വസാനം മാസങ്ങളായി ശാസ്ത്രലോകം ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു. 5800 സ്‌ക്വയർ കിലോമീറ്റർ വലുപ്പവും 300 കോടി ടൺ തൂക്കവുമുള്ള ഭീമൻ മഞ്ഞുമല അന്റാർട്ടിക്കയിൽ നിന്നും വേർപെട്ടിരിക്കുകയാണ്. ലണ്ടൻ നഗരത്തിന്റെ നാലിരട്ടി വലുപ്പമുള്ള മല കടലിലേക്ക് ഇറങ്ങിയാൽ സംഭവിക്കാൻ ഇടയുള്ള ദുരന്തങ്ങൾ ഓർത്ത് പേടിക്കുകയാണ് ലോകമിപ്പോൾ. പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ലാർസൻ സി ഐസ് ഷീറ്റിൽ നിന്നും അടർന്ന് മാറിയിരിക്കുന്ന ഈ മഞ്ഞ് മല നാളിതു വരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും വലിയ മഞ്ഞ് മലകളിലൊന്നാണെന്നതാണ് ആശങ്ക വർധിപ്പിച്ചിരിക്കുന്നത്.

ഈ പ്രദേശവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാറ്റലൈറ്റ് ഡാറ്റകൾ നിരീക്ഷിച്ച ശേഷമാണ് ശാസ്ത്രജ്ഞന്മാർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നാസ ഉപഗ്രഹമാണിത് കണ്ടെത്തിയിരിക്കുന്നത്. അന്റാർട്ടിക്കയിൽ മഞ്ഞുപാളികളിൽ വിള്ളലുണ്ടാകുന്നത് ഇതാദ്യമായൊന്നുമല്ല. എന്നാൽ വലുപ്പം കാരണം ലാർസൻ സിയുടെ അടർന്ന് മാറലിനെ ഗവേഷകർ വളരെ ആശങ്കയോടെയും ഗൗരവത്തോടെയുമാണ് കണക്കാക്കുന്നത്. ഈ മഞ്ഞു മല കടലിലേക്കിറങ്ങി കപ്പൽ ഗതാഗതത്തിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമോ എന്ന ഭയാശങ്ക രൂക്ഷമായിരിക്കുകയാണ്. അടർന്ന് മാറുന്നതിന് മുമ്പ് തന്നെ ഇത് ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതിനാൽ സമുദ്രനിരപ്പ് ഉയരാൻ സാധ്യതയില്ലെന്ന് ഗവേഷകർ പറയുന്നു.

അന്റാർട്ടിക്കയിലെ മഞ്ഞ് പാളികളിൽ ഇത്തരത്തിൽ വിള്ളലുണ്ടാകുന്നതിന് പ്രധാന കാരണം ആഗോളതാപനമാണ്. 1995ൽ ലാർസൻ എ മഞ്ഞ് പാളിയിൽ പിളർപ്പുണ്ടായിരുന്നു. ഏഴ് വർഷത്തിന് ശേഷം ലാർസൻ ബിയിലും വിള്ളൽ ദൃശ്യമായിരുന്നു. ഇത്തരത്തിൽ മഞ്ഞ് മല വേർപെടുന്ന പ്രക്രിയ കാൽവിങ് എന്നാണറിയപ്പെടുന്നത്. നിലവിൽ ഇത് അന്റാർട്ടിക്ക് സമുദ്രത്തിലേക്ക് പ്രവേശിച്ച് തുടങ്ങിയെന്ന വിധത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ആഗോള സമുദ്രനിരക്കിനെ 10 സെന്റീമീറ്ററോളം ഉയർത്താൻ ഇതിന് ശേഷിയുണ്ടെന്നാണ് ചില ഗവേഷകർ മുന്നറിയിപ്പേകുന്നത്.

എ 68 എന്നറിയപ്പെടുന്ന ഈ മഞ്ഞ് മല ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള 10 മഞ്ഞ് മലകളിൽ ഒന്നാണ്. ജൂലൈ പത്തിനും ജൂലൈ 12നും ഇടയിലാണ് ഈ വേർപെടൽ ഉണ്ടായിരിക്കുന്നതെന്നാണ് സ്വാൻസീ യൂണിവേഴ്‌സിറ്റി ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച ഗവേഷക സംഘത്തിൽ യൂണിവേഴ്‌സിറ്റി ഓഫ് സ്വാൻസീ, ബ്രിട്ടീഷ് അന്റാർട്ടിക് സർവേ, എന്നിവയിൽ നിന്നുള്ള റിസർച്ചർമാർ ഉൾപ്പെടുന്നു. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ കോപ്പർ നിക്കസ് സെന്റിനെൽ1 സാറ്റലൈറ്റുകളുപയോഗിച്ചാണ് നിലവിൽ മഞ്ഞ് മലയുടെ നീക്കം നിരീക്ഷിക്കുന്നത്.