തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്സുകളിൽ ഓൺലൈൻ പരിശീലനം നൽകുന്നു. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ(ആർപിഎ), ഫുൾ സ്റ്റാക്ക് ഡെവലപ്പര്, ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി , ഡിജിറ്റൽ മാർക്കറ്റിങ്, യെസ്റ്റൻഡഡ് റിയാലിറ്റി എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഈ കോഴ്സുകൾക്ക് കോഴ്സ് ഫീസിന്റെ 75% സ്‌കോളർഷിപ്പ് നോർക്ക റൂട്സ് വഴി ലഭ്യമാകുന്നതായിരിക്കും.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റ്റിസിഎസ് (TCS) അയോൻ ഇന്റേൺഷിപ്പും ലഭ്യമാണ്. 350 മുതൽ 400 മണിക്കൂർ വരെയാണ് വിവിധ കോഴ്സുകളുടെ ദൈർഘ്യം.ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

മാറിയ കാലഘട്ടത്തിൽ തൊഴിൽ മേഖല ആവശ്യപ്പെടുന്ന നൂതന സാങ്കേതികവിദ്യ കോവിഡ് 19 മൂലം തൊഴിൽ നഷ്ടപ്പെട്ട വിദേശമലയാളികൾക്കും, ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും, അവസാന സെമസ്റ്റർ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും ഒരുപോലെ അപേക്ഷിക്കാം.

ലൈവ് ക്ലാസുകൾ, റെക്കോർഡ് ചെയ്ത പാഠ്യഭാഗങ്ങൾ, സംശയ നിവാരണത്തിനുള്ള സൗകര്യങ്ങൾ, പഠന പുരോഗതി വിലയിരുത്തുന്ന പരീക്ഷകൾ, നൈപുണ്യ വികസനത്തിന് ഉതകുന്ന ജീവിതഗന്ദിയായ പ്രൊജക്റ്റുകൾ, കൂടുതൽ റഫറൺസിന് ഉതകുന്ന പഠന സാമഗ്രികൾ എന്നിവയും ഐസിടി അക്കാദമി ഒരുക്കുന്ന ഡിജിറ്റൽ പ്ലാറ്റഫോം വഴി ലഭ്യമാണ്. ഈ പ്രത്യേകതകൾ മൂലം ലോകത്ത് എവിടെയിരുന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പരിശീലനം നേടാവുന്നതാണ്. അതോടൊപ്പം കോഴ്സിലുടനീളം വിദഗ്ധരുടെ സാന്നിധ്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്.

റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന് 17,900 രൂപയും, ഫുൾ സ്റ്റാക്ക് ഡെവലപ്പറിന് 17,900 രൂപയും, ഡാറ്റാ സയൻസ് & അനലിറ്റിക്സിന് 25000 രൂപയും സൈബർ സെക്യൂരിറ്റി കോഴ്സിന് 22000 രൂപയും ഡിജിറ്റൽ മാർക്കറ്റിംഗിന് 17900 രൂപയും വെർച്ച്വൽ റിയാലിറ്റിക്ക് 24300 രൂപയുമാണ് കോഴ്സ് ഫീസ് (നികുതികൾ പുറമെ).

പ്രവേശന പരീക്ഷ ഒക്ടോബർ 15 ന് നടക്കും. അപേക്ഷകൾ ഒക്ടോബർ അഞ്ചിന് മുമ്പായി https://ictkerala.org/course-registration/ എന്ന വെബ്സൈറ്റ് വഴി ലഭിക്കണം. ക്ലാസുകൾ ഒക്ടോബർ 27 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്-0471-27008/11/12/13, 8078102119.