ന്യൂഡൽഹി: ഏത് ആക്രമണവും നടത്താൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി മാർഷൽ ബി.എസ്.ധനോവ. വ്യോമസേനയെ ഉൾപ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങൾ തയാറാണ്. ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ പാക്കിസ്ഥാന്റെ ആണവശേഖരം തകർക്കുമെന്നും ധനോവ മുന്നറിയിപ്പു നൽകി.

ചൈനയോടും പാക്കിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താൻ വ്യോമസേന തയാറാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കും. ചൈനയെ നേരിടാൻ ആവശ്യമായ കഴിവു നമുക്കുണ്ടെന്നും ധനോവ പറഞ്ഞു. ദോക് ലാ മേഖലയിൽനിന്ന് ചൈനീസ് സേന ഇതുവരെയും പിൻവലിഞ്ഞിട്ടില്ല. ടിബറ്റിലെ ചുംബി താഴ്‌വരയിൽ ചൈനീസ് സേന ഇപ്പോഴുമുണ്ട്. അവർ പിന്മാറുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ധനോവ കൂട്ടിച്ചേർത്തു. ദോക് ലായുടെ പടിഞ്ഞാറൻ ഭാഗത്താണ് ചുംബി താഴ്‌വര സ്ഥിതി ചെയ്യുന്നത്.രാജ്യത്തിന്റെ സമ്പാദ്യങ്ങൾക്ക് നഷ്ടം സംഭവിക്കാതെ അപകടങ്ങൾ കുറച്ചു കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് സൈന്യത്തിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയോടും പാക്കിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാൻ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചൈനയും പാക്കിസ്ഥാനും പലവിധത്തിൽ ഭീഷണി ഉയർത്തുന്നു. പാക്കിസ്ഥാനുമായി ഒരു വിധത്തിലും പൊരുത്തപ്പെട്ടു പോകാനാകാത്ത സ്ഥിതിയാണ്. ചൈന ക്ഷമ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നാം കരുതലോടെയിരിക്കണം. ആണവായുധങ്ങൾ കയ്യിലുള്ള രാജ്യങ്ങൾ യുദ്ധത്തിനു മുതിരില്ലെന്നതു മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടേയും പാക്കിസ്ഥാന്റേയും ഭാഗത്തുനിന്നുള്ള ഏത് ഭീഷണിയും നേരിടാൻ വ്യോമസേന സജ്ജമാണ്. നിലവിലെ സാഹചര്യത്തിൽ രണ്ടു രാജ്യങ്ങളോട് ഒരുപോലെ യുദ്ധം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് താൻ കരുതുന്നതെന്നും വ്യോമസേനാ മേധാവി പറഞ്ഞു. ചൈന പേശീബലം കാണിച്ചു തുടങ്ങിയ സാഹചര്യത്തിലും പാക്കിസ്ഥാനുമായി അനുരഞ്ജനത്തിന് സാധ്യതയില്ലാത്തതിനാലും ഇന്ത്യ ഇതുപോലൊരു യുദ്ധത്തിന് സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.