- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധോണിക്ക് പോലും സ്വന്തമാക്കാനായില്ല!; ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി റിഷഭ് പന്ത്; ഐസിസി റാങ്കിൽ ആദ്യ പത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. 23കാരനായ പന്ത് ആദ്യ പത്തിൽ ഇടം നേടി. നിലവിൽ ആറാം സ്ഥാനത്താണ് പന്ത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിലെത്തുന്നത്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന എം എസ് ധോണിക്ക് പോലും നേടാൻ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 19-ാം സ്ഥാനമാണ് ധോണിയുടെ ഉയർന്ന റാങ്ക്.
പന്തിനെ കൂടാതെ ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ഇന്ത്യൻ താരങ്ങൾ. രോഹിത് പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുകയാണ്. ന്യൂസിലൻഡിന്റെ ഹെന്റി നിക്കോൾസും ഇവർക്കൊപ്പം ആറാമതുണ്ട്. കോലി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ 7-8 മാസങ്ങളിൽ തകർപ്പൻ പ്രകടനമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ പുറത്തെടുത്തത്. ഓസ്്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ഇന്ത്യ പരമ്പര നേടുമ്പോൾ ബാറ്റുകൊണ്ട് താരം നിർണായക പ്രകടനം പുറത്തെടുത്തു താരം. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലും പന്തിന്റെ പങ്ക് അവിസ്മരണീയമായിരുന്നു. റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചതും ഈ പ്രകടനം തന്നെ.
ആറാം സ്ഥാനത്തുള്ള പന്ത്, രോഹിത്, നിക്കോൾസ് എന്നിവർക്ക് 747 പോയിന്റാണുള്ളത്. അതേസമയം, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (919) ഒന്നാം സ്ഥാനം നിലനിൽത്തി. ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത് (891), മർനസ് ലബുഷെയ്ൻ (878), ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് (831) എന്നിവരാണ് രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ. അഞ്ചാമതുള്ള കോലിക്ക് 814 പോയിന്റാണുള്ളത്. ബാബർ അസം (736), ഡേവിഡ് വാർണർ (724) എന്നിവരാണ് ആദ്യ പത്തിലെ അവസാന രണ്ട് സ്ഥാനക്കാർ.
ബൗളർമാരുടെ പട്ടികയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഓസീസ് പേസർ പാറ്റ് കമ്മിൻസ് നയിക്കുന്ന പട്ടികയിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനാണ് രണ്ടാമത്. മറ്റു ഇന്ത്യൻ താരങ്ങളാരും പട്ടികയിലില്ല. ഓൾറൗണ്ടർമാരുടെ പട്ടികയിൽ വെസ്റ്റ് ഇൻഡീസിന്റെ ജേസൺ ഹോൾഡറാണ് ഒന്നാമത്. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും. ആർ അശ്വിൻ നാലാമതുമുണ്ട്
സ്പോർട്സ് ഡെസ്ക്