തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ പിടിച്ചു കുലുക്കിയ മെഡിക്കൽ കോളേജ് കോഴ വിവാദത്തിലെ മുഖ്യസൂത്രധാരൻ സതീശ് നായർ തട്ടിപ്പുകൾ പതിവാക്കിയ വ്യക്തിയെന്ന് വ്യക്തം. ഇതിന് മുമ്പും പ്രധാനമന്ത്രിയുടെ ഓഫീസിനെ പോലും വിവാദത്തിലാക്കിയ വിധത്തിൽ ഇയാളുടെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടായെന്നാണ് വ്യക്തമാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം  രാജശേഖരന്റെ ഡൽഹിയിലെ വിശ്വസ്തൻ കൂടിയാണ് സതീശ് നായർ എന്നതാണ് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ ചിത്രം പോലും കോഴയ്ക്ക് വേണ്ടി ഉപയോഗിച്ചു എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് വിശദമായ അന്വേഷണത്തിന് മോദിയുടെ ഓഫീസ് നിർദ്ദേശം നൽകിയത്.

സതീശ് നായരുടെ ബന്ധങ്ങളെ കുറിച്ചാണ് ഐബി ഇപ്പോൾ അന്വേഷിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഡൽഹിയിലെ പിആർഒ കൂടിയായ സതീഷ് നായരെ കുറിച്ചുള്ള വിവരങ്ങൾ ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളജ് കോഴത്തുകയായ 5.6 കോടി രൂപയിൽ ഹവാല കമ്മിഷൻ കഴിച്ചുള്ള അഞ്ചു കോടി രൂപ സതീഷ് നായർ ഡൽഹിയിൽ കൈപ്പറ്റിയതായാണ് ഐബിയുടെ കണ്ടെത്തൽ. കോഴ വിവാദത്തിൽ ബിജെപിയിൽനിന്നു പുറത്താക്കപ്പെട്ട പാർട്ടി സഹകരണ സെൽ മുൻ കൺവീനർ ആർ.എസ്. വിനോദ് പെരുമ്പാവൂരിൽനിന്നാണു ഹവാല ഇടപാടിൽ തുക ഡൽഹിയിലേക്ക് അയച്ചത്. സതീഷ് നായർ ഈ തുക മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ടവർക്കു കൈമാറിയിട്ടില്ലെന്നാണ് ഐബിയുടെ പ്രാഥമിക നിഗമനം.

മെഡിക്കൽ കോളജ് അനുമതിക്കായി കോഴ ഇടപാടുകൾ സതീഷ് നായർ മറ്റു സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ടോയെന്നും ഐബി പരിശോധിക്കുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉദ്യോഗസ്ഥരുമായി സതീഷ് നായരോ ഏതെങ്കിലും ബിജെപി നേതാക്കളോ ബന്ധം പുലർത്തുന്നുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്. തൊടുപുഴ സ്വദേശിയും റിട്ട. വ്യോമസേന ഉദ്യോഗസ്ഥനുമായ സതീഷ് നായർ കേരളത്തിലെ പ്രമുഖ സമുദായ സംഘടനാ നേതാവിന്റെ സഹോദരനാണ്. ഈ നേതാവിന്റെ ശുപാർശ മാനിച്ചാണു സതീഷ് നായരെ കുമ്മനം രാജശേഖരൻ ഡൽഹിയിലെ പിആർഒയായി നിയമിച്ചത്.

സതീഷ് നായരുമായി ബന്ധപ്പെട്ട് ഐബി നടത്തുന്ന രണ്ടാമത്തെ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് മുമ്പ് അന്വേഷണ നടന്നത് ശിവഗിരി മഠാധിപതി പ്രകാശാനന്ദയ്ക്കൊപ്പം ബാർ ഉടമ ബിജു രമേശിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരുക്കിയതുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് ബിജു രമേശിനെ കേന്ദ്രമന്ത്രിയാക്കണം എന്നു കാണിച്ച് സ്വാമിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ കത്തു നൽകിയതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ശിവഗിരി മഠത്തിൽ നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടു പോകുകയാണെന്ന് അറിയിച്ചാണ് അന്നു പ്രകാശാനന്ദയെ ബിജു രമേശ് ഡൽഹിയിലെത്തിച്ചത്. ശിവഗിരി മഠത്തിന്റെ ലെറ്റർ ഹെഡിൽ പ്രകാശാനന്ദയ്ക്കു വേണ്ടി കൂടിക്കാഴ്ചയ്ക്കായി കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിനു നൽകിയതു സതീഷ് നായരായിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ ബിജു രമേശിനെ മന്ത്രിയാക്കണമെന്നു പ്രകാശാനന്ദയുടെ ഒപ്പിട്ട കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറുകയും ചെയ്തു.

കൂടിക്കാഴ്ചയിൽ പ്രകാശാനന്ദ ഉന്നയിക്കാത്ത ആവശ്യം കത്തിലുണ്ടായതിനെത്തുടർന്നു പ്രധാനമന്ത്രി ഇക്കാര്യം ഐബിയുടെ അന്വേഷണത്തിനു വിട്ടിരുന്നു. ശിവഗിരി മഠത്തിൽ അറിയാതെയാണു സന്ദർശനമെന്നും പ്രകാശാനന്ദയെ തെറ്റിദ്ധരിപ്പിച്ചാണു കത്തിൽ ഒപ്പിടീച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്കൊപ്പം സതീഷ് നായർ നിൽക്കുന്ന ഫോട്ടോ കാണിച്ചാണു ഇത്തവണ മെഡിക്കൽ കോളജ് അനുമതി കോഴയ്ക്കായി മാനേജ്മെന്റുകളെ സമീപിച്ചതെന്നും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഈതാണ് പ്രധമന്ത്രിയെ ശരിക്കും ചൊടിപ്പിച്ചിരിക്കുന്നത്.

അന്നത്തെ സംഭവം ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിജു രമേശിനെതിരായ ആയുധമാക്കാൻ ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം. ബിജു രമേശിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ കള്ളമാണെന്നും അതിന്റെ തെളിവാണ് സതീശ് നായരുമായുള്ള ബന്ധമെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. പ്രകാശാനന്ദ ശിവഗിരി മഠത്തിന്റെ മേധാവിയായിരിക്കേയാണ് തെറ്റിദ്ധരിപ്പിക്കുന്ന കത്ത് തയ്യാറാക്കി മോദിയെ കണ്ടത്. ഇതോടെ സ്വാമി ഋതംബരാനന്ദ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.

2015 ജൂൺ 16നാണ് മോദിയെ കണ്ട് പ്രകാശാനന്ദ കത്തു നൽകിയത്. കൂടിക്കാഴ്‌ച്ചയിൽ ബിജു രമേശിനെ മന്ത്രിയാക്കണമെന്ന് ശിവഗിരി മഠം ശുപാർശ ചെയ്യുന്നു എന്ന കത്തും മോദിയയെ കാണിച്ചു. പ്രായാധിക്യമുള്ള സ്വാമിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഋതംബരാനന്ദ ചെയ്തത്. 93 വയസുകഴിഞ്ഞ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത് ശരിയായില്ലെന്നും ഋതംബരാനന്ദ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും ബിജു അവകാശപ്പെട്ടിരുന്നുവെന്നും ഇത് തെറ്റാണെന്നുമായിരുന്നു സ്വാമയുടെ വെളിപ്പെടുത്തൽ.

മഠത്തിന്റെ പേരുപയോഗിച്ച് ബിജു രമേശ് കേന്ദ്രമന്ത്രിയാവാൻ ശ്രമിച്ചെന്നു സ്വാമി ആരോപിച്ചതോടെ ഇതേക്കുറിച്ച് അന്വേഷണം നടത്താൻ അന്ന് പ്രധാനമന്ത്രിയുടെ ഓഫീസും തയ്യാറായി. മഠാധിപതി സ്വാമി പ്രകാശാനന്ദയെ തെറ്റിദ്ധരിപ്പിച്ച് തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രധാനമന്ത്രിക്ക് കത്ത് നൽകി എന്നതാണ് ഗുരുതരമായ ആരോപണമായിരുന്നു. ഈ ബുദ്ധിക്ക് പിന്നിൽ പ്രവർത്തിച്ചതും സതീശ് നായരായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ കൂടിയായിരുന്നു ഈ സംഭവം. പ്രധാനമന്ത്രിയെ പോലെ അത്യുന്നതനായ ഒരു വ്യക്തിക്ക് മഠം അധികൃതരുടെ കൃത്യമായ അറിവില്ലാതെ വ്യാജകത്തു നൽകി എന്നു പറയുന്നത് ഇന്റലിജന്റ്സ് വീഴ്‌ച്ചയായി പോലും കണക്കാക്കിയിരുന്നു. ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിജു രമേശിനെ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടാനാണ് കെ എം മാണിയുടെ ആലോചന. ഈ ആവശ്യത്തെ വെള്ളാപ്പള്ളിയും പിന്തുണച്ചേക്കുമെന്നാണ് അറിയുന്നത്.