ഒട്ടാവ: വർഷങ്ങൾക്ക് മുമ്പ് 1912ൽ ടൈറ്റാനിക്ക് കപ്പലിനെ കന്നിയാത്രയിൽ മുക്കിയത് ഒരു ഭീമൻ മഞ്ഞ് മലയാണെന്ന് ഏവർക്കുമറിയാം. എന്നാൽ ഉയരത്തിൽ അതിനേക്കാൾ 50അടി കൂടുതലുള്ള മറ്റൊരു ഭീമൻ മഞ്ഞ് മല നിലവിൽ കാനഡ കടലോരത്ത് കൂടി അതിവേഗത്തിൽ ഒഴുകി നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് 150 അടി ഉയരമാണുള്ളത്.

മഞ്ഞിന്റെ ഈ ഭയാകന രൂപം ഒഴുകി നീങ്ങുന്നത് നേരിൽ കാണാൻ ഇവിടേക്ക് ആയിരക്കണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് തെക്കൻ തീരത്തുടനീളം ഈസ്റ്റർ സമയത്ത് കനത്ത ഗതാഗതക്കുരുക്ക് സംജാതമായിരുന്നു. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാംബ്രഡോർ പ്രവിശ്യയിലെ ഫെറിലാൻഡ് ഈ മഞ്ഞു മലയുടെ സാന്നിധ്യത്തെ തുടർന്ന് ഞൊടിയിടെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തിരുന്നു.

ഈ പ്രവിശ്യയുടെ തീരങ്ങളിലൂടെ ഓരോ സ്പ്രിങ്സീസണിലും ആർട്ടിക്കിൽ നിന്നുമുള്ള പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള ഭീമൻ മഞ്ഞ് മലകൾ ഒഴുകി നീങ്ങാറുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ഏറ്റവും വലുപ്പമുള്ള മഞ്ഞുമലകളിൽ ഒന്നാണിപ്പോൾ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതാണിതെന്നാണ് ഫെറിലാൻഡ് മേയറായ എയ്ഡാൻ കവനാഗ് വെളിപ്പെടുത്തുന്നത്.

ഇത് കരയ്ക്ക് വളരെ അടുത്ത് കൂടിയാണ് നീങ്ങുന്നതെന്നതിനാൽ ആളുകൾക്ക് വ്യക്തമായി ഫോട്ടോയെടുക്കാൻ സാധിക്കുന്നുണ്ട്. ഇതിന് മുമ്പ് ഇതിലൂടെ കടന്ന് പോയിരുന്ന ഐസ് ബർഗുകൾ ഒഴുകി നീങ്ങുന്നവയായിരുന്നുവെന്നും എന്നാൽ കടലിന്നടിയിലേക്ക് ഇത്രയ്ക്ക് ആഴ്ന്ന് നിൽക്കുന്നതും ഇത്രയ്ക്കും ഭീമാകാരമായിട്ടുള്ളതുമായ മഞ്ഞ് മല ദൃശ്യമായിട്ടില്ലെന്നും മേയർ പറയുന്നു. ഇവിടേക്ക് ആളുകൾ പ്രവഹിക്കാൻ തുടങ്ങിയതോടെ ഫെറിലാൻഡിലെ ടൂർ ഓപ്പറേറ്റർമാർ ആവേശത്തിമർപ്പിലാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള ടൂറിസം ബിസിനസ് കൊഴുക്കാൻ തുടങ്ങിയിട്ടുണ്ട്.

ഈ വർഷം ഇതുവരെയായി 616 മഞ്ഞ് മലകളാണ് കപ്പൽപ്പാതയിലൂടെ ഒഴുകി നീങ്ങിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇവയുടെ എണ്ണം 687 ആയിരുന്നു. ശക്തമായ ആന്റി ക്ലോക്ക് വൈസ് കാറ്റുകളും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളുമാണ് ഇത്തരത്തിൽ മഞ്ഞ് മലകൾ വേറിട്ട് ഒഴുകിപ്പോകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.