ബെംഗളൂരു: ഇൻഫോസിസ്, വിപ്രോ, കൊഗ്‌നിസന്റ് തുടങ്ങിയ ഐ.ടി. കമ്പനികൾക്കു പിന്നാലെ ഐ.ബി.എമ്മും എൻജിനീയർമാരെ പിരിച്ചുവിടാനൊരുങ്ങുന്നു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 5,000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.

മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെയാണ് ജോലിയിൽ നിന്ന് ഒഴിവാക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികൾ കമ്പനിക്കുള്ളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മൊത്തം 1.5 ലക്ഷം ജീവനക്കാരാണ് ഐ.ബി.എമ്മിന് ഇന്ത്യയിലുള്ളത്. ഐ.ടി. മേഖലയിലെ പ്രതിസന്ധിയുടെ തുടർച്ചയാണ് പിരിച്ചുവിടൽ.

വിസ നിയമങ്ങൾ കർശനമാക്കിയതോടെ ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്താൻ കമ്പനികൾ നിർബന്ധിതരായതും തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് നയിക്കുന്നുണ്ട്.

ഈ വർഷം മൊത്തം അര ലക്ഷത്തിലധികം ഇന്ത്യൻ എൻജിനീയർമാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. കൊഗ്‌നിസന്റ്, ഇൻഫോസിസ്, വിപ്രോ എന്നീ കമ്പനികൾ ജീവനക്കാരെ ഒഴിവാക്കുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

എന്നാൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ െഎ.ടി. കമ്പനിയായ ടി.സി.എസ്. പറയുന്നത്.