ന്യൂയോർക്ക്: അമേരിക്കയിലെ ഭൂരിപക്ഷം പ്രവാസികളും 'നമ്മളും അമേരിക്കക്കാർ തന്നെ' എന്ന് പറയുന്നുണ്ടെങ്കിലും, ഇവിടുത്തെ രാഷ്ട്രീയത്തിലും സാമൂഹിക വിഷയങ്ങളിലും സജീവമായി താല്പര്യം പ്രകടിപ്പിക്കാതെ, അവയൊക്കെയും മറ്റുള്ളവർ കൈകാര്യം ചെയ്യാൻ വിട്ടുകൊടുത്തിരിക്കുകയാണ്. താമസിയാതെ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, വിവിധ സമൂഹങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, അവരുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും പ്രകടിപ്പിക്കുവാൻ, ഇഥംപ്രഥമമായി ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് ഒരു ചുവട് മുന്നോട്ടു വച്ചിരിക്കുന്നു.

പ്രസിഡന്റ് സ്ഥാനാർത്ഥികൾ മുഖ്യമായും ഈ ഡിബേറ്റിൽ സംബന്ധിക്കുന്നില്ലെങ്കിലും, റിപ്പബ്ലിക്കൻ പാർട്ടിയിലെയും ഡെമോക്രാറ്റിക് പാർട്ടിയിലെയും ഉന്നത നേതാക്കളും വാഗ്മികളും ഈ ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കുന്നതാണ്. ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനില്ക്കുന്ന പ്രസ്തുത പരിപാടിയിൽ, വിവിധ ഇന്ത്യൻ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച് നിരവധി നേതാക്കളും സംസാരിക്കുന്നതാണ്. അമേരിക്കയുടെ താല്പര്യങ്ങളെ പരിരക്ഷിക്കുന്നതിനും, ജനാധിപത്യരാജ്യമായ ഇന്ത്യപോലെയുള്ള മറ്റു രാഷ്ട്രങ്ങളോടുള്ള നയതന്ത്രബന്ധങ്ങൾ സുദൃഢമാക്കുന്നതിലും തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥികൾ എത്രമാത്രം അനുയോജ്യരാണെന്ന്, ഇരു പാർട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ട് അഞ്ചു പേർ വീതം അവതരണപ്രസംഗങ്ങൾ നടത്തുന്നതായിരിക്കും. ദേശീയ സുരക്ഷ, കുടിയേറ്റനയങ്ങൾ, അന്താരാഷ്ട്ര വാണിജ്യബന്ധങ്ങൾ, സാമ്പത്തിക ഉന്നമനം, പരിസ്ഥിതി സംരക്ഷണം, ശാസ്ത്ര പുരോഗതി, തൊഴിൽ സാധ്യതകൾ, ഉപയുക്തമായ നികുതി നയങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സോഷ്യൽ സെക്യൂരിറ്റി, സാംസ്‌കാരിക സമന്വയം തുടങ്ങിയ പ്രസക്തവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തങ്ങളുടെ സ്ഥാനാർത്ഥികൾ എത്രമാത്രം നൈപുണ്യമുള്ളവരാണെന്ന് സമർത്ഥിക്കുവാൻ ഈയവസരത്തിൽ ശ്രമിക്കുന്നതായിരിക്കും.
അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഇന്ത്യാ ഹൗസിൽ സെപ്റ്റംബർ 18ന് വൈകീട്ട് അഞ്ചുമണിക്ക് ഐ.എ.പി.സിയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ അരമണിക്കൂർ അന്യോന്യം പരിചയപ്പെടുന്നതിന് വിനിയോഗിക്കുന്നതാണ്. ആറുമണിക്ക് തുടങ്ങുന്ന ആദ്യപകുതിയിൽ പ്രമുഖ രാഷ്ട്രീയ പ്രതിനിധികളെയും നേതാക്കന്മാരെയും പരിചയപ്പെടുത്തുകയും, അമേരിക്കൻ തെരഞ്ഞെടുപ്പു പ്രക്രിയകളെപറ്റിയും, , മുഖ്യധാരാ രാഷ്ട്രീയത്തിലും, സാമൂഹ്യ പ്രവർത്തനങ്ങളിലും പ്രവാസികൾ താല്പര്യം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെപ്പറ്റിയും സംസാരിക്കുന്നതാണ്. ഏഴുമണിക്ക് രണ്ടാം പകുതിയിൽ സജീവമായ ഇലക്ഷൻ ഡിബേറ്റ് ആരംഭിക്കുന്നതായിരിക്കും.
ഈ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ, മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ സംബന്ധിക്കുന്നുണ്ട ്. IAPC ദേശീയ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ ലൈവ് പ്രോഗ്രാമിന്റെ ഭാഗമാക്കാകുവാൻ വാർത്താ ചാനലുകളെയും സംഘടനകളെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും നെറ്റ്‌വർക്ക് ചാനലുകളിലും പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.
ഇതിൽ സംബന്ധിക്കുവാൻ താല്പര്യമുള്ള സാമൂഹ്യപ്രവർത്തകർക്കും സംഘടനാ പ്രതിനിധികൾക്കും, ഫോൺ (832) 771-7646 email: easojacob.leader@yahoo.com അല്ലെങ്കിൽ (830)-279-2933 email: cyriac.scaria4usa@aol.com എന്നിവയിൽ ബന്ധപ്പെട്ട് സീറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്. അതിഥികളുടെ സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യൻ വംശജരായ പത്രമാദ്ധ്യമപ്രവർത്തകർ IAPC യിൽ അംഗമാകുന്നതിനും യോജിച്ച് പ്രവർത്തിക്കുന്നതിനും ഫോൺ (832)-356-7142 അല്ലെങ്കിൽ ഇ- മെയിൽ jponnoly@gmail ബന്ധപ്പെടാവുന്നതാണ്