ലണ്ടൻ: ഗ്രെൻഫെൽ ടവറിൽ അഗ്‌നിബാധയുണ്ടായി ചുരുങ്ങിയത് 79 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ട് ഇന്നേക്ക് ഒരാഴ്ചയാവുകയാണ്. എന്നിട്ടും അത്യാവശ്യ സഹായം പോലും ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടില്ലെന്ന പരാതി ശക്തമാകുന്നു. അതായത് ദുരിത ബാധിതർക്ക് പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത അടിയന്തിര ധനസഹായം മിക്കവർക്കും നൽകാൻ അധികൃതർ തയ്യാറാവുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അഗ്‌നിബാധയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിന്റെ പേരിലാണ് സഹായധനം നൽകാൻ വേണ്ടപ്പെട്ടവർ തയ്യാറാകാത്തത്.

ഇതിനെ തുടർന്ന് മിക്കവരും ജീവിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങേണ്ട ഗതികേടിലായിരിക്കുന്നു. കിടപ്പാടം നഷ്ടപ്പെട്ട അനേകർ കാറിലാണ് അന്തിയുറങ്ങുന്നത്. കാര്യങ്ങൾ ഇങ്ങനെയായിരിക്കേ ഇതിനേക്കാൾ ഭേദം ആ അഗ്‌നിയിൽ വെന്ത് മരിക്കുകയായിരുന്നു എന്ന് പറഞ്ഞ് ഗ്രെൻഫെൽ ടവറിൽ നിന്നും രക്ഷപ്പെട്ടവർ പരിതപിക്കുന്നുമുണ്ട്. പരുക്കേറ്റ 14 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇതിൽ എട്ട് പേർ ഗുരുതരാവസ്ഥയിലാണെന്നുമാണ് എൻഎച്ച്എസ് റിപ്പോർട്ട് ചെയ്യുന്നത്. ബഹുനിലക്കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയിൽ ഏതാണ്ട് 79 പേർ മരിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ അനുമാനമെങ്കിലും കാണാതായവർ ഇനിയുമുള്ളതിനാൽ മരണസംഖ്യ ഉയരുമോയെന്ന ആശങ്കയും ഇല്ലാതില്ല. കെട്ടിടത്തിൽ തെരച്ചിൽ ഇപ്പോഴും തുടരുകയുമാണ്.

ഇവിടെ ഇപ്പോഴും അനിശ്ചിതത്വും അതിനെ തുടർന്നുള്ള പ്രശ്‌നങ്ങളും തുടരുന്നുണ്ടെന്നും ആളുകൾ ഇപ്പോഴും കാറുകളിൽ ഉറങ്ങേണ്ട ഗതികേടുണ്ടെന്നറിഞ്ഞ് താൻ അസ്വസ്ഥത തോന്നുന്നുവെന്നാണ് ഗ്രാൻഫെൽ ടവർ നിലകൊള്ളുന്ന പ്രദേശത്തെ എംപിയായ ലേബർ പാർട്ടിയിലെ എമ്മ ഡെന്റ് കോഡ് പ്രതികരിച്ചിരിക്കുന്നത്. അപകടം നടന്ന് ഒരാഴ്ചയായിട്ടും ഇവിടെ സ്ഥിതിഗതികൾക്ക് വലിയ മാറ്റമില്ലെന്നും എമ്മ സാക്ഷ്യപ്പെടുത്തുന്നു. ടവറിന്റെ 15ാം നിലയിലെ ഫ്‌ലാറ്റിൽ താമസിച്ചവരും തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടവരുമായിരുന്നു സിദ്അലി അറ്റ്മാലിയും റാഷിദ അലിയും പത്ത് വയസുകാരിയായ മകളും.

ഇവർ ഇപ്പോൾ ഒരു ഹോട്ടലിലാണ് കഴിയുന്നത്. എന്നാൽ അപകടത്തിന് ശേഷം തങ്ങൾക്ക് അധികൃതർ തുടർവിവരങ്ങളും നിർദേശങ്ങളും കൃത്യമായി നൽകുന്നില്ലെന്ന് ഇവർക്ക് പരാതിയുണ്ട്. ഭൗതികമായും മാനസികമായും യാതൊരു വിധത്തിലുള്ള പിന്തുണയും ബന്ധപ്പെട്ടവർ നൽകുന്നില്ലെന്നും അവർ ആരോപിക്കുന്നു. ഗവൺമെന്റ് വാഗ്ദാനം ചെയ്ത പണം കൈപ്പറ്റാൻ ചില ഇരകൾ പോയിട്ടുണ്ടെങ്കിലും അവർക്ക് രേഖകളില്ലാത്തതിനാൽ ഫോമുകൾ നേരാംവണ്ണം പൂരിപ്പിച്ച് നൽകാൻ സാധിക്കാത്തതിനാൽ വെറും കൈയോടെ മടങ്ങേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്ന് ലോയറായ ഖദിജ സാക്രനി വെളിപ്പെടുത്തുന്നു. ഗ്രാൻഫെൽ ഇരകൾക്ക് ആവശ്യമായ സൗജന്യ നിയമസഹായം ഇവർ നൽകി വരുന്നുണ്ട്.

തീപിടിത്തത്തിന് ശേഷം ടവറിലെ നൂറിലധികം പേർ വിവിധ ഹോട്ടലുകളിലേക്ക് താമസം മാറിയിരുന്നു. ഇതിനിടെ അവർക്ക് ദീർഘകാലം താമസിക്കാനുള്ള സൗകര്യങ്ങൾക്കായി അന്വേഷണം തുടരുന്നുമുണ്ട്. മറ്റ് ചിലർ ബന്ധുക്കളുടെ വീടുകളിലേക്കാണ് പോയിരിക്കുന്നത്. എന്നാൽ അധികൃതർ തങ്ങളുടെ ഹൗസിങ് പോളിസി ഇനിയും വ്യക്തമാക്കാത്തതിനാൽ തങ്ങൾ ദീർഘകാലം വീടില്ലാത്തവരായി ജീവിക്കേണ്ടി വരുമോയെന്ന ഭയത്തിലാണ് നിരവധി പേർ കഴിയുന്നതെന്നാണ് ലണ്ടൻ ലോ ഫേം ഹോഡ്ജ് ജോൺസ് ആൻഡ് അല്ലെനിലെ ജയേഷ് കുൻവാർഡിയ ചൂണ്ടിക്കാട്ടുന്നത്.