സതാംപ്ടൺ: ന്യൂസിലൻഡിനോട് തോൽവി വഴങ്ങി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം കൈവിട്ടതിന് പിന്നാലെ ഐസിസി ടൂർണമെന്റുകളിലെ ടീം ഇന്ത്യയുടെ കിരീട വരൾച്ച വീണ്ടും ചർച്ചയാകുന്നു. 2013ൽ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഐസിസി ടൂർണമെന്റുകളിൽ ടീം ഇന്ത്യയ്ക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല. നായകൻ വിരാട് കോലിയുടെ ക്യാപ്റ്റൻസി മികവുകൂടിയാണ് ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുന്നത്. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് കോലിക്കും ടീം ഇന്ത്യക്കും നിർണായകമാകും.

2014ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തോറ്റതാണ് ആദ്യ തിരിച്ചടി. തൊട്ടടുത്ത വർഷം ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ പുറത്തായി. 2016ലെ ട്വന്റി 20 ലോകകപ്പിലും സെമിഫൈനലിൽ വീണു. 2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തോൽവി വഴങ്ങി. 2019ലെ ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ മടങ്ങിയത് മറ്റൊന്ന്. ഇതാണ് 2013ന് ശേഷം ഐസിസി ടൂർണമെന്റുകളിൽ ടീം ഇന്ത്യയുടെ പ്രകടനം.

ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് ന്യൂസിലൻഡ് തകർക്കുകയായിരുന്നു. സ്‌കോർ: ഇന്ത്യ 217 & 170, ന്യൂസിലൻഡ് 249 & 140/2. രണ്ടാം ഇന്നിങ്സിൽ 139 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (52*), റോസ് ടെയ്ലർ (47*) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. രണ്ടിന്നിങ്സിലുമായി ഏഴ് വിക്കറ്റ് നേടിയ പേസർ കെയ്ൽ ജാമീസണാണ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടീം ഇന്ത്യക്ക് തിരിച്ചടിയായത് ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് ആദ്യ ഇന്നിങ്സിൽ 217 റൺസിന് ഇന്ത്യ പുറത്തായപ്പോൾ ആർക്കും അർധ സെഞ്ചുറിയിൽ എത്താനായില്ല. 49 റൺസെടുത്ത അജിങ്ക്യ രഹാനെ ആയിരുന്നു ടോപ് സ്‌കോറർ. വിരാട് കോലി(44), രോഹിത് ശർമ്മ(34), ശുഭ്മാൻ ഗിൽ(28) എന്നിവരാണ് മറ്റുയർന്ന മൂന്ന് സ്‌കോറുകാർ.

രണ്ടാം ഇന്നിങ്സിലും ഇന്ത്യ ബാറ്റിങ് ദുരന്തം ആവർത്തിച്ചു. ഇന്ത്യക്ക് എട്ട് വിക്കറ്റ് 99 റൺസിനിടെ നഷ്ടമായി. 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തായിരുന്നു ടോപ് സ്‌കോറർ. രോഹിത് ശർമ്മ 30 റൺസ് കണ്ടെത്തിയപ്പോൾ 16 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് മൂന്നാമത്തെ ഉയർന്ന സ്‌കോറുകാരൻ. വിരാട് കോലിയും(13), ചേതേശ്വർ പൂജാരയും(15) കെയ്ൽ ജാമീസന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്തായതും തിരിച്ചടിയായി.

അതേ സമയം രണ്ടു സ്പിന്നർമാരുമായി കളത്തിലിറങ്ങിയ ഇന്ത്യയുടെ ടീം സിലക്ഷൻ അമ്പേ പാളിയെന്ന വിമർശനങ്ങൾ തള്ളുന്നതാണ് നായകൻ വിരാട് കോലിയുടെ പ്രതികരണം. ന്യൂസീലൻഡ് 15 അംഗ ടീമിലുണ്ടായിരുന്ന ഏക സ്പിന്നർ അജാസ് പട്ടേലിനെ പുറത്തിരുത്തിയപ്പോൾ, രവിചന്ദ്രൻ അശ്വിനൊപ്പം രവീന്ദ്ര ജഡേജയേയും ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഫൈനൽ കളിച്ചത്.

മത്സരത്തിൽ അശ്വിൻ രണ്ട് ഇന്നിങ്‌സുകളിൽനിന്ന് നാലു വിക്കറ്റ് പിഴുതെങ്കിലും ജഡേജയ്ക്ക് ലഭിച്ചത് ഒരേയൊരു വിക്കറ്റാണ്. താരത്തിന് ബാറ്റിങ്ങിലും തിളങ്ങാനായില്ല. പൊതുവെ പേസ് ബോളർമാർ നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യയുടെ ടീം സിലക്ഷൻ വിമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോലിയുടെ പ്രതികരണം.

മത്സരത്തിൽ കാര്യമായി സ്വാധീനം ചെലുത്താൻ കഴിയാതിരുന്ന രവീന്ദ്ര ജഡേജയ്ക്കു പകരം ബാറ്റിങ്ങിൽ സാങ്കേതികമായി മികവു പുലർത്തുന്ന ഹനുമ വിഹാരിയെ ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്നാണ് വിമർശകരുടെ പക്ഷം. സ്വിങ് ബോളിങ്ങിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതും ഷാർദുൽ ഠാക്കൂറിനെ കളിപ്പിക്കാതിരുന്നതും വിമർശനത്തിന് കാരണമായി.

'മത്സരത്തിന്റെ ആദ്യ ദിനം പൂർണമായും മഴമൂലം ഉപേക്ഷിച്ചു. മത്സരം പുനരാരംഭിച്ചപ്പോൾ നമുക്ക് താളം കണ്ടെത്താനായില്ല. കളി നടന്ന ആദ്യ ദിനം നമുക്ക് മൂന്നു വിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്. പക്ഷേ, ഇടയ്ക്കിടെ കളി തടസ്സപ്പെട്ടില്ലായിരുന്നുവെങ്കിൽ നമുക്കു കുറച്ചുകൂടി റൺസ് നേടാൻ കഴിയുമായിരുന്നു' മത്സരശേഷം സംസാരിക്കവെ കോലി പറഞ്ഞു. ടീം തിരഞ്ഞെടുപ്പ് പാളിപ്പോയി എന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു കോലിയുടെ മറുപടി.

'നമുക്ക് ടീമിൽ വേണ്ടിയിരുന്നത് ഒരു പേസ് ബോളിങ് ഓൾറൗണ്ടറെയാണ്. നിർഭാഗ്യവശാൽ അത് ഇല്ലാതെ പോയി. ഈ ടീമിനെവച്ച് വ്യത്യസ്ത സാഹചര്യങ്ങളിൽ നാം കളി ജയിച്ചിട്ടുണ്ട്. ഇതാണ് നമുക്ക് ഇറക്കാവുന്ന ഏറ്റവും മികച്ച ടീമെന്ന ഉറപ്പിലാണ് താരങ്ങളെ തിരഞ്ഞെടുത്തത്. നമ്മുടെ ബാറ്റിങ് നിര നല്ല ആഴമുള്ളതായിരുന്നു. കളിയിൽ കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കിൽ സ്പിന്നർമാർക്ക് കുറച്ചുകൂടി റോളുണ്ടാകുമായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്' കോലി പറഞ്ഞു.

ഒരു ടെസ്റ്റ് കൊണ്ട് മികച്ച ടീമിനെ കണ്ടെത്തുന്നത് എങ്ങനെയെന്ന ചോദ്യവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. രണ്ടു ദിവസം മികച്ച ക്രിക്കറ്റ് കളിച്ചിട്ടും തോൽക്കുന്ന ടീം മോശമാണെന്ന് എങ്ങനെ പറയുമെന്ന് കോലി ചോദിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മൂന്നു ടെസ്റ്റുകൾ വേണമെന്ന പരിശീലകൻ രവി ശാസ്ത്രിയുടെ നിലപാട് ശരിവച്ചാണ് ഒരു ടെസ്റ്റിൽ അവസാനിക്കുന്ന ഫൈനലിനെ കോലി എതിർത്തത്.

'ഒരേയൊരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്ന ഈ രീതിയോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. അതിനായി ഒരു പരമ്പര നടത്തുന്നതാണ് ഏറ്റവും നല്ലത്. അവിടെയാണ് ഓരോ ടീമിനും അവരുടെ ശരിയായ കരുത്ത് പ്രകടിപ്പിക്കാനാകുക. തിരിച്ചടികളിൽനിന്ന് തിരിച്ചുവരാൻ കെൽപ്പുള്ള, എതിർ ടീമിനെ തൂത്തെറിയാൻ ശേഷിയുള്ള ടീം ഏതെന്ന് അങ്ങനെയാണ് കണ്ടെത്തേണ്ടത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പോരാട്ടത്തിൽ കടുത്ത സമ്മർദ്ദത്തിൽ കളിച്ച് തോറ്റതുകൊണ്ട് നിങ്ങൾ ഒരു മോശം ടീമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല' കോലി പറഞ്ഞു.

രണ്ടു വർഷത്തോളം നീണ്ടുനിന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ആകെ കളിച്ച ആറു പരമ്പരകളിൽ അഞ്ചിലും ഇന്ത്യ ജയിച്ചു. ആകെ നേടിയത് 520 പോയിന്റ്. സമീപകാലത്ത് ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര ജയിച്ചത് ആദ്യ ടെസ്റ്റ് തോറ്റ് പിന്നിലായതിനു ശേഷമാണ്.

'ടെസ്റ്റ് ലോകകപ്പിന്റെ ഫൈനലിൽ കുറഞ്ഞത് മൂന്നു മത്സരങ്ങളെങ്കിലും വേണം. എങ്കിൽ മാത്രമേ ആദ്യ കളിയിൽ അൽപം മോശമായെങ്കിലും തിരിച്ചടിക്കാനും വിജയത്തിലേക്കു കുതിക്കാനും കഴിയൂ. ഭാവിയിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾക്ക് ഈ രീതി പിന്തുടരുമെന്നാണ് എന്റെ പ്രതീക്ഷ. ഇത്തവണ തോറ്റതുകൊണ്ടല്ല എന്റെ ഈ വാദം. മറിച്ച് ടെസ്റ്റ് ക്രിക്കറ്റ് കൂടുതൽ ജനകീയമാക്കുന്നതിനാണ്. മാത്രല്ല, കഴിഞ്ഞ 45 വർഷങ്ങൾകൊണ്ട് ഞങ്ങൾ നേടിയെടുത്തതൊന്നും ഈ തോൽവികൊണ്ട് ഇല്ലാതാകുന്നുമില്ല' കോലി പറഞ്ഞു.