ദോഹ : തിരക്കേറിയ ഔദ്യോഗിക ജീവിതത്തിൽ നിന്ന് കുറച്ച് നേരം മാറി നിന്ന് ഖത്തറിന്റെ പ്രകൃതി മനോഹാരിതയും വൈവിധ്യവും കണ്ടെത്താനും ആസ്വദിക്കുവാനും പക്ഷി നിരീക്ഷകർക്കും, പ്രകൃതിസ്നേഹികൾക്കും, ഫോട്ടോഗ്രാഫർമാർക്കുമൊപ്പം ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും ചേർന്നത് പ്രകൃതി സ്‌നേഹികൾക്ക് ആവേശമായി.

ഖത്തറിലെ സസ്യജന്തുജാലങ്ങളെ ആസ്വദിക്കാനും പക്ഷികളുടെ വൈവിധ്യങ്ങളെ നിരീക്ഷിക്കുവാനും സൗദി അതിർത്തിക്കടുത്തുള്ള 'ഇർക്കായ' ഫാമിലേക്കുള്ള യാത്ര സംഘത്തോടൊപ്പമാണ് അംബാസഡർ ചേർന്നത്.

22 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ സ്വകാര്യ ഫാം യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കും മറ്റിടങ്ങളിലേക്കും കുടിയേറുന്ന പക്ഷികൾക്കുള്ള ഖത്തറിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി ഫാമിലെ വാസയോഗ്യവും ദേശാടനപരവുമായ പക്ഷികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഖത്തറിലെ പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും 300 ഓളം ഇനം പക്ഷികളെ ഫാമിൽ നിന്ന് ക്യാമറയിൽ പകർത്തി പക്ഷിനിരീക്ഷണം ആസ്വദിക്കാറുണ്ട്.

ഫാമിൽ നിന്നുള്ള പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ, ചിത്രശലഭങ്ങൾ എന്നിവയെക്കുറിച്ചുള്ള റഫറൽ പുസ്തകങ്ങൾ ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈസൻ ഓഫീസറായിരുന്ന പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ ദിലീപ് അന്തിക്കാടിന്റെ നേതൃത്വത്തിൽ പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ കൾചറൽ സെന്ററിൽ ഫോട്ടോഗ്രാഫി ക്ലബ് രൂപീകരിക്കുന്നതിന് മുൻകൈയെടുത്ത മുൻ ഐസിസി പ്രസിഡന്റ് എ.പി മണികണ്ടനും അംബാസഡറിനൊപ്പം യാത്രാ സംഘത്തിൽ ചേർന്നു.

താജുദ്ദീൻ സി, വിഷ്ണു ഗോപാൽ, ഹസീബ് സി.എം. തുടങ്ങിയവർ നേതൃത്വം നൽകി. 20 ലധികം വ്യത്യസ്ത ഇനം പക്ഷികളെ കാണാനായതായി സംഘാംഗങ്ങൾ പറഞ്ഞു. മാർഷ് ഹാരിയർ, പല്ലിഡ് ഹാരിയർ, കെസ്ട്രൽസ് ബീ ഈറ്റേർസ്, ലാർക്കുകൾ, ലാപ്വിങ്‌സ്, ഉരഗങ്ങൾ, ചിത്രശലഭങ്ങൾ എന്നിവയും സന്ദർശന വേളയിൽ സംഘത്തിന്റെ ശ്രദ്ധയാകർഷിച്ചു.

ഇത്തരം പ്രകൃതി നിരീക്ഷണ ഫോട്ടോഗ്രാഫി യാത്രകൾ തുടരുന്നതിന് പരിപാടിയുണ്ടെന്ന് ഐസിസി ക്ലബ് സെക്രട്ടറി ഹസീബ് അറിയിച്ചു.