- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഎസ്ജി കമാൻഡോകൾ ഉപയോഗിക്കുന്ന 9 എം.എം പിസ്റ്റളുകളും എ.കെ 47 തോക്കുകളുടെ പതിപ്പുകളും കേരളത്തിലും ഭീകർ എത്തിച്ചു; ബീഹാറിൽ നിന്ന് ആയുധം എത്തിക്കുന്നത് സ്ലീപ്പർ സെല്ലുകൾ; പാക് ചാര സംഘടനയും സജീവം; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസികൾ
കൊച്ചി: ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവമായെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ഈ ജാഗ്രതാ നിർദ്ദേശം. സമാന്തര എക്‌സ്‌ചേഞ്ചിന് പിന്നിൽ പാക് ചാര സംഘടനയാണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നുവെന്നാണ് കേന്ദ്ര രഹസ്യാനേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
കേരളത്തിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന സംഘങ്ങളെല്ലാം ഭീകര സംഘടനകളുടെ ഭാഗമായിട്ടുള്ളവരാണ്. മത്സ്യവുമായി എത്തുന്ന വാഹനങ്ങളിൽ പോലും ആയുധങ്ങൾ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എല്ലാ അത്യാധുനിക ആയുധങ്ങളും കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.
കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ്ഐ. സജീവമാണെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ നിഗമനം.. തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് കേരളത്തെ ഉപയോഗിക്കുന്നത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഐ എസ് ഐയുടെ ചാരനാണെന്നാണ് ലഭിക്കുന്ന സൂചനകൾ. എക്സ്ചേഞ്ച് നടത്താൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്ഐ. നൽകിയതെന്ന് സംശയത്തിൽ എത്തുകയാണ് അന്വേഷണ ഏജൻസികൾ. ഇതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പും നൽകുന്നത്.
ബെംഗളൂരുവിൽ ഇയാൾ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐ.എസ്ഐ.യാണ് ഇതിന് പിന്നിലെന്നാണ് ഐ.ബി.യുടെ റിപ്പോർട്ട്. രാജ്യത്ത് സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തുന്നു. കോഴിക്കോടും തൃശൂരും സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്ന ഇബ്രാഹിം 2007-ൽ കോട്ടക്കൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയുമാണ്.
കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന ജില്ലാ സി ബ്രാഞ്ച് സംഘം വീണ്ടും ബെംഗളൂരുവിലേക്കു പോകും. ജൂൺ 9നാണ് ബെംഗളൂരുവിലെ 9 സമാന്തര എക്സ്ചേഞ്ചുകൾ പിടികൂടിയത്. പിന്നാലെ ഇബ്രാഹിം ഉൾപ്പെടെ 3 മലയാളികൾ പിടിയിലായി. ഇതിൽ പലർക്കും തീവ്രവാദ പരിശീലനവും കിട്ടിയിട്ടുണ്ട്. ഇത്തരക്കാർക്ക് വേണ്ടിയാണ് കേരളത്തിലേക്ക് ആയുധം എത്തുന്നതെന്നാണ് റിപ്പോർട്ട്.
ശ്രീലങ്കൻ പള്ളിയിൽ ഐഎസ് ഭീകരർ നടത്തിയ സ്ഫോടനത്തിന് പിന്നാലെ കേരളത്തിലേക്ക് വലിയ തോതിൽ ആയുധങ്ങൾ വരുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പൊലീസിന് വിവരം നൽകിയിരുന്നു. ബീഹാറിലെ മങ്കർ ജില്ലയിൽ നിന്നും, വടക്ക് കിഴക്കൻ യുപിയിൽ നിന്നും കേരളത്തിലേക്ക് ആയുധങ്ങൾ എത്തിക്കാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുധക്കടത്ത് റാക്കറ്റുകൾ പ്രവർത്തിക്കുന്നത് മങ്കർ ജില്ലയിലാണ്. എൻഐഎയും, ബീഹാർ പൊലീസും അടക്കമുള്ള കേന്ദ്ര ഏജൻസികൾ മങ്കറിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത് തുടരുകയാണ്. എന്നാൽ ആയുധ കടത്തിനെ തടയാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. എൻഎസ്ജി കമാൻഡോകൾ ഉപയോഗിക്കുന്ന 9 എം.എം പിസ്റ്റളുകൾ പോലും ഇവിടെ സുലഭമാണ്.
എ.കെ 47 തോക്കുകളുടെ പതിപ്പുകളും കിട്ടും. കോതമംഗലത്ത് മാനസ എന്ന പെൺകുട്ടി വെടിയേറ്റു മരിച്ച സംഭവത്തിൽ കൊലയാളി രഖിലിന് തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നാണെന്നാണ് സൂചന. തോക്കിന്റെ ഭാഗങ്ങൾ കേരളത്തിൽ എത്തിച്ച് കൂട്ടിച്ചേർത്തുവെന്നാണ് സംശയം.
മറുനാടന് മലയാളി ബ്യൂറോ