- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്ളാഡിമർ പുട്ടിന്റെ ജനപ്രീതി വർധിപ്പിക്കാൻ കായികതാരങ്ങളെ കൊണ്ട് റഷ്യ ഉത്തേജക മരുന്നടിപ്പിച്ചു; എല്ലാറ്റിനും നേതൃത്വം നൽകിയിത് സാക്ഷാൽ പുട്ടിൻ തന്നെ; റഷ്യക്ക് പിന്നാലെ ചൈനയുടെ കായിക നേട്ടങ്ങളും സംശയത്തിന്റെ നിഴലിൽ; ലോകത്തെ പടിച്ചു കുലുക്കിയ ഇക്കാറസ് ഡോക്യുമെന്റിയുടെ വിശേഷങ്ങൾ ഇങ്ങനെയാണ്; സി ബി അനൂപ് എഴുതുന്നു
ഗ്രീക്ക് ഐതിഹ്യങ്ങളിൽ വിവരിക്കപ്പെടുന്ന അദ്വിതീയനായിരുന്ന കലാകാരനാണ് ഡെഡാലസ് (Daedalus). മിനോസ് രാജാവിന്റെ അപ്രീതിക്കു പാത്രമായി തടവിലാക്കപ്പെട്ട ഡെഡാലസ് കൃത്രിമമായ ചിറകുകൾക്ക് രൂപം നൽകി തന്റെ മകനായ ഇകാറസുമൊത്ത് (Icarus) ആ ചിറകുകൾ വെച്ച് കെട്ടി സമുദ്രത്തിന് മുകളിലൂടെ പറന്ന് രക്ഷപ്പെടുന്നു. എന്നാൽ കൂടുതൽ ഉയർന്നോ, കൂടുതൽ താഴ്‌ന്നോ പറക്കരുതെന്ന തന്റെ പിതാവിന്റെ ഉപദേശം അവഗണിച്ച ഇകാറസ് പറന്ന് ഉയരങ്ങളിലേക്കുയർന്നു. അതോടെ സൂര്യതാപമേറ്റ് ചിറകിലെ മെഴുക് ഉരുകി ഇകാറസ് സമുദ്രത്തിലേക്ക് പതിച്ചു മരണപ്പെട്ടു. കൃത്രിമ ചിറകുമായി ഉയർന്ന് പറക്കാൻ ശ്രമിച്ച് നിലം പതിച്ച ഇകാറസിന്റെ നാമധേയത്തിൽ അമേരിക്കൻ സംവിധായകനും, തിരക്കഥാകൃത്തുമായ ബ്രയാൻ ഫോഗെൽ (Bryan Fogel) പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് (Netflix) ഡോക്യൂമെന്ററി ആഗോളശ്രദ്ധ നേടിയിരുന്നു. ലോക കായികചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാദം സൃഷ്ടിച്ച സംഭവമായ റഷ്യൻ കായികതാരങ്ങളുടെ ഉത്തേജകൗഷധ ഉപയോഗമാണ് 2018ൽ ഏറ്റവും മികച്ച ഡോക്യൂമെന്ററി ഫീച്ചറിനുള്ള അക്കാദമി അവാർഡ് നേ
ഗ്രീക്ക് ഐതിഹ്യങ്ങളിൽ വിവരിക്കപ്പെടുന്ന അദ്വിതീയനായിരുന്ന കലാകാരനാണ് ഡെഡാലസ് (Daedalus). മിനോസ് രാജാവിന്റെ അപ്രീതിക്കു പാത്രമായി തടവിലാക്കപ്പെട്ട ഡെഡാലസ് കൃത്രിമമായ ചിറകുകൾക്ക് രൂപം നൽകി തന്റെ മകനായ ഇകാറസുമൊത്ത് (Icarus) ആ ചിറകുകൾ വെച്ച് കെട്ടി സമുദ്രത്തിന് മുകളിലൂടെ പറന്ന് രക്ഷപ്പെടുന്നു. എന്നാൽ കൂടുതൽ ഉയർന്നോ, കൂടുതൽ താഴ്‌ന്നോ പറക്കരുതെന്ന തന്റെ പിതാവിന്റെ ഉപദേശം അവഗണിച്ച ഇകാറസ് പറന്ന് ഉയരങ്ങളിലേക്കുയർന്നു. അതോടെ സൂര്യതാപമേറ്റ് ചിറകിലെ മെഴുക് ഉരുകി ഇകാറസ് സമുദ്രത്തിലേക്ക് പതിച്ചു മരണപ്പെട്ടു.
കൃത്രിമ ചിറകുമായി ഉയർന്ന് പറക്കാൻ ശ്രമിച്ച് നിലം പതിച്ച ഇകാറസിന്റെ നാമധേയത്തിൽ അമേരിക്കൻ സംവിധായകനും, തിരക്കഥാകൃത്തുമായ ബ്രയാൻ ഫോഗെൽ (Bryan Fogel) പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് (Netflix) ഡോക്യൂമെന്ററി ആഗോളശ്രദ്ധ നേടിയിരുന്നു. ലോക കായികചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാദം സൃഷ്ടിച്ച സംഭവമായ റഷ്യൻ കായികതാരങ്ങളുടെ ഉത്തേജകൗഷധ ഉപയോഗമാണ് 2018ൽ ഏറ്റവും മികച്ച ഡോക്യൂമെന്ററി ഫീച്ചറിനുള്ള അക്കാദമി അവാർഡ് നേടിയ ഇകാറസിന്റെ ഇതിവൃത്തം. ആഗോള കായികരംഗം രാഷ്ട്രീയപ്രേരിതമായ ഇടപെടലുകൾക്കും, ശതകോടികളുടെ ബിസിനസ്സ് താത്പര്യത്തിനും കീഴ്‌പെട്ട്, അഴിമതിയുടെ കൂത്തരങ്ങാകുന്നതും, വികസിതരാജ്യങ്ങൾ ഒളിമ്പിക്‌സ് പോലുള്ള മത്സരവേദികളിൽ വരേണ്യ വർഗ്ഗമാകുന്നതും എങ്ങനെയാണെന്ന് 'ഇകാറസ്' സവിസ്തരം പ്രതിപാദിക്കുന്നു.
ഉത്തേജക മരുന്ന് മാഫിയയുടെ വിള നിലങ്ങളിലൂടെ
മുൻ അമേരിക്കൻ സൈക്ലിങ് ഇതിഹാസമായ ലാൻസ് എഡ്വാർഡ് ആംസ്ട്രോങ്ങിന്റെ ഉത്തേജക മരുന്നുപയോഗത്തെപ്പറ്റിയുള്ള ബ്രയാൻ ഫോഗെലിന്റെ അന്വേഷണങ്ങൾ അദ്ദേഹത്തെ റഷ്യയുടെ മുൻ ദേശീയ ഉത്തേജക വിരുദ്ധ ലാബ്രോട്ടറി തലവനായ ഗ്രിഗറി റോട്ചെൻകോവിലേക്ക് എത്തിക്കുന്നിടത്താണ് 'ഇകാറസ്' ആരംഭിക്കുന്നത്. സുദീർഘമായ തന്റെ കരിയറിൽ ഒരിക്കൽ പോലും ഉത്തേജക മരുന്ന് പരിശോധനകളിൽ പിടിക്കപ്പെടാതിരിക്കാൻ ലാൻസ് ആംസ്ട്രോങ്ങിനെ സഹായിച്ച ഘടകങ്ങളെക്കുറിച്ചായിരുന്നു ബ്രയാൻ ഫോഗെലിന്റെ അന്വേഷണം. (കരിയറിനൊടുവിൽ നടന്ന അന്വേഷണങ്ങളിൽ സഹതാരങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആംസ്‌ട്രോങ്ങിന്റെ മരുന്നുപയോഗം തെളിയുകയും അദ്ദേഹത്തിന് ആജീവനാന്തവിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.) ഒരു അമച്വർ സൈക്ലിങ് മത്സരത്തിൽ ഉത്തേജക മരുന്ന് ഉപയോഗിച്ച് പങ്കെടുത്ത്, കായികരംഗത്ത് ഉത്തേജക മരുന്നുപയോഗത്തിലൂടെ എത്രമാത്രം മുന്നേറാം എന്ന് തെളിയിക്കുകയായിരുന്നു ബ്രയാൻ ഫോഗെലിന്റെ ലക്ഷ്യം. അതിനായി സ്‌കൈപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് ഗ്രിഗറി റോട്ചെൻകോവിന്റെ ഉപദേശമുസരിച്ച് ഫോഗെൽ സ്വന്തം ശരീരത്തിൽ ഉത്തേജക മരുന്ന് കുത്തി വെച്ച് തുടങ്ങുന്നു. എന്നാൽ പിന്നീടുണ്ടാകുന്നത് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളാണ്.
വീഡിയോ ചാറ്റിൽ ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെട്ട്, തന്റെ വളർത്തു നായയുമായി കളിച്ച് ഉല്ലാസവാനായി പെരുമാറുന്ന ഗ്രിഗറി റോട്ചെൻകോവ് ബ്രയാൻ ഫോഗലുമായി സൗഹൃദത്തിലാകുന്നു. സാവധാനത്തിൽ റഷ്യൻ കായികനേട്ടങ്ങളെക്കുറിച്ച് ഒരു വലിയ രഹസ്യം തന്നെ റോട്ചെൻകോവ് വെളിപ്പെടുത്തുന്നു. ഒളിമ്പിക്‌സിലടക്കമുള്ള റഷ്യയുടെ കായിക നേട്ടങ്ങൾ മികവിന്റെ മാത്രം ഫലമല്ല, അത് സുസംഘടിതവും, ആസൂത്രിതവുമായ ഉത്തേജക മരുന്ന് ഉപയോഗം കൊണ്ട് കൂടിയാണ് ഒരിക്കലും പിടിക്കപ്പെടാത്ത രീതിയിൽ റഷ്യൻ കായികതാരങ്ങളെ ഉത്തേജകൗഷധങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കിയ പുടിൻ ഭരണകൂടത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് റഷ്യയുടെ മുൻ ദേശീയ ഉത്തേജക വിരുദ്ധ ലാബ്രോട്ടറി തലവനായ ഗ്രിഗറി റോട്ചെൻകോവ് നടത്തുന്ന വെളിപ്പെടുത്തലുകൾ ഏതൊരു കായിക പ്രേമിയെയും ഞെട്ടിക്കുന്നതാണ്. 2011 മുതൽ 2015 വരെ ലോകമത്സര വേദികളിൽ മുപ്പതോളം വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്ത ആയിരത്തിലധികം റഷ്യൻ കായികതാരങ്ങൾ ഉത്തേജക ഔഷധം ഉപയോഗിച്ചതിന്റെ തെളിവുകൾ തന്റെ കയ്യിലുള്ള കാര്യവും റോട്ചെൻകോവ് തുറന്ന് പറയുന്നു. ഒരു വിസിൽ ബ്ലോവറായി (Whistle blower) റഷ്യൻ കായിക രംഗത്തെ ഗ്രസിച്ച അഴിമതി വിളിച്ചു പറയാനുള്ള തന്റെ സന്നദ്ധത ഗ്രിഗറി റോട്ചെൻകോവ് ബ്രയാൻ ഫോഗെലിനെ അറിയിക്കുന്നു.
ജർമ്മൻ ടിവി നെറ്റ് വർക്ക് ആയ എംഡിആർ (MDR) 2014ൽ റഷ്യൻ കായികതാരങ്ങളുടെ ഉത്തേജക മരുന്നുപയോഗത്തെപ്പറ്റി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലോക ഉത്തേജക വിരുദ്ധ ഏജൻസി (World Anti-Doping Agency - WADA) അന്വേഷണം നടത്തി വരുന്ന സമയത്താണ് ഫോഗെലും, റോട്ചെൻകോവും ചാറ്റിൽ കണ്ടുമുട്ടി സൗഹൃദം ആരംഭിക്കുന്നത്. വാഡ (WADA) നടത്തിയിരുന്ന അന്വേഷണത്തെത്തുടർന്ന് റഷ്യൻ ലാബ് ഡയറക്ടറെ പുറത്താക്കാൻ അവർ ഇതിനിടെ നിർദ്ദേശം പുറപ്പെടുവിച്ചതോടെ ഗ്രിഗറി റോട്ചെൻകോവിന്റെ കാര്യം പരുങ്ങലിലായി. ബ്രയാൻ ഫോഗെലിന്റെ സഹായത്തോടെ ഒരു റൗണ്ട് ട്രിപ്പ് (Round trip) വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് ഗ്രിഗറി റോട്ചെൻകോവ് തന്റെ ഭാര്യയേയും, മക്കളെയും വിട്ട്, കയ്യിലുള്ള തെളിവുകളുമായി റഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യുന്നു. തുടർന്ന് ഇരുവരും ന്യൂയോർക്ക് ടൈംസിനെ സമീപിക്കുന്നു. പിന്നീടുണ്ടായ സംഭവങ്ങൾ ചരിത്രമാണ്. 2014ൽ റഷ്യയിലെ സോച്ചിയിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ മെഡൽ ജേതാക്കളായ 15 താരങ്ങൾ ഉൾപ്പടെ ഡസൻ കണക്കിന് റഷ്യൻ താരങ്ങൾ കായികമന്ത്രി വിറ്റാലി മുട്ട്കോ അടക്കമുള്ള ഉന്നതരുടെ അറിവോടെ മൂത്രസാംപിളുകൾ മാറ്റി ഉത്തേജക പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ തെളിവ് സഹിതമുള്ള റിപ്പോർട്ട് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകൃതമായതോടെ കായികലോകം പ്രക്ഷുബ്ധമായി. ചോദ്യശരങ്ങളുടെ മുന റഷ്യൻ ഭരണകൂടത്തിന് നേർക്ക് നീണ്ടതോടെ അവർ ഉത്തരം പറയാനാകാതെ കുഴങ്ങി.
തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത് സാക്ഷാൽ പുട്ടിൻ!
സോച്ചിയിൽ 2014ൽ നടന്ന ഉത്തേജകമരുന്ന് ഗൂഢാലോചന കായികരംഗത്തെ നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ട് റഷ്യ നടത്തിയതായിരുന്നില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുട്ടിന്റെ നാൾക്ക് നാൾ ഇടിഞ്ഞു തുടങ്ങിയ ജനപിന്തുണ തിരിച്ചു പിടിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു. ചിരവൈരികളായ അമേരിക്കയെ ഒളിമ്പിക്സ് മെഡൽ നേട്ടങ്ങളിൽ റഷ്യ മറി കടന്നാൽ അത് പുട്ടിൻ ഭരണകൂടത്തിന് ഏറെ കാലത്തേക്ക് പൊളിറ്റിക്കൽ മൈലേജ് നേടാൻ സഹായിക്കുമെന്ന് ഭരണകൂടത്തിലെ ഉന്നതർ തിരിച്ചറിഞ്ഞു. അവർ അതിനായി പദ്ധതി തയ്യാറാക്കി. എല്ലാറ്റിനും നേതൃത്വം നൽകിയത് പ്രസിഡന്റ് പുട്ടിൻ ആയിരുന്നു. ഒളിമ്പിക്സ് മത്സര സമയത്ത് കായികതാരങ്ങളുടെ മൂത്രസാംപിളുകൾ ഓരോ മത്സരത്തിനും മുൻപ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റഷ്യയിലുള്ള ദേശീയ ഉത്തേജക വിരുദ്ധ ലബോറട്ടറിയിൽ ഡയറക്ടർ ഗ്രിഗറി റോട്ചെൻകോവിന്റെയും, ലോക ഉത്തേജക വിരുദ്ധ ഏജൻസി പ്രതിനിധികളുടെയും, നേതൃത്വത്തിലായിരുന്നു ഈ പരിശോധനകൾ. എല്ലാ റഷ്യൻ കായികതാരങ്ങളുടെയും ഉത്തേജക മരുന്ന് കലരാത്ത മൂത്രസാംപിളുകൾ നേരത്തെ ശേഖരിച്ചു വെച്ചിരുന്നു. ഓരോ മത്സരത്തിനും മുൻപ് പരിശോധനക്ക് എടുക്കുന്ന സാംപിളുകൾ ആരുമറിയാതെ മാറ്റി നേരത്തെ ശേഖരിച്ച മരുന്ന് കലരാത്ത മൂത്രസാംപിളുകൾ പകരം വച്ചാണ് റഷ്യ അതിവിദഗ്ദ്ധമായി തങ്ങളുടെ രഹസ്യ പദ്ധതി നടപ്പാക്കിയത്. എല്ലാ കാര്യങ്ങളിലും കായിക മന്ത്രി വിറ്റാലി മുട്ട്കോ സഹമന്ത്രി യൂറി നാഗോർണ്യക് വഴി ഗ്രിഗറി റോട്ചെൻകോവിന് നിർദ്ദേശം നൽകിയിരുന്നു. ഒടുവിൽ റഷ്യ മെഡൽ നിലയിൽ അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തിയതോടെ പുട്ടിൻ ഭരണകൂടത്തിന്റെ കുതന്ത്രം വിജയിച്ചു, കായികലോകം തോറ്റു.
ഗ്രിഗറി റോട്ചെൻകോവിന്റെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ വിവാദത്തിനിടെ റഷ്യൻ ഉത്തേജക വിരുദ്ധ സമിതിയിലെ രണ്ട് പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത് കൂടുതൽ സംശയമുളവാക്കുന്ന സംഭവമായി മാറി. പുട്ടിൻ ഭരണകൂടം കായിക സഹമന്ത്രി യൂറി നാഗോർണ്യകിനെ ഉത്തേജക വിവാദത്തിൽ ബലിയാടാക്കി രാജി വെയ്ക്കാൻ നിർബന്ധിതനാക്കി. വിവാദം രാഷ്ട്രീയപ്രേരിതമായി റഷ്യക്ക് എതിരെ നടക്കുന്ന നീക്കമാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പുട്ടിൻ ഭരണകൂടം കൈ കഴുകി.അന്താരാഷ്ട്ര കായിക കോടതി ഇടപെട്ട് റഷ്യയുടെ 13 ഒളിമ്പിക് മെഡലുകൾ തിരിച്ചെടുത്തതോടെ മെഡൽ നിലയിൽ ഉണ്ടായിരുന്ന ഒന്നാം സ്ഥാനം റഷ്യക്ക് നഷ്ട്ടപ്പെട്ടു. വിവാദ വെളിപ്പെടുത്തൽ നടത്തി റഷ്യയെ കുരുക്കിലാക്കിയ റോട്ചെൻകോവിനെതിരെ പുട്ടിൻ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. റോട്ചെൻകോവിന്റെയും, മക്കളുടെയും വീടുകൾ പൊലീസ് അരിച്ചു പെറുക്കി. ഭാര്യയെയും, മക്കളെയും ചോദ്യം ചെയ്ത് പാസ്‌പോർട്ടുകൾ കണ്ടുകെട്ടി. പുട്ടിൻ ഭരണകൂടത്തിന്റെ ഇത്തരം പ്രതികാരനടപടികൾ പ്രതീക്ഷിച്ചിരുന്ന റോട്ചെൻകോവ് ബ്രയാൻ ഫോഗെലിന്റെ സഹായത്തോടെ അമേരിക്കൻ നീതിന്യായ വകുപ്പിനെ സമീപിച്ച് ണശിേല ൈുൃീലേരശേീി പദ്ധതിയുടെ തണലിൽ തന്റെ ശിഷ്ടകാല ജീവിതം അമേരിക്കയിലെ അജ്ഞാതമായ ഒരു സ്ഥലത്ത് തുടരാൻ തീരുമാനിച്ചു.
റഷ്യക്കുപിന്നാലെ ചൈനയും
മാസങ്ങൾ പിന്നീടവെ, റഷ്യയുടെ ഉത്തേജകൗഷധ ഗൂഢാലോചന വിസ്മൃതിയിലേക്ക് മറഞ്ഞു തുടങ്ങി. വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ മെഡലുകൾ തിരിച്ചെടുത്ത 9 റഷ്യൻ കായികതാരങ്ങളെ അന്താരാഷ്ട്ര കായിക കോടതി കുറ്റവിമുക്തരാക്കിയ വിധിയെത്തി. 2016ലെ റിയോ സമ്മർ ഒളിമ്പിക്സിൽ റഷ്യൻ ഫെഡറേഷനെ വിലക്കണമെന്ന വാഡ (WADA)യുടെ അഭ്യർത്ഥന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി നിരാകരിച്ചു. എന്നാൽ റോട്ചെൻകോവിന്റെ വെളിപ്പെടുത്തൽ ലോകത്തിന് നൽകുന്ന തിരിച്ചറിവ് ചെറുതല്ല. റഷ്യ മാത്രമല്ല ചൈനയും ലോക കായിക മത്സരവേദികളിൽ ഉത്തേജക മരുന്നുപയോഗം നടത്തുന്നുണ്ടെന്ന ഗ്രിഗറി റോട്ചെൻകോവിന്റെ വാക്കുകൾ ഇന്ത്യയെ പോലെ വർധിതമായ ജനസമ്പത്തുള്ള രാജ്യങ്ങൾ പോലും ഒളിമ്പിക്സ് പോലെയുള്ള കായിക മത്സര വേദികളിൽ പിന്തള്ളപ്പെടുന്നത് പ്രതിഭാദാരിദ്ര്യം, മുന്നൊരുക്കങ്ങളുടെ അഭാവം എന്നീ കാരണങ്ങൾ കൊണ്ട് മാത്രമല്ല എന്ന് വ്യക്തമാക്കുന്നു. മികവിനുമപ്പുറം രസതന്ത്ര ഫോർമുലകൾ വിജയികളെ നിർണ്ണയിക്കുന്ന ഈ ഉത്തരാധുനിക മത്സരരംഗം ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ നൈതിക നയങ്ങൾക്ക് തീണ്ടാപ്പാട് അകലെയാണ് എന്ന തിരിച്ചറിവ് ഈ ഡോക്യൂമെന്ററി നമുക്ക് സമ്മാനിക്കുന്നു. അമേരിക്കയിലെ അജ്ഞാതമായ ഏതോ ബീച്ചിലെ മണൽപ്പരപ്പിൽ തന്റെ നായയുമൊത്ത് കളിക്കുന്ന ഗ്രിഗറി റോട്ചെൻകോവിന്റെ ദൃശ്യത്തോടെ 'ഇകാറസ്' അവസാനിക്കുന്നു. 2018 മാർച്ച് 4 ന് മികച്ച ഡോക്യൂമെന്ററിക്കുള്ള ഓസ്‌കാർ അവാർഡ് ഇകാറസിനെ തേടിയെത്തിയപ്പോൾ ആദരിക്കപ്പെട്ടത് സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് ലോകത്തോട് സത്യം വിളിച്ചു പറയാൻ ഗ്രിഗറി റോട്ചെൻകോവ് കാണിച്ച ത്യാഗസന്നദ്ധമായ നിലപാട് കൂടിയാണ്.