- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബം ഇനി അനാഥമാകില്ല; സുക്മ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലപ്പെടുന്ന ഉദ്യോഗസ്ഥരുടെ കുടുംബത്തിന്റെ ചുമതല ഐഎഎസ് ഉദ്യോഗസ്ഥർ ഏറ്റെടുക്കും
ന്യൂഡൽഹി: ഭീകരർക്കെതിരെയും മാവോവാദികൾ ഉൾപ്പെടെയുള്ള തീവ്രവാദികൾക്കെതിരെയും ജീവൻപോലും പണയംവച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പോരാട്ടം. ഈ പോരാട്ടത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ അനാഥമാകുന്നത് അവരുടെ കുടുംബങ്ങളാണ്. ഏതാനും ദിവസം കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാൻ ആളുകളുണ്ടായേക്കും. അതുകഴിഞ്ഞാൽ ആ വേദന കുടുംബത്തിന്റേത് മാത്രമാകും. എന്നാൽ, ആ പതിവിന് മാറ്റം വരുത്തുകയാണ് രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിക്കുന്ന സൈനികരുടെ കുടുംബങ്ങളെ ദത്തെടുക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. കൊല്ലപ്പെടുന്ന സൈനികരുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കുടുംബത്തിന് യഥാസമയം സാമ്പത്തിക സഹായമുൾപ്പെടെയുള്ളവ കിട്ടുന്നതിനും ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകും. ഐഎഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനാണ് ശ്രദ്ധേയമായ ഈ തീരുമാനം കൈക്കൊണ്ടത്. സൈന്യത്തിലെയും സി.ആർ.പി.എഫിലെയും സംസ്ഥാന പൊലീസിലെയും ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയാണ് ഐഎഎസുകാർ ദത്തെടുക്കുക. ഒരു
ന്യൂഡൽഹി: ഭീകരർക്കെതിരെയും മാവോവാദികൾ ഉൾപ്പെടെയുള്ള തീവ്രവാദികൾക്കെതിരെയും ജീവൻപോലും പണയംവച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പോരാട്ടം. ഈ പോരാട്ടത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ അനാഥമാകുന്നത് അവരുടെ കുടുംബങ്ങളാണ്. ഏതാനും ദിവസം കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാൻ ആളുകളുണ്ടായേക്കും. അതുകഴിഞ്ഞാൽ ആ വേദന കുടുംബത്തിന്റേത് മാത്രമാകും.
എന്നാൽ, ആ പതിവിന് മാറ്റം വരുത്തുകയാണ് രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിക്കുന്ന സൈനികരുടെ കുടുംബങ്ങളെ ദത്തെടുക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. കൊല്ലപ്പെടുന്ന സൈനികരുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കുടുംബത്തിന് യഥാസമയം സാമ്പത്തിക സഹായമുൾപ്പെടെയുള്ളവ കിട്ടുന്നതിനും ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകും.
ഐഎഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനാണ് ശ്രദ്ധേയമായ ഈ തീരുമാനം കൈക്കൊണ്ടത്. സൈന്യത്തിലെയും സി.ആർ.പി.എഫിലെയും സംസ്ഥാന പൊലീസിലെയും ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയാണ് ഐഎഎസുകാർ ദത്തെടുക്കുക. ഒരു കുടുംബത്തെയാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ദത്തെടുക്കുക. അഞ്ചുമുതൽ പത്തുവർഷം വരെ കുടുംബത്തിന്റെ എല്ലാ ആവശ്യത്തിനും സഹായവുമായി ഈ ഉദ്യോഗസ്ഥൻ പ്രവർത്തിക്കും.
ഐഎഎസുകാരൻ ഏത് സംസ്ഥാനത്തെ കേഡറിൽനിന്നാണോ ആ സംസ്ഥാനത്തുനിന്നുള്ള കുടുംബത്തെയാകും ദത്തെടുക്കുക. ദത്തെടുക്കുന്ന കുടുംബത്തിന് നേരിട്ട് സാമ്പത്തിക സഹായം നൽകേണ്ടതില്ല. പകരം, അവർക്ക് സാമ്പത്തിക സഹായമുൾപ്പെടെ ലഭ്യമാക്കുന്നതിന് തണലായിപ്രവർത്തിക്കുകയാണ് ചെയ്യുക. കുടുംബനാഥൻ പോയതോടെ അനാഥരായെന്ന തോന്നൽ ഇത്തരം രക്തസാക്ഷി കുടുംബങ്ങൾക്ക് ഉണ്ടാകരുതെന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇന്ത്യൻ സിവിൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് അസോസിയേഷന്റെ ഓണററി സെക്രട്ടറി സഞ്ജയ് ഭൂസ്‌റെഡ്ഡി പറഞ്ഞു.