മുംബൈ: റെയിൽവേ പാളത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം സിഎക്കാരുടെ സംഘടനാ നേതാവിന്റെ ഇരുപതുകാരിയായ മകൾ പല്ലവി വികംസേയുടേതാണെന്ന് പൊലീസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ ഇളയമകളാണ് പല്ലവി.

ഒക്ടോബർ നാലിന് രാത്രിയോടെ പല്ലവിയെ കാണാതായത്. സമൂഹമാധ്യമങ്ങളിലൂടെയും പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി. ഒക്ടോബർ നാലിന് വൈകിട്ട് ആറിന് മുംബൈ സിഎസ്ടി സ്റ്റേഷനിൽ നിന്ന് പല്ലവി ലോക്കൽ ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സൗത്ത് മുംബൈയിലെ ഫോർട്ടിലുള്ള ഒരു സ്ഥാപനത്തിൽ ഇന്റേൺഷിപ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവും ലഭിക്കാത്തതിനെത്തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. എംആർഎ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

അതിനിടെ അഞ്ചിന് വൈകിട്ട് ഏഴരയോടെ പാളത്തിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നതായുള്ള വിവരം പരേൽ റെയിൽവേ സ്റ്റേഷനിൽ ആരോ വിളിച്ചു പറഞ്ഞു. കുടുംബാംഗങ്ങളെത്തി നടത്തിയ പരിശോധനയിലാണ് പല്ലവിയാണെന്നു തിരിച്ചറിഞ്ഞത്. തലയിൽ ഉൾപ്പെടെ മാരക മുറിവേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ല. അപകടമരണമായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹത്തെപ്പറ്റിയുള്ള വിവരം പരേലിലേക്ക് വിളിച്ചു പറഞ്ഞത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ഇത് ദൂരൂഹമായി തുരുന്നു. ആ സാഹചര്യത്തിൽ അന്വേഷണങ്ങൾ തുടരുകയാണ്