തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ സോഷ്യൽ മീഡിയ ഹർത്താലിന് പിന്നിലെ ചുരുളഴിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തലസ്ഥാനത്തെത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി ചർച്ച നടത്തി.സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു സാമൂഹിക വിരുദ്ധ ശക്തികളുടെ ലക്ഷ്യമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജീവ് ജയിനും ബെഹ്‌റയുമായുള്ള കൂടിക്കാഴ്ച.
ഗവർണർ ജസ്റ്റിസ് പി.സദാശിവവുമായി രാജീവ് ജയിൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സംസ്ഥാനത്തെ കേന്ദ്രരഹസ്യാന്വേഷണ വിദഗ്ദ്ധർ തങ്ങളുടെ നിഗമനങ്ങൾ മേധാവിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമേ ഇന്ന് വിശദാംശങ്ങൾ നൽകി.സംസ്ഥാന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും രാജീവ് ജയിൻ വിഷയം ചർച്ച ചെയ്തു. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതിൽ വീഴ്ച വന്നതായി രാജീവ് ജയിൻ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.

വാട്‌സാപ്പും മറ്റും വഴിയുള്ള ഹർത്താൽ ആഹ്വാനത്തിന് വിദേശ ബന്ധമുണ്ടോയെന്നും കേന്ദ്ര ഏജൻസികൾ പരിശോധിച്ചുവരുന്നു.സമൂഹ മാധ്യമങ്ങൽ വഴിയുള്ള സന്ദേശങ്ങൾ പ്രോക്‌സി സർവർ വഴി അയച്ചതിനാൽ, ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായം അനിവാര്യമാണ്. അപ്രഖ്യാപിത ഹർത്താലിന്റെ പേരിൽ ചില സംഘടനകൾ വ്യാപക അക്രമം അഴിച്ചുവിട്ട സംഭവം അതീവഗൗരവത്തോടെയാണ് ഐബി കാണുന്നത്. ഐബി വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ഡയറക്ടർ കേരളത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സുരക്ഷാപ്രശ്‌നത്തിനാണ് മുൻഗണന.

ഇന്നു രാവിലെ പത്തു മണിയോടെയാണ് ഐബി ഡയറക്ടർ രാജ്ഭവനിലെത്തിയത്. രാജ്ഭവനിലാണ് അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിലും സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ചയാകും.കഴിഞ്ഞ തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹർത്താലിന്റെ വ്യാപ്തി തിരിച്ചറിയുന്നതിൽ, സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾക്ക് വീഴ്ച വന്നുവെന്ന് സംസ്ഥാന സർക്കാർ വിലയിരുത്തൽ കേന്ദ്രവും ശരിവയ്ക്കുന്നു.വടക്കൻ കേരളത്തിൽ അക്രമസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും തലസ്ഥാനത്തും മറ്റും അക്രമമുണ്ടാകുമെന്ന് വിവരം ലഭിച്ചിരുന്നില്ല.ഹർത്താൽ ഇത്രയും വ്യാപകമായ അക്രമങ്ങളിലേക്ക് കടക്കുമെന്ന ധാരണയുണ്ടായിരുന്നെങ്കിൽ അതിന് തക്കതായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ കഴിയുമായിരുന്നു.

്അപ്രഖ്യാപിത ഹർത്താൽ നടത്തിയത് വർഗീയ വികാരം ഇളക്കിവിടാൻ ലക്ഷ്യമിട്ടാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലർ ഇതിനു മനഃപൂർവം ശ്രമിച്ചതായി വ്യക്തമായി. അവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. സംഭവത്തിൽ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. അതേസമയം, വർഗീയ കലാപത്തിനു സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഹർത്താലും അതിന്റെ പിന്നിൽ നടത്തിയ അക്രമങ്ങളും വർഗീയ സംഘടനകൾ മുൻകൂട്ടി നടത്തിയ തിരക്കഥയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കത്വയിൽ നടന്ന സംഭവത്തിന്റെ പേരും പറഞ്ഞ് മതസ്പർധ വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്നും പൊലീസ് കണ്ടെത്തി.

ഹർത്താൽ നടത്തി അറസ്റ്റിലായവരുടെ പശ്ചാത്തലം കേന്ദ്രീകരിച്ചും,ഹർത്താൽ പ്രചാരണത്തിനു തുടക്കമിട്ടവരെ നിരീക്ഷിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വർഗീയ കലാപം ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ കേരളത്തിന്റെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ഇനിയുമുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.കലാപങ്ങൾ തടയാനായി എല്ലായിടത്തും പരമാവധി പൊലീസുകാരെ വിന്യസിച്ചു സുരക്ഷ കർശനമാക്കാൻ നിർദ്ദേശിച്ചു. രാത്രിയിലടക്കം വാഹനപരിശോധനയും പട്രോളിങും ശക്തമാക്കും. പൊലീസുകാർ ഏതു സമയവും സർവസജ്ജമായിരിക്കണമെന്നു കാട്ടി ഡിജിപി സർക്കുലറും ഇറക്കി.

അപ്രഖ്യാപിത ഹർത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് കണക്കിലെടുത്താണു നടപടി. അതിനിടെ, ഹർത്താലാണെന്ന പ്രചാരണത്തിനു തുടക്കമിട്ട ഒരാളെ ഹൈടെക് സെൽ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയായ യുവാവിന്റെ പക്കൽ വിദ്വേഷജനകമായ സന്ദേശങ്ങളും കണ്ടെത്തി.

ശനിയാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഹർത്താൽ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ അക്രമമുണ്ടാകുകയും ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുകയും ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം പൊലീസിന് മനസിലാകുന്നത്. മലബാർ മേഖലയിലായിരുന്നു കൂടുതൽ അക്രമം. ചില കടകളിൽ മോഷണവും നടന്നു.