- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി ബോർഡിലെ വില്ലന്മാർ യൂണിയനുകൾ തന്നെ! 'ഒഴിവാക്കേണ്ടതായ സംഭവങ്ങൾ' ഉണ്ടായി; ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന സംഘടനാ പ്രവർത്തനം ശരിയല്ല; മുഖ്യമന്ത്രിക്ക് കത്തയച്ച് ഐഎഎസുകാർ
തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ പ്രശ്നങ്ങൾക്ക് കാരണം ഇടതു സംഘടനാ നേതാക്കളുടെ താൻപോരിമയാണെന്ന ചെയർമാൻ ബി അശോകിന്റെ ആരോപണങ്ങൾ ശരിവെച്ച് മന്ത്രിക്ക് പിന്നാലെ കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷനും. ഉദ്യോഗസ്ഥരെ ഘരാവോ ചെയ്യുന്ന വിധത്തിലുള്ള സംഘടനാ പ്രവർത്തനം പാടില്ലെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥരു രംഗത്തു വന്നത്.
കോഴിക്കോട് കലക്ടറേറ്റിലും കെഎസ്ഇബിയിലും ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ 'ഒഴിവാക്കേണ്ടതായ ചില സംഭവങ്ങൾ' ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന്റെ കത്തയച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി.അശോക്, സെക്രട്ടറി എം.ജി.രാജമാണിക്യം എന്നിവരാണു കത്തയച്ചത്.
'വകുപ്പ് തലവന്മാരായ ഐഎഎസ് ഉദ്യോഗസ്ഥരും ജീവനക്കാരുടെ വിവിധ സംഘടനകളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധമാണ് സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്റെ അടിത്തറ. എന്നാൽ വ്യക്തിഗത താൽപര്യങ്ങൾ അടിസ്ഥാനപ്പെടുത്തി സംഘടനയുടെ തീരുമാനങ്ങൾ മാറുന്ന പ്രവണത നടന്നുവരുന്നു. ഇവ ഉദ്യോഗസ്ഥരുടെ മനോവീര്യം കുറയ്ക്കാനും വിവിധ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തിക്കു കോട്ടം തട്ടാനും ഇടവരുന്നുണ്ട്.
കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മികച്ച ടീം ആയിരിക്കണം ഉദ്യോഗസ്ഥരും അവർ പ്രതിനിധീകരിക്കുന്ന സംഘടനകളും. ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം ഇല്ലാതാക്കുന്ന തരത്തിൽ സംഘടനകൾ സംഘടനാപ്രവർത്തനം നടത്തുന്നത് ഒഴിവാക്കി മികച്ച പ്രവർത്തനം നടത്താൻ സാഹചര്യമൊരുക്കി തരണം'- മുഖ്യമന്ത്രിയോട് അസോസിയേഷൻ അഭ്യർത്ഥിച്ചു.
അതേസമയം കെഎസ്ഇബി മാനേജ്മെന്റുമായുള്ള ജീവനക്കാരുടെ ഭിനത പരിഹരിക്കാനാവാത്ത സാഹചര്യത്തിൽ വിഷയത്തിൽ സിപിഎം ഇടപെടുന്നുണ്ട്. സിഐടിയുവിന്റ ആവശ്യപ്രകാരമാണ് ഇടപെടൽ. മാനേജ്മെന്റിന് എതിരെ കെഎസ്ഇബി ഇടതുസംഘടന പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎം വിഷയത്തിൽ ഇടപെടുന്നത്.
സസ്പെൻഷൻ പിൻവലിക്കുക, ചെയർമാന്റെ ഏകപക്ഷീയ നിലപാടുകൾ ഉപേക്ഷിക്കുക, സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിത കാല സമരത്തിലേക്ക് ജീവനക്കാർ കടന്നത്. പ്രശ്ന പരിഹാരത്തിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും തീരുമാനം നീണ്ടേക്കുമെന്ന സാഹചര്യം കൂടി നിലനിൽക്കുന്നതിനിടെയാണ് സിപിഎം ഇടപെടൽ. ചർച്ചകൾക്കുള്ള സാഹചര്യം നീണ്ടേക്കുമെന്നായിരുന്നു വിലയിരുത്തൽ. ചൊവ്വാഴ്ച മാത്രമാണ് വൈദ്യുതി മന്ത്രി തലസ്ഥാനത്ത് എത്തുകയുള്ളു. ഈ സാഹചര്യത്തിൽ ചർച്ചകൾക്ക് നാളെ വൈകീട്ട് വരെ കാത്തിരിക്കേണ്ട നിലയുണ്ടാവുന്ന അവസ്ഥയിലാണ് പാലക്കാട്ടെ കൂടിക്കാഴ്ച പ്രധാനമാവുന്നത്.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതി ഭവൻ ആസ്ഥാനത്ത് റിലേ സത്യാഗ്രഹം ഉൾപ്പെടെയുള്ള സമര പരിപാടികളാണ് പ്രതിഷേധക്കാർ പദ്ധതിയിട്ടിരിക്കുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ മൂന്ന് നേതാക്കളെ സസ്പെൻഡ് ചെയ്ത ചെയർമാന്റെ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഏറെ നാളായി മാനേജ്മെന്റും ഇടതു സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിതി രൂക്ഷമാക്കി. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചട്ടപ്പടി സമരത്തിലേക്ക് ഉൾപ്പെടെ കടക്കാനാണ് തീരുമാനം.
പ്രശ്നപരിഹാരത്തിന് വൈദ്യുതി മന്ത്രി ഇടപെടാത്തതിലും ഇടത് സംഘടനയ്ക്ക് ശക്തമായ അമർഷമുണ്ടായിരുന്നു. ചർച്ചയ്ക്ക് ഒരുക്കമെന്ന് ചെയർമാൻ മാധ്യമങ്ങളിലുടെ പറയുന്നതല്ലാതെ തങ്ങളെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണ് സിപിഐഎമ്മും മുന്നണിയും.