്റെ മകനെ കൊന്നവർക്കെതിരെ താൻ പ്രതികാരം ചെയ്യുമെന്ന് കുപ് വാര തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ അമ്മ.

കുപ് വാര സൈനിക ക്യാമ്പിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ക്യാപ്റ്റൻ ആയുഷ് യാദവിന്റെ അമ്മയാണ് സൈനികർക്ക് നേരെ തുടരെത്തുടരെയുണ്ടാകുന്ന ആക്രമണങ്ങൾക്കതെിരെ ആഞ്ഞടിച്ചത്. തീവ്രവാദം തടയാൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും നയം രൂപീകരിക്കണമെന്നും ആയുഷിന്റെ പിതാവും ആവശ്യപ്പെട്ടു.
നമ്മുടെ കുഞ്ഞുങ്ങൾ ഇത്തരത്തിൽ കൊല്ലപ്പെടുന്നത് എത്രനാളത്തേക്ക് കൂടി നാം കാണേണ്ടി വരുമെന്നും പിതാവ് അരുൺ കാന്ത് യാദവ് ചോദിക്കുന്നു.

ജമ്മുകശ്മീരിലെ കുപ്വാര സൈനിക ക്യാമ്പിൽ വ്യാഴാഴ്‌ച്ച തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിലാണ് 25 വയസ്സുകാരനായ ക്യാപ്റ്റൻ ആയുഷ് യാദവ് വീരമൃ്ത്യു വരിക്കുന്നത്. ക്യാമ്പിൽ ഉറങ്ങിക്കിടമ്പോഴാണ് ആയുഷ് അടക്കമുള്ള സൈനികർക്ക് നേരെ ആക്രമണമുണ്ടാവുന്നത്. ആക്രമണത്തിൽ ക്യാപ്റ്റനടക്കം മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റമുട്ടലിൽ 2 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.

'സൈനികർ തിരിച്ചടിച്ചാൽ ഉടൻ തന്നെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തിറങ്ങും. എന്നാൽ സൈനികരുടെ മരണം അവർക്കൊന്നുമല്ല. നിങ്ങൾ ഒരാളെ ജീപ്പിനുമുന്നിൽ കെട്ടിയിട്ടാൽ പ്രക്ഷോഭവും, അന്വേഷണഴും നടപടികളും ഉടൻ തന്നെയുണ്ടാകും . ഇതെല്ലാം എന്നാണ് ശരിയാകുന്നത്' അരുൺ യാദവ് ചോദിക്കുന്നു.

രാജ്യത്തെ നിലവിലെ അന്തരീക്ഷം മാറേണ്ടതുണ്ട്. ശക്തമായ നടപടികളും നയങ്ങളും രൂപപ്പെട്ടില്ലെങ്കിൽ രക്തസാക്ഷികൾ ഇനിയുമുണ്ടാകും. അരുൺയാദവ് പറയുന്നു