തിരുവനന്തപുരം: ചലച്ചിത്ര മേളകൾ സിനിമ കാണാനുള്ളതാണ്. അതിന്റെ ഭാഗം മാത്രമാണ് സംവാദങ്ങൾ. ചർച്ചകൾക്കും ഉദ്ഘാടനങ്ങൾക്കുമായി ഒരു ചലച്ചിത്ര മേളയിലും സിനിമകൾ പ്രദർശിപ്പിക്കാതിരുന്നിട്ടില്ല. ഈ അർത്ഥത്തിൽ വ്യത്യസ്തമാവുകയാണ് തിരുവനന്തപുരത്തെ കുട്ടികളുടെ ചലച്ചിത്ര മേള. മന്ത്രി കെ കെ ശൈലജയുടെ കീഴിലാണ് ശിശുക്ഷേമ സമിതി. അങ്ങനെയുള്ള മന്ത്രി എത്തുമ്പോൾ പിന്നെ ആരും സിനിമ കാണേണ്ട. മന്ത്രി പറയുന്നതും ചെയ്യുന്നതുമെല്ലാം കണ്ടാൽ മതി. ഇതാണ് തിരുവനന്തപുരത്തെ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്ര മേളയിലെ സംഘാടകരുടെ തീരുമാനം.

അഞ്ച് വേദികളാണ് മേളയ്ക്കുള്ളത്. ടാഗോറും കലാഭവനും കൈരളിയും ശ്രീയും നിളയും. ഇതിൽ കൈരളിയും ശ്രീയും നിളയും ഒരു കോപ്ലക്‌സിലെ തിയേറ്ററുകൾ. ഇവിടെയാണ് സംവാദങ്ങൾക്കും മറ്റുമുള്ള വേദി. ഇന്ന് രാവിലെ പ്രധാന സിനിമകൾ പലതും ഈ തിയേറ്ററിൽ ഓടേണ്ടതായിരുന്നു. കൈരളിയിലും ശ്രീയിലും നിളയിലും പതിനൊന്ന് മണിക്കുള്ള സിനിമ കാണാൻ കുട്ടി പ്രേക്ഷകർ നിറഞ്ഞു കവിഞ്ഞു. ഏറെ പ്രതീക്ഷ. കൈരളിയിൽ ഈ സമയം ദി ബോയ് ആൻഡ് ദി വേൾഡും ശ്രീയിൽ വൈൽഡ് ബെറീസും നിളയിൽ ഷോർട്ട് ഫിലിമുകളും.

വളരെ നേരത്തെ തന്നെ തിയേറ്ററിൽ കുട്ടികളും രക്ഷിതാക്കളുമെത്തി. കൃത്യസമയത്ത് ഷോ തുടങ്ങുമെന്ന സൂചന നൽകി സിഗ്നേച്ചർ ഫിലിമും മറ്റും കാട്ടി. സിനിമയിലേക്ക് കടക്കുമ്പോൾ പെട്ടെന്ന് സെക്യൂരിറ്റിക്കാരെത്തി. മൂന്ന് തിയേറ്ററിൽ നിന്നും കുട്ടികളെ പുറത്തേക്ക് ഇറക്കിവിട്ടു. മന്ത്രി തിയേറ്ററിൽ വരുന്നുണ്ട്. അതിനാൽ മന്ത്രിയെ കേട്ടാൽ മതി. സിനിമ കാണേണ്ടെന്നായി സംഘടാകരുടെ നിലപാട്. അങ്ങനെ എല്ലാ കുട്ടികളേയും പുറത്തിറക്കിയെന്ന് ഉറപ്പായപ്പോൾ മന്ത്രി ശൈലജ കൈരളി കോപ്ലക്‌സിലെത്തി. പിന്നെ ഉദ്ഘാടനവും ചർച്ചയുമെല്ലാം. മന്ത്രിക്ക് മുമ്പിൽ നിറയെ ആളുകൾ. അങ്ങനെ പരിപാടി പൊടിപൊടിച്ചു.

എന്നാൽ നടന്നതൊട്ടും ശരിയായില്ലെന്നാണ് കുട്ടികൾ പോലും പറയുന്നത്. മുതിർന്നവരുടെ ഫിലിം ഫെസ്റ്റിവലായിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നതാണ് ഉയർത്തുന്ന ചോദ്യം. മന്ത്രിയുടെ പരിപാടി നടക്കുമ്പോൾ സിനിമ കാണുന്നതിൽ തെറ്റുണ്ടോയെന്നും അവർ ചോദിക്കുന്നു. എന്നാൽ മന്ത്രിയുടെ പരിപാടിയും പ്രധാനമാണെന്ന് സംഘടാകർ നിലപാട് എടുക്കുന്നു. ട്രാൻസ് ജെൻഡേഴ്‌സുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു മന്ത്രിയുടെ പരിപാടി.

കുട്ടികളുടെ ചലച്ചിത്ര മേളയിൽ ഇത്തരമൊരു പരിപാടി എന്തിന് നടത്തിയെന്നതാണ് ഉയരുന്ന ചോദ്യം. ഇത് രാവിലെ തട്ടിക്കൂട്ടിയ പരിപാടിയാണെന്ന വാദവും സജീവമാണ്. പിന്നെ മന്ത്രിപോയ ശേഷം ഒരു മണിക്കൂറിന് ശേഷം സിനിമ തുടങ്ങി. അപ്പോഴേക്കും കുട്ടികളെല്ലാം തളർന്ന് തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പലരും സിനിമ കാണാതെ വീട്ടിലേക്ക് മടങ്ങി.