ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളി രോഹിത് ശർമ. രോഹിത് അഞ്ചാം സ്ഥാനത്തേക്കുയർന്നപ്പോൾ ഇംഗ്ലണ്ട് പര്യടനത്തിൽ മോശം ഫോം തുടരുന്ന കോലി ആറാം സ്ഥാനത്തേക്ക് പിൻവാങ്ങി. ഇംഗ്ലീഷ് നായകൻ ജോ റൂട്ടാണ് തലപ്പത്ത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുംഫോമാണ് റൂട്ടിന് കരുത്തായത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റൂട്ട് ഒന്നാമത് മടങ്ങിയെത്തുന്നത്.

കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, രോഹിത് ശർമ്മ എന്നിവരാണ് റൂട്ടിന് പിന്നിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റിൽ നിന്ന് രോഹിത് 230 റൺസ് നേടിയപ്പോൾ കോലിക്ക് നേടാനായത് വെറും 124 റൺസ് മാത്രമാണ്. കരിയറിൽ ഇതാദ്യമായാണ് രോഹിത് ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ അഞ്ചിലെത്തുന്നത്.

2019ൽ ഇന്ത്യൻ ഓപ്പണറായി എത്തിയശേഷം ഇന്ത്യൻ നിരയിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന താരങ്ങളിലൊരാണ് രോഹിത് ശർമ. അതേസമയം, കഴിഞ്ഞ തവണ റാങ്കിങ് പുതുക്കിയപ്പോൾ ആദ്യ പത്തിൽ ഇടമുണ്ടായിരുന്ന ഋഷഭ് പന്ത് ഇത്തവണ പുറത്തായി. എട്ടാം റാങ്കിലുണ്ടായിരുന്ന പന്ത് നിലവിൽ 12ാം സ്ഥാനത്താണ്. ലീഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും പന്ത് രണ്ടക്കം കാണാതെ പുറത്തായിരുന്നു.

916 റേറ്റിങ് പോയന്റുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ (901) പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കരിയറിലെ ഏറ്റവും മികച്ച അഗ്രഗേറ്റ് റേറ്റിങ് പോയിന്റായ 917ന് ഒരു പോയിന്റ് മാത്രം പിന്നിലാണ് ഇപ്പോൾ ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ മൂന്ന് സെഞ്ചുറികൾ നേടിയ പ്രകടനമാണ് റൂട്ടിനെ തുണച്ചത്.

ലീഡ്‌സ് ടെസ്റ്റിൽ റൂട്ട് നേടിയ സെഞ്ചുറിയുടെ മികവിലാണ് ലോർഡ്‌സിലെ ടെസ്റ്റ് തോൽവിയിൽനിന്ന് തിരിച്ചെത്തിയ ഇംഗ്ലണ്ട് ഇന്നിങ്‌സിനും 76 റൺസിനും ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യയ്ക്കെതിരായ പരമ്പര ആരംഭിക്കുമ്പോൾ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു റൂട്ട്. 2015 ഡിസംബറിലായിരുന്നു ജോ റൂട്ട് ഇതിന് മുമ്പ് ഒന്നാം സ്ഥാനം അലങ്കരിച്ചത്.

891 റേറ്റിങ് പോയന്റുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്ത് തുടരുന്നു. 878 റേറ്റിങ് പോയന്റുമായി ഓസീസിന്റെ തന്നെ മാർനസ് ലബുഷെയ്നാണ് നാലാം സ്ഥാനത്ത്. അഞ്ചാമതുള്ള രോഹിത്തിന് 773 റേറ്റിങ് പോയന്റാണുള്ളത്. കോലിക്ക് 766 പോയന്റുമാണ് ഉള്ളത്. പാക്കിസ്ഥാൻ താരം ബാബർ അസം, ഓസീസ് താരം ഡേവിഡ് വാർണർ, ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡിക്കോക്ക്, ന്യൂസീലൻഡ് താരം ഹെൻ റി നിക്കോൾസ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ. ലീഡ്സിലെ രണ്ടാം ഇന്നിങ്സിൽ നേടിയ 91 റൺസോടെ ചേതേശ്വർ പൂജാര മൂന്ന് സ്ഥാനങ്ങളുയർന്ന് 15-ാംമതെത്തി.

ഇംഗ്ലീഷ് താരങ്ങളിൽ റോറി ബേൺസ് അഞ്ച് സ്ഥാനമുയർന്ന് 24-ാം സ്ഥാനത്തും ജോണി ബെയർ‌സ്റ്റോ രണ്ട് സ്ഥാനമുയർത്ത് 70-ാമതും എത്തി. ടെസ്റ്റ് മടങ്ങിവരവ് നടത്തിയ ഡേവിഡ് മലാൻ 88-ാം സ്ഥാനത്താണ്.

ബൗളർമാരിൽ പാറ്റ് കമ്മിൻസ്, രവിചന്ദ്ര അശ്വിൻ, ടിം സൗത്തി, ജോഷ് ഹേസൽവുഡ് എന്നിവരുടെ ആദ്യ നാല് സ്ഥാനങ്ങൾക്ക് ചലനമില്ല. ഇംഗ്ലീഷ് താരങ്ങളിൽ ജയിംസ് ആൻഡേഴ്സൺ വീണ്ടും ആദ്യ അഞ്ചിലെത്തിയപ്പോൾ ഓലി റോബിൻസൺ ഒൻപത് സ്ഥാനങ്ങൾ ഉയർന്ന് 36ലെത്തി. പത്താമതുള്ള ജസ്പ്രീത് ബുമ്രയ്ക്കാണ് ഇന്ത്യൻ പേസർമാരിൽ മികച്ച റാങ്കിങ്. ഓൾറൗണ്ടർമാരുടെ റാങ്കിംഗിന് ചലനമില്ല. ജേസൻ ഹോൾഡർ, ബെൻ സ്റ്റോക്സ്, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങൾ.