ന്യൂയോർക്ക്: മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ  ഇൻ  ചീഫുമായ ടി. എൻ ഗോപകുമാറിന്റെ നിര്യാണത്തിൽ  ഇൻഡോ അമേരിക്കൻ  പ്രസ്‌ക്ലബ് (ഐഎപിസി) അനുശോചിച്ചു. മലയാളത്തിന് നഷ്ടപ്പെട്ടത് കരുത്തുറ്റ മാദ്ധ്യമപ്രവർത്തകനെയാണെന്ന്  ഐഎപിസി പ്രസിഡന്റ് പർവീൺ  ചോപ്ര, ജനറൽ  സെക്രട്ടറി കോരസൺ  വർഗീസ്, എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ട്രഷറർ  തോമസ് മാത്യു, ഡയറക്ടർ  ബോർഡ് ചെയർമാൻ  ജിൻസ്‌മോൻ  പി. സക്കറിയ, ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്‌സൺ  വിനി നായർ, സെക്രട്ടറി പോൾ  പനയ്ക്കൽ  എന്നിവർ  അനുശോചന സന്ദേശത്തിൽ  പറഞ്ഞു. മലയാള ദൃശ്യമാദ്ധ്യമ ചരിത്രത്തിൽ  വേറിട്ടവഴികളിലൂടെ നടന്ന വ്യക്തിത്വമായിരുന്നു ടി. എൻ  ഗോപകുമാറെന്നും അദ്ദേഹത്തിന്റെ ജീവിതം മാദ്ധ്യമപ്രവർത്തകർക്കൊരു പാഠപുസ്തകമാണെന്നും ഐഎപിസി ഭാരവാഹികൾ  അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മാദ്ധ്യമരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ശക്തമായ സാന്നിധ്യമായിരുന്നു ടി എൻ ഗോപകുമാർ. മാതൃഭൂമിയുടെ ന്യൂഡൽഹി ലേഖകനായിരുന്ന ഗോപകുമാർ  ഇന്ത്യൻ  എക്സ്‌പ്രസ്, ദി ഇൻഡിപ്പെൻഡന്റ് , ഇന്ത്യാ ടുഡേ, ദ സ്‌റ്റേറ്റ്‌സ്മാൻ, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബി.ബി.സിക്കുവേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. ടി.എൻ ജി സാഹിത്യ രംഗത്തും സജീവമായി ഇടപെട്ടിരുന്നു. ഡൽഹി, പയണം, മുനമ്പ്, ശൂദ്രൻ, കൂടാരം, ശുചീന്ദ്രം രേഖകൾ, അകമ്പടി സർപ്പങ്ങൾ, വോൾഗാ തരംഗങ്ങൾ, കണ്ണകി തുടങ്ങിയവയാണ് കൃതികൾ.  'ജീവൻ  മശായ്' എന്ന ചിത്രവും ദൂരദർശൻ സംപ്രേഷണം ചെയ്ത 'വേരുകൾ' എന്ന സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, എഫ്.സി.സി.ജെ ടോക്കിയോ ഏഷ്യൻ  ജേർ ണലിസ്റ്റ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ  ലഭിച്ചിട്ടുണ്ട്.

അർബുദ രോഗബാധിതനായി വളരെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തോട് പടവെട്ടി വീണ്ടും മാദ്ധ്യമരംഗത്ത് സജീവമാകവെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. അദ്ദേഹത്തിന്റെ കണ്ണാടി എന്ന പ്രതിവാര ടെലിവിഷൻ  പരിപാടി ശ്രദ്ധേയമായിരുന്നു. അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിന് മുൻപിൽ  എത്തിച്ച ഈ പരിപാടിയിലൂടെ നിരാലംബരായ ആയിരങ്ങൾക്ക് ആശ്വാസം നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു.