തലശേരി: ധർമടം പാലയാട് നരിവയലിൽ ബോംബ് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരുക്ക്. നരിവയലിൽ ലേഡീസ് ഹോസ്റ്റലിനു സമീപത്തുള്ള വീടിന്റെ കോംപൗണ്ടിൽ നിന്ന് കളിക്കുന്നതിനിടെ ലഭിച്ച ബോളാകൃതിയിലുള്ള ബോംബ് എറിഞ്ഞപ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്.

കൈക്കും വയറിനും പരുക്കേറ്റ കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീവർധ് പ്രദീപിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ഐസ്‌ക്രീം ബോംബുകളിൽ ഒന്നാണ് പൊട്ടിയത്. ശ്രീവർധിന്റെ കൂടെ രണ്ടു പേരുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

നരിവയലിലെ പി.എസ് ഹൗസിൽ പ്രദീപിന്റെ മകനാണ് ശ്രീവർധ്.

തലശേരി എ.സി.പി വിഷ്ണു പ്രദീപ്, ധർമടം പൊലിസ് ഇൻസ്‌പെക്ടർ ടി.പി സുമേഷ്, പ്രിൻസിപ്പൽ എസ്‌ഐ ധന്യകൃഷ്ണൻ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡെത്തി കണ്ടെത്തിയ ബോംബുകൾ നിർവീര്യമാക്കി.