ന്യൂയോർക്ക്:  പ്രശസ്ത സാമൂഹ്യ പ്രവർത്തകയും ഐഎപിസി സത്കർമ്മ പുരസ്‌ക്കാര ജേതാവുമായ ദയാബായിയെ ആലുവയിൽ കെഎസ്ആർടിസി ബസിൽനിന്ന് ജീവനക്കാർ അപമാനിച്ച് ഇറക്കിവിട്ടതിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് പ്രതിഷേധിച്ചു. അന്താരാഷ്ട്രതലത്തിൽതന്നെ പ്രശസ്തയായ ദയാബായിക്കുണ്ടായ മോശം അനുഭവത്തിൽ പ്രവാസി സമൂഹത്തിന് അതിയായ ദുഃഖമുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പ്രസ്‌ക്ലബ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയ, പ്രസിഡന്റ് പ്രവീൺ ചോപ്ര, ജനറൽ സെക്രട്ടറി കോരസൺ വർഗീസ് എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചുള്ള പ്രസ്‌ക്ലബിന്റെ പ്രതിഷേധം മുഖ്യമന്ത്രി, ഗതാഗതവകുപ്പ് മന്ത്രി എന്നിവരെ അറിയിക്കുമെന്നും ഇവർ പറഞ്ഞു.

19 നു വൈകിട്ട് തൃശൂരിൽനിന്ന് ആലുവയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് ദയാബായിക്ക് മോശം അനുഭവം നേരിട്ടത്. ഫാ. വടക്കൻ മെമോറിയൽ അവാർഡ് സ്വീകരിക്കാൻ തൃശൂരിലെത്തിയ ദയാബായി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. ആലുവ ബസ് സ്റ്റാൻഡ് എത്താറായോയെന്നു ചോദിച്ചതിനാണ് ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറിയത്. തുടർന്ന് കണ്ടക്ടർ മോശം പദപ്രയോഗം നടത്തിയ ശേഷം വഴിയിൽ ഇറക്കിവിട്ടു. ബസിലെ മറ്റു യാത്രക്കാർ ദയാബായിയെ തിരിച്ചറിഞ്ഞ് അവരെ ബസ്റ്റാൻഡിൽ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ചെവിക്കൊണ്ടില്ലെന്നും പറയുന്നു. ആഗോള പ്രശസ്തയായ ദയാബായിക്കുണ്ടായ മോശം അനുഭവം നാടിന്റെ പേരിന് കളങ്കം വരുത്തുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും പ്രസ്‌ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.