കൊച്ചി: 'പാണ്ടിസ്റ്റൈൽ' കടമെടുത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് കൊച്ചിയിൽ പത്രക്കാർക്ക് മൊബൈൽ ഫോൺ സമ്മാനം നൽകി. സാരിയും ഭക്ഷണവും ടി വിയും സമ്മാനമായി തമിഴ് ജനതയ്ക്ക് നൽകുന്ന ജയലളിതയെയും കരുണാനിധിയെയും പിന്നിലാക്കിയാണ് മന്ത്രി സമ്മാനം നൽകി മാദ്ധ്യമ പ്രീണനം നടത്തിയത്.

മന്ത്രിയെത്തിയതോടെ ഫോൺ വാങ്ങാൻ കൊച്ചിയിലെ തെരഞ്ഞെടുക്കപ്പെട്ട പത്രക്കാർ കൈനീട്ടിനിന്നു. വീണ്ടും ഒരു തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ എല്ലാം തനിക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് മന്ത്രി ഫോണുമായി പത്രക്കാർക്കു മുന്നിൽ എത്തിയത്. ഫോണുമായി വിതരണക്കാരനെത്തിയതോടെ ആദർശധീരന്മാരെന്ന് സ്വയം മേനി നടിക്കുന്ന കൊച്ചിയിലെ പത്രപ്രവർത്തകപുംഗവന്മാർ അതുവാങ്ങി സഞ്ചിയിലിട്ടു. ഇനി അവർ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ കമാന്നൊരക്ഷരം മിണ്ടില്ല.

ഇക്കുറിയും എറാണാകുളം ജില്ലയിൽ തന്നെ മൽസരിക്കാൻ പദ്ധതിയിടുന്ന മന്ത്രിക്ക് ഏറെ പഥ്യം കളമശേരിയാണ്. മട്ടാഞ്ചേരിയിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് അറിയിച്ച ഇബ്രാഹീം കുഞ്ഞ് സിറ്റിങ് സീറ്റിൽ തന്നെ ആങ്കറിടാനാണ് ഉദ്ദേശിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സമ്മാനവിതരണം നടന്നത്. മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ അവസാന അവലോകനയോഗത്തിലായിരുന്നു സമ്മാന വിതരണം. കിട്ടിയത് പതിനായിരത്തിനുമേൽ വിലയുള്ള ഫോർ ജി മൊബൈൽ ഫോൺ ആയതുകൊണ്ടുതന്നെ യാതൊരു ജാള്യതയുമില്ലാതെ പത്രക്കാർ വാങ്ങുകയും ചെയ്തു.

മട്ടാഞ്ചേരിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഇബ്രാഹീംകുഞ്ഞിന് അത്ര അനുകൂലമല്ല. മണ്ഡല വിഭജനത്തിൽത്തന്നെ പാളിച്ചപറ്റിയതോടെ കളംമാറി ഇബ്രാഹീം കുഞ്ഞ് കളമശേരിയിൽ ചേക്കേറുകയായിരുന്നു. ഇപ്പോൾ അകത്തും പുറത്തും പാർട്ടിയിൽ ഇബ്രാഹിംകുഞ്ഞിനെതിരെ പടപ്പുറപ്പാട് നടക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ മട്ടാഞ്ചേരയിലെ ലീഗ് മണ്ഡലം കമ്മിറ്റിൽ കൂട്ടത്തല്ല് നടന്നിരുന്നു. മന്ത്രിയുടെ ഇഷ്ടക്കാർ ഒരുഭാഗത്തും പഴയ വിമത നേതാവ് ടി എ അഹമ്മദ് കബീറിന്റെ വിഭാഗം മറുഭാഗത്തുമായി പാർട്ടി ഓഫീസിൽ നടന്ന തല്ലിൽ അഞ്ചുപേർ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. ഈ വാർത്ത പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് മന്ത്രിക്ക് വലിയ അപമാനമായി.

അതോടെയാണ് ഇനിയൊരു വാർത്തപോലും പുറത്തുവരരുതെന്ന ലക്ഷ്യത്തോടെ പത്രക്കാർക്ക് ഫോൺ നൽകി വശത്താക്കാൻ പരിപാടിയിട്ടത്. ലീഗ് മന്ത്രിമാരിൽ കരുത്തനായ ഇബ്രാഹീം കുഞ്ഞിന്റെ ഇഷ്ടനേതാവ് കുഞ്ഞാലിക്കുട്ടി തന്നെ. പ്രതിസന്ധിയിൽ കുഞ്ഞാപ്പയെ സഹായിച്ചതിന്റെ നന്ദിസൂചകമായിട്ടാണ് ഇബ്രാഹീം കുഞ്ഞ് ലീഗിൽ ഒഴിവാക്കാനാവാത്ത ഘടകമായി മാറിയത്. ഇനി കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുംവരെ ഇബ്രാഹീംകുഞ്ഞ് ഇത് തുടരുകയും ചെയ്യും. മർമ്മ പ്രധാന വകുപ്പ് നൽകി കുഞ്ഞാലിക്കുട്ടി ഉപകാരസ്മരണ കാട്ടിയെങ്കിലും ഇബ്രാഹീംകുഞ്ഞ് ലീഗിലെ കളങ്കിത മന്ത്രിയാണ്.

സി എച്ചും ബാഫക്കി തങ്ങളും നഹയും ഇരുന്നിടത്ത് സ്വാധീനം കൊണ്ട് മാത്രം മുൻനിരയിലെത്തിയ ഇബ്രാഹീം കുഞ്ഞ് വരുന്ന തെരഞ്ഞെടുപ്പിൽ ലീഗിനു തന്നെ അപമാനമാകുമെന്നാണ് സൂചന. ലീഗ് പാർട്ടിയുടെ ചരിത്രത്തിൽ ഇതുവരെയും അഴിമതിക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത്തരത്തിലൊരു ആക്ഷേപവും എവിടെനിന്നും ഉയർന്നിട്ടുമില്ല. എന്നാൽ ഇബ്രാഹിം കുഞ്ഞിലൂടെ അത് തിരുത്തപ്പെടുമെന്നാണ് എതിരാളികൾ പറയുന്നത്. നിയമസഭയിൽ യു ഡി എഫിലെ തന്നെ കെ ബി ഗണേശ് കുമാർ ഇബ്രാഹീം കുഞ്ഞിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി രംഗത്തെത്തിയത് ലീഗിനെയും ഒപ്പം യു ഡി എഫിനെയും ഞെട്ടിച്ചിരുന്നു.

പിന്നീട് ടി ഒ സൂരജിന്റെ പുറത്താകലും റെയ്ഡും അഴിമതി അംഗീകരിക്കുന്ന വിധത്തിലായിരുന്നു. ഇതിനെയൊക്കെ മറികടക്കാനാണ് മന്ത്രി ഇക്കുറി ഫോണുമായെത്തിയത്. സാധാരണ ഒരു പേനയിലും ലെറ്റർ പാഡിലും ഒതുങ്ങുന്ന സമ്മാനം ഇതോടെയാണ് പത്രക്കാരെ സംബന്ധിച്ചിടത്തോളം അമൂല്യമായി മാറിയത്.