ന്യൂഡൽഹി: ശബ്ദമലിനീകരണം ഉണ്ടാക്കുന്നവയുടെ കൂട്ടത്തിൽ മുസ്ലിം പള്ളിയും! . ഐ സിഎസ് ഇ സിലിബസ്സിലുള്ള ശാസ്ത്ര പാഠപുസ്തകത്തിൽ ശബ്ദ മലിനീകരണത്തെ കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗത്തിലാണ് വിവാദ ചിത്രം ഉള്ളത്. അങ്ങനെ ആറാം ക്ലാസ് പാഠപുസ്തകം വിവാദത്തിലാവുകയാണ്.

ഉയർന്ന ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ, തീവണ്ടി, വിമാനം എന്നിവയുടെ ചിത്രങ്ങൾക്കൊപ്പമാണ് പള്ളിയുടെ ചിത്രവും കാണിച്ചിരിക്കുന്നത്. ഇത് മനപ്പൂർവ്വമാണെന്ന വാദമാണ് ഉയരുന്നത്. പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ പെറ്റീഷൻ സമർപ്പിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മ. ഇതോടെ ചിത്രം നീക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

'ഇത്തരത്തിൽ അഭിപ്രായ അനൈക്യമുള്ള, വിവാദമുള്ള ഉള്ളടക്കമുള്ള പാഠഭാഗങ്ങൾ ഏതെങ്കിലും സ്‌കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ സ്‌കൂളുകൾക്കും പുസ്തകമിറക്കുന്ന പബ്ലിഷർമാർക്കുമാണ് അതിന്റെ ഉത്തരവാദിത്വം. അവരാണ് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതെന്ന്' ഐസിഎസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ജെറി ആരത്തൂൺ പറയുന്നു.

തെറ്റ് പറ്റിയതിൽ ഖേദിക്കുന്നുവെന്ന് സെലീന പബ്ലിഷർസ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. മാത്രമല്ല പുസ്തകത്തിൽ നിന്ന് ചിത്രം നീക്കം ചെയ്യുമെന്നും അവർ അറിയിച്ചു.