കൊച്ചി: പത്തു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഐസിഐസിഐ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചു. മാർച്ച് അഞ്ചു മുതൽ നിലവിൽ വന്ന ഈ നിരക്ക് 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്കാണ് ബാധകം. 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകൾക്ക് 6.75 ശതമാനമാണ് നിരക്ക്. 2021 മാർച്ച് 31 വരെ ഈ പുതുക്കിയ നിരക്ക് ലഭ്യമായിരിക്കും.

ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവർക്കും വെബ്‌സൈറ്റ് വഴിയോ ഐമൊബൈൽ പേ വഴിയോ വളരെ ലളിതമായി ഭവന വായ്പകൾക്ക് അപേക്ഷിക്കാം. അടുത്തുള്ള ഐസിഐസിഐ ബാങ്ക് ശാഖയിൽ നിന്ന് ഡിജിറ്റൽ രീതിയിൽ അപേക്ഷിക്കാനും തൽസമയം വായ്പാ അനുമതി നേടാനും സാധിക്കും.

പൂർണമായും ഡിജിറ്റൽ രീതിയിലുള്ള ഭവന വായ്പാ പ്രക്രിയയും തൽസമയ അനുമതിയുമെല്ലാം ഏതു ബാങ്കിന്റെ ഉപഭോക്താക്കൾക്കും തങ്ങളിൽ നിന്നു വായ്പ എടുക്കുന്നത് സൗകര്യപ്രദമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ബാങ്ക് സെക്യേർഡ് അസറ്റ്‌സ് വിഭാഗം മേധാവി രവി നാരായണൻ പറഞ്ഞു.

സ്വന്തം താമസത്തിനായി വീടു വാങ്ങുന്നവരുടെ കാര്യത്തിൽ ഉയർച്ചയുണ്ടാകുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കാണുന്നത്. കുറഞ്ഞ പലിശ നിരക്കു പരിഗണിക്കുമ്പോൾ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുവാനുള്ള ഏറ്റവും മികച്ച സമയം ഉതാണെന്നും അദ്ദേഹം പറഞ്ഞു.