- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിഐസിഐ ബാങ്കിന്റെ മോർട്ട്ഗേജ് വായ്പകൾ രണ്ടു ലക്ഷം കോടി രൂപ കടന്നു
കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ മോർട്ട്ഗേജ് വായ്പകൾ രണ്ടു ലക്ഷം കോടി രൂപ കടന്നു. വസ്തു ഈടിന്മേലുള്ള വായ്പകളുടെ കാര്യത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്വകാര്യ ബാങ്ക് എന്ന സ്ഥാനമാണ് ഇതോടെ ഐസിഐസിഐ ബാങ്കിനു സ്വന്തമായിരിക്കുന്നത്. മോർട്ട്ഗേജിന്റെ എല്ലാ പ്രക്രിയകളും ഡിജിറ്റലൈസ് ചെയ്യുകയും തൽക്ഷണ വായ്പാ അനുമതികൾ ലഭ്യമാക്കുകയും ചെയ്ത് ഉപഭോക്താക്കൾക്ക് ലളിതമായ അനുഭവങ്ങൾ പ്രദാനം ചെയ്താണ് ഈ നേട്ടം കൈവരിക്കാനായത്. രാജ്യത്തെ ഇടത്തരം, ചെറു പട്ടണങ്ങളിൽ അടക്കം വിപുലമായ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടു കൂടിയാണ് ഈ നേട്ടം.
ഉപഭോക്താക്കൾക്കു കൂടുതൽ സൗകര്യപ്രദമായ സംവിധാനങ്ങൾ അവതരിപ്പിച്ചു കൊണ്ട് ചെറുകിട വായ്പാ മേഖലയിൽ തങ്ങൾ കഴിഞ്ഞ രണ്ടു ദശാബ്ദമായി വളർച്ചയെ ത്വരിതപ്പെടുത്തുകയായിരുന്നു എന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബഗ്ചി പറഞ്ഞു. നിരവധി വർഷങ്ങളായുള്ള ശ്രമ ഫലമായി രണ്ടു ട്രില്യൺ (രണ്ടു ലക്ഷം കോടി) രൂപയുടെ ചെറുകിട മോർട്ട്ഗേജ് വായ്പകൾ എന്ന നേട്ടം തങ്ങൾ കൈവരിച്ചിരിക്കുകയാണ്. ഈ നാഴികക്കല്ലു പിന്നിടുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്കാണു തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മോർട്ട്ഗേജ് വായ്പാ പ്രക്രിയ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുവാനായി വായ്പ അനുവദിക്കുന്നതിനു ബിഗ് ഡാറ്റാ വിശകലനത്തെയാണ് ബാങ്ക് പ്രയോജനപ്പെടുത്തിയത്. പുതിയ വായ്പകൾ, വായ്പ ഉയർത്തൽ, ബാലൻസ് കൈമാറ്റം ചെയ്യൽ തുടങ്ങിയവയെല്ലാം മുൻകൂർ അനുമതിയുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് തൽസമയം ലഭ്യമാക്കുകയായിരുന്നു. ഉപഭോക്താവിന് അനുപതി പത്രവും ഉടൻ ലഭിക്കും. ഈ മഹാമാരിക്കാലത്ത് വീട്ടിലിരുന്നു തന്നെ പൂർത്തിയാക്കാനാവുന്ന വീഡിയോ കെവൈസി സംവിധാനവും ബാങ്ക് അവതരിപ്പിച്ചു. ഇവയുടെയെല്ലാം ഫലമായി പുതിയ ഭവന വായ്പകളിൽ മൂന്നിലൊന്നും ഡിജിറ്റലായാണ് നൽകുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇത് നാലിൽ മൂന്നായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മെട്രോ നഗരങ്ങൾക്കൊപ്പം ചെറിയ പട്ടണങ്ങളിലുമായി 1,100 കേന്ദ്രങ്ങളിലാണ് ബാങ്കിനു സാന്നിധ്യമുള്ളത്. വായ്പാ പ്രോസസ്സിങ് കേന്ദ്രങ്ങൾ 170-ൽ നിന്ന് 200 ആയും ഉയർത്തിയിട്ടുണ്ട്.
മോർട്ട്ഗേജ് വായ്പാ വിതരണം കോവിഡിനു മുൻപുള്ള സ്ഥിതിയെ മറികടന്നിട്ടുണ്ടെന്ന് സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിലെ പ്രവർത്തന ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബർ മാസത്തിലാകട്ടെ എക്കാലത്തേയും ഉയർന്ന പ്രതിമാസ നിലയിലുമെത്തി. സെപ്റ്റംബറിനേക്കാൾ ഉയർന്ന നേട്ടമാണ് ഒക്ടോബറിലേതെന്ന് ഐസിഐസിഐ ബാങ്ക് സെക്യേർഡ് അസറ്റ്സ് വിഭാഗം മേധാവി രവി നാരായണൻ പറഞ്ഞു. മോർട്ട്ഗേജ് മേഖലയിൽ ഏറ്റവും ഉയർന്ന നേട്ടമാണ് ഒക്ടോബറിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രക്രിയകളും ഡിജിറ്റലൈസ് ചെയ്തതോടെ ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നു തന്നെ വായ്പകൾക്ക് അപേക്ഷിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗീകാരമുള്ള 41,600 റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിവരങ്ങൾ ഉപഭോക്താക്കൾക്കു നൽകുന്ന വെർച്വൽ എക്സിബിഷൻ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ഇതും മഹാമാരിക്കാലത്ത് ഉപഭോക്താക്കൾക്ക് വലിയ ഗുണമായി.
നവീനമായ നിരവധി ഡിജിറ്റൽ വായ്പാ പദ്ധതികളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. അർഹത ഉയർത്തുന്നതിനായുള്ള മോർട്ട്ഗേജ് ഗാരണ്ടിയോടെയുള്ള ഭവന വായ്പകളും ഇതിൽ പെടുന്നു. സൗകര്യപ്രദമായ തിരിച്ചടവിനുള്ള സ്റ്റെപ് അപ് വായ്പകൾ, ഇന്ത്യയിലെത്താത്തെ തന്നെ തൽസമയ അനുമതി പത്രം നേടാനാവുന്ന പ്രവാസി മോർട്ട്ഗേജ് വായ്പകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.