ന്റെ അസാധാരണമായ ജീവിതാനുഭവങ്ങൾകൊണ്ട്, അസാധാരണം തന്നെയായ ഒരു സമൂഹത്തിന്റെ ജീവിതം കണ്ടറിയുന്ന ഒരു ഏകാധ്യാപകവിദ്യാലയത്തിലെ അദ്ധ്യാപകന്റെ ആത്മകഥാപരമെന്നോ സമൂഹചരിത്രപരമെന്നോ വിളിക്കാവുന്ന സ്മരണകളുടെ പുസ്തകമാകുന്നു, 'ഇടമലക്കുടി: ഊരും പൊരുളും'.

കേരളത്തിലെ ഏക ആദിവാസി (പട്ടികവർഗ) പഞ്ചായത്തായ ഇടമലക്കുടിയിൽ ഒന്നരപതിറ്റാണ്ടായി ജീവിച്ച് അവിടത്തെ ഊരുകളിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും അവരുടെ ജീവിതം രൂപപ്പെടുത്തുകയും ചെയ്യുന്ന പി.കെ. മുരളീധരൻ എന്ന അദ്ധ്യാപകനാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ ഏറെ മാദ്ധ്യമശ്രദ്ധയും ലോകശ്രദ്ധയും നേടിയ ഇടമലക്കുടിയുടെ സാമൂഹ്യ-നരവംശശാസ്ത്രപഠനമെന്ന നിലയിൽപോലും കാണാൻ കഴിയും ഈ ചെറുപുസ്തകത്തെ. എഴുതപ്പെട്ട ചരിത്രമെന്നല്ല, പുറംലോകത്തോട് കാര്യമായ സമ്പർക്കം പോലുമില്ലാത്ത ഒരു വിദൂര വനപ്രദേശത്ത് വിവിധ 'ഊരു'കളിലായി ചിതറിക്കിടക്കുന്ന മുതുവാൻ കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. മൂവായിരത്തോളമാണ് ഇവിടത്തെ ജനസംഖ്യ.

വൈദ്യുതിയോ ടെലഫോണോ റോഡുകളോ വാഹനങ്ങളോ ഇവിടെയില്ല. ചുരുക്കം ചില പ്രാഥമിക വിദ്യാലയങ്ങളും ഫോറസ്റ്റ് ഓഫീസുകളുമൊഴിച്ചാൽ സർക്കാർ സ്ഥാപനങ്ങളോ ആതുരാലയങ്ങളോ ഇല്ലാത്ത നാട്. ഏറ്റവുമടുത്ത് വാഹനമെത്തുന്നത് പതിനെട്ടു കിലോമീറ്റർ അകലെ പെട്ടിമുടിയിൽ. (അവിടെനിന്ന് ജീപ്പിൽ ഇരുപത്തെട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ മൂന്നാറിലെത്തും). ഈ ദൂരമത്രയും കാട്ടിലൂടെ തലച്ചുമടായും കാൽനടയായും മാത്രം സാധനങ്ങളും മനുഷ്യരും എത്തുന്ന ഇടം. ആനയും പുലിയും കരടിയും കാട്ടുപോത്തും പന്നിയും യഥേഷ്ടം വിഹരിക്കുന്ന വനങ്ങൾ. മുൻപ് മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്നപ്പോൾ ഇടമലക്കുടിക്കാർക്ക് സർക്കാർ കാര്യങ്ങൾ നടത്താൻ മൂന്നാർ വരെ പോയാൽ മതിയായിരുന്നു. ഇപ്പോൾ സ്വയം പഞ്ചായത്തായതോടെ അതിന്റെ ഓഫീസ് കുറെക്കൂടി ദൂരെ ദേവികുളത്തായി.

മുതുവാൻ എന്ന സമുദായത്തിൽപ്പെട്ട ആദിവാസികൾ അവരുടെ പ്രാക്തനവും തനതുമായ ആചാരങ്ങളും ജീവിതരീതികളും ആവാസവ്യവസ്ഥകളും വലിയ മാറ്റങ്ങളില്ലാതെ നിലനിർത്തിപ്പോരുന്ന ഇരുപത്തെട്ടു 'കുടി'കളാണ് ഇടമലക്കുടിയിലുള്ളത്.

ഇടമലക്കുടിയിൽ ആകെ ഇരുപത്തിയെട്ട് ആദിവാസിക്കോളനികളാണ് ഉള്ളത്. നൂറടി, ചേമ്പുകുളം, പരപ്പയാർ, ചെന്നായ്‌പ്പാറ, പാറക്കുടി, വെള്ളവര, വെള്ളകശം, തേൻപാറ, ഇഡ്ഡലിപ്പാറ, ആണ്ടവൻകുടി, നടുക്കുടി, പുതുക്കുടി, ഷെഡുകുടി, കണ്ടത്തുകുടി, അമ്പലപ്പാറ, കവക്കാട്ടുകുടി, മീൻകുത്തി, കൂഡല്ലാർകുടി, വാഴത്ത്കുടി, വളയംപാറ, കീഴ്‌വളയംപാറ, ചപ്പുകാട്, ഇരുപ്പുകൽ, നെൽമണൽ, മുളകുതറ, കീഴ്പത്തം, പത്തം, അമ്പലപ്പടി എന്നിവയാണ് കുടികൾ (കോളനി). പുറംലോകവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്തവരാണ് ഭൂരിപക്ഷം ഇടമലക്കുടിക്കാരും. ഡിപിഇപിയുടെ ഭാഗമായി ആദ്യം ഇടമലക്കുടിയിലെത്തിയപ്പോഴുണ്ടായ അനുഭവം മുരളീധരൻ വിവരിക്കുന്നതു നോക്കുക:

'ഈറ്റയും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച ചുവരോടുകൂടിയ ഈറ്റയില മേഞ്ഞിട്ടുള്ള കൊച്ചു കൊച്ചു വീടുകളാണെല്ലാം. ഓരോ വീടിനും ഒറ്റമുറിയും ഒരേ വാതിലുമാണുള്ളത്. ഇതിനുള്ളിൽ തീയെരിച്ച് കാഞ്ഞ് തണുപ്പകറ്റുന്നതിനും ആഹാരം പാകംചെയ്യുന്നതിനും അവശ്യസാധനങ്ങൾ സൂക്ഷിക്കുന്നതിനുമെല്ലാം ഇടം കണ്ടെത്തിയിട്ടുണ്ട്. ഉൾച്ചുവരും മേൽക്കൂരയും പുകപിടിച്ച് കറുത്തിരിക്കുന്നു. പുരയ്ക്കകം തല്ലിമെഴുകുന്നില്ലാത്തതിനാൽ പൂഴിനിറഞ്ഞിട്ടുണ്ട്.

ഞങ്ങൾ കടന്നുചെല്ലുമ്പോൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങൾ ഈറ്റകൊണ്ടുള്ള പായ, കുട്ട എന്നിവ നെയ്തുകൊണ്ടിരിക്കുകയാണ്. മനുഷ്യക്കുട്ടികളെന്നു പറയുവാനാകില്ല. പ്രാകൃതരൂപങ്ങൾ. പാറിപ്പറന്ന് ജഡപിടിച്ചുള്ള ചെമ്പന്മുടി. കീറിപ്പറിഞ്ഞതും അഴുക്കുപിടിച്ചതുമായ വേഷം. മുതിർന്നവരും വ്യത്യസ്തരല്ല.

ഞങ്ങളെ കണ്ടമാത്രയിൽ സ്ത്രീകളും കുട്ടികളും അവരുടേതായ ആദിവാസിഭാഷയിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞ് ഓടിമറഞ്ഞു. ഈ ബഹളം കേട്ട് കൂരകൾക്കുള്ളിലുണ്ടായിരുന്ന പുരുഷന്മാർ ഇറങ്ങിവന്നു. ഞങ്ങളെ കണ്ട് പുരുഷന്മാർ നിങ്ങൾ ആരാണെന്നും എന്തിനു വന്നെന്നും തിരക്കി. ഞങ്ങൾ ഡി.പി.ഇ.പി. പ്രവർത്തകരാണെന്നും വന്നതിന്റെ ഉദ്ദേശ്യവും അറിയിച്ചപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു വയോധികൻ ഞങ്ങളെ അദ്ദേഹത്തിന്റെ കൂരയ്ക്കുള്ളിലേക്ക് ക്ഷണിച്ച് ഇരിക്കുന്നതിനായി മുഷിഞ്ഞ രണ്ടു ചണച്ചാക്കുകൾ നിലത്തു വിരിച്ചുതന്നു. കൂടാതെ ആഴിക്കരികിലിരുന്ന കരിപിടിച്ച ചെമ്പിൽനിന്നും ചായയും ഒഴിച്ച് കുടിക്കാൻ തന്നു. കരി ഓയിൽ പൊലീരിക്കുന്ന ചായ ഒരു കവിൾ മാത്രമേ എനിക്കിറക്കാൻ പറ്റിയുള്ളു. തല മന്ദിച്ചുപോയി. ഒപ്പം ഛർദ്ദിലും വന്നു. ഞാൻ കുറച്ച് പച്ചവെള്ളം ചോദിച്ചപ്പോൾ വയോധികൻ അഴുക്കുപുരണ്ട പാത്രത്തിൽ വെള്ളം മുക്കി തന്നു. അഴുക്ക് കുറച്ചെല്ലാം കൈക്കു തുടച്ചുമാറ്റിയതിനുശേഷം ഞാൻ വെള്ളം കുടിച്ചു. പച്ചില ചീഞ്ഞളിഞ്ഞതിന്റെയും മീനുളുമ്പിന്റെയും ചുവയായിരുന്നു വെള്ളത്തിന്. കുറച്ചു വെള്ളം അകത്തു ചെന്നപ്പോൾ ചായമത്ത് മാറിക്കിട്ടി. തുടർന്ന് വയോധികന്റെ സഹായത്താൽ ആ കോളനിയിലെ വിദ്യാഭ്യാസസാഹചര്യം മനസ്സിലാക്കി അടുത്ത കോളനിയിലേക്കു നടന്നു.

കോളനികളിലൂടെയുള്ള യാത്രയും ദുരിതപൂർണ്ണമായിരുന്നു. ഒന്നരമണിക്കൂർ മുതൽ ഒരുദിവസം മുഴുവനും നടന്നെത്തേണ്ട കുടികൾവരെ ഈ വനാന്തരത്തിലുണ്ട്. കരടി, കാട്ടാന, കടുവ, കാട്ടുപോത്ത്, രാജവെമ്പാല മുതലായ ഹിംസ്രജന്തുക്കളുടെ ആവാസകേന്ദ്രമാണ് ഈ കാട്ടുപാതകൾ'.

മുതുവാന്മാരുടെ ചരിത്രവും ഐതിഹ്യങ്ങളും മിത്തുകളും പുരാവൃത്തങ്ങളും വിശദമായി വിവരിച്ചുകൊണ്ട് മുരളീധരൻ ഈ സമൂഹത്തിന്റെ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളും പെരുമാറ്റരീതികളും ഗോത്രപ്പഴമകളും വഴക്കങ്ങളും വിശദീകരിക്കുന്നു. മുതുവാന്മാരെക്കുറിച്ചുള്ള നിരവധി കഥകളും ചരിത്രങ്ങളും മുരളി സകൗതുകം അവതരിപ്പിക്കുന്നു. ഒരു 'ചരിത്രം' നോക്കുക: 'ഏകദേശം 400-ൽപ്പരം വർഷങ്ങൾക്കുമുമ്പ് മധുരാദേശവാസികളായിരുന്നു മുതുവാന്മാർ എന്നു വിശ്വസിക്കപ്പെടുന്നു. എഴുതപ്പെട്ടിട്ടില്ലാത്തതും വരുംതലമുറയ്ക്ക് എത്തിപ്പെടാൻ സാദ്ധ്യതയില്ലാത്തതുമായ മുതുവാൻ സമുദായത്തിന്റെ ഉത്ഭവഐതിഹ്യം പ്രായംചെന്നവരുടെ മനസ്സുകളിൽ ഇന്നും ഒളിമങ്ങാതെ കിടക്കുന്നു. കേൾക്കുമ്പോൾ കെട്ടുകഥകളെന്നു തോന്നാമെങ്കിലും ഇവ വെറുമൊരു കഥയല്ല. മുതുവാൻ സമുദായത്തിന്റെ മുൻതലമുറക്കാർ അനുഭവിച്ചതും പരമ്പരയായി കൈമാറിപ്പോന്നിരുന്നതുമായ ചരിത്രവസ്തുതകളാണിതെന്ന് മുതുവാന്മാർ അവകാശപ്പെടുന്നു.

കണ്ണകിയാകുന്ന മീനാക്ഷിയമ്മയ്ക്ക് കോപമുണ്ടാക്കുന്നതരത്തിൽ ക്രൂരമായ ഭരണം നടത്തിപ്പോന്ന പാണ്ഡ്യരാജാവിന്റെ കൊട്ടാരവാസികളായിരുന്നുപോലും മുതുവാന്മാർ (അമ്പലവാസികളായിരുന്നുവെന്നും പറയപ്പെടുന്നു). പാണ്ഡ്യകിങ്കരന്മാർ കോവലനെ വധിച്ച വാർത്ത കേട്ട് കോപാകുലയായ കണ്ണകി കാലിൽക്കിടന്ന ചിലമ്പൂരിയെറിഞ്ഞപ്പോൾ ആ കോപാഗ്നി മധുരാപുരിയെ ആകമാനം വിഴുങ്ങിത്തുടങ്ങിയപ്പോൾ അവിടെനിന്നും പ്രാണരക്ഷാർത്ഥം കാട്ടിലേക്ക് ഓടിപ്പോന്നതാണുപോലും ഇവരുടെ മുതുമുത്തച്ഛ•ാർ. കൈയിൽക്കിട്ടിയതെല്ലാം വാരിയെടുത്ത് വയോധികരും കുട്ടികളുമടങ്ങുന്ന ഒരു സംഘമാളുകൾ. ഇതിൽ നായ്ക്കനും പള്ളനും പറയനും തേവനും തുടങ്ങി നാനാജാതി മതസ്ഥരും ഉണ്ടായിരുന്നുപോലും.

കൈയിൽക്കിട്ടിയതെല്ലാം വാരിയെടുത്ത കൂട്ടത്തിൽ അന്നദാതാവും ഭക്തവത്സലയുമായ മീനാക്ഷിയമ്മയുടെ കനകവിഗ്രഹവുംകൂടി എടുത്തുകൊണ്ടാണ് കാടുകയറിയത്. വിഗ്രഹം ഏറെ ഭാരമുള്ളതായിരുന്നു. അതുകൊണ്ടുതന്നെ വിഗ്രഹം ചുമന്നുകൊണ്ടുള്ള യാത്ര ഏറെ ശ്രമകരവുമായിരുന്നു. പോരാത്തതിന് ഭക്ഷണമില്ലാത്ത യാത്രയും. ചുമക്കാൻ വയ്യാതായ അവസരത്തിൽ ഒരുപായം തോന്നുകയാൽ വിഗ്രഹത്തെ ഒരു വസ്ത്രത്തിൽ പൊതിഞ്ഞ് മുതുകത്തു പൂണ്ടുകൊണ്ടായിരുന്നു. പിന്നീടുള്ള ബോഡിമെട്ട് മലകയറ്റം. മലകയറിത്തീർന്നപ്പോൾ സാക്ഷാൽ മീനാക്ഷിയമ്മ ഇവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു. എന്റെ വിഗ്രഹം മുതുകിൽ കെട്ടി ബോഡിമെട്ട് പതിനെട്ടാംപടി ചവിട്ടിയ നീയും നിന്റെ പരമ്പരയും ഇന്നു മുതൽ മുതുവാൻ എന്ന നാമത്തിൽ അറിയപ്പെടും. അന്നു മുതൽ ഈ നാനാ ജാതിയും ചേർന്ന സമൂഹം മുതുവാൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

മുതുവാൻ സമുദായത്തിന്റെ ഉൽപത്തിചരിത്രത്തിലെ ഉള്ളറകൾ പരിശോധിച്ചാൽ രണ്ടു വിഭാഗത്തിൽപ്പെട്ട മുതുവാന്മാരെ കാണാൻ കഴിയും. ഭാഷാശൈലിയിലും ആചാരാടിസ്ഥാനങ്ങളിലും ഇരുവിഭാഗങ്ങൾ തമ്മിൽ അന്തരമുണ്ട്.

മലയാളക്കരയുമായി വളരെ പണ്ടുമുതലേ ഇഴുകിച്ചേർന്നതിനാലാകാം ഒരുവിഭാഗം മലയാളത്തു മുതുവാനെന്നും മറുവിഭാഗം തമിഴ്മുതുവാനെന്നുമുള്ള അപരനാമത്തിൽ അറിയപ്പെടുന്നത്'.

സ്‌കൂളിൽ നിന്ന് ഒളിച്ചോടുന്ന കുട്ടികൾ, മക്കളെ പള്ളിക്കൂടത്തിലയയ്ക്കാൻ മടിക്കുന്ന മാതാപിതാക്കൾ, രോഗങ്ങൾ മരിച്ചുപോയ പിതൃക്കളുടെ പ്രേതങ്ങൾ വരുത്തുന്നതാണെന്നു വിശ്വസിക്കുന്നവർ, വൃത്തിയോ വെടിപ്പോ ശുചിത്വമോ പാലിക്കാത്തവർ, ഊരുവിലക്കുകളും ഗോത്രവഴക്കുകളും കൊണ്ടു കലഹിക്കുന്നവർ, മദ്യത്തിനും പുകയിലക്കുമടിമകളായവർ, വാലായ്മകളുടെയും അയിത്തങ്ങളുടെയും അതുപോലുള്ള എത്രയെങ്കിലും അനാചാരങ്ങളുടെയും പിടിയിൽ മുങ്ങിത്താണവർ.....പതുക്കെയെങ്കിലും പ്രകടമായിത്തുടങ്ങുന്ന ചെറിയ ചെറിയ മാറ്റങ്ങളുടെ വെളിച്ചവും വഴിയുമാണ് മുരളീധരനെപ്പോലുള്ളവരുടെ ജീവിതനിയോഗംതന്നെയും. എന്നിട്ടും ഇടമലക്കുടി പഞ്ചായത്തിലെ പതിമൂന്നു വാർഡുമെമ്പർമാരിൽ അക്ഷരാഭ്യാസമുള്ളത് മൂന്നു പേർക്ക്. ഏഴു വനിതാമെമ്പർമാരുടെയും സ്ഥാനത്ത് ഒപ്പിടുന്നതുപോലും ഭർത്താക്കന്മാർ. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളം പോലൊരു നാട്ടിൽ ഇത്രമേൽ വിചിത്രവും വന്യവുമായ സംസ്‌കാരം കാത്തുസൂക്ഷിച്ച് അനഭിഗമ്യമായ ഭൂപ്രദേശത്ത് ഒരു ജനസമൂഹം നിലനിൽക്കുന്നുവെന്നത് വിസ്മയകരമായ ഒരറിവുതന്നെയാണ്, മിക്ക മലയാളികൾക്കും.

മുരളീധരന്റെ ഈ ചെറുപുസ്തകത്തിന്റെ പ്രാധാന്യം ഇതുമാത്രമല്ല. ഇടമലക്കുടിയിലെ ആദിവാസികളെ 'പരിഷ്‌കൃത'രാക്കാൻ മുഖ്യധാരാ സമൂഹത്തിൽനിന്ന് നിയോഗിക്കപ്പെട്ടിരിക്കുന്ന ഒരധ്യാപകനാണല്ലോ മുരളീധരൻ. പക്ഷെ ആദിവാസി മേഖലയിൽ നിയമനം ലഭിച്ച ബഹുഭൂരിപക്ഷം സർക്കാരുദ്യോഗസ്ഥരെയും പോലെ ആദിവാസികളെ വെറും കാടന്മാരായി കാണുന്നയാളല്ല മുരളീധരൻ. അവരുടെ ജീവിതരീതികളും കാഴ്ചപ്പാടുകളും സംസ്‌കാരമല്ല എന്നു വിധിയെഴുതുന്നയാളുമല്ല അദ്ദേഹം. വലിയൊരളവോളം, 'മുഖ്യധാരാ' സമൂഹത്തിന്റെ കടന്നുകയറ്റവും വികസനപ്രവർത്തനങ്ങളും ആദിവാസികളെ എല്ലാ അർഥത്തിലും നശിപ്പിക്കാനേ സഹായിക്കൂ എന്ന തിരിച്ചറിവ് മുരളീധരനുണ്ട്. അവർക്കിടയിൽ ജീവിച്ച് അവരെ സേവിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന സർക്കാരുദ്യോഗസ്ഥർ ആഴ്ചയിൽ ഒരു ദിവസംപോലും അവർക്കിടയിലെത്താത്തപ്പോഴാണ്, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ഭാര്യക്കും മകനുമൊപ്പം ഇടമലക്കുടിയിൽത്തന്നെ താമസിച്ച് പട്ടിണിയോടും ദാരിദ്ര്യത്തോടും രോഗങ്ങളോടും കാലാവസ്ഥയോടുമൊക്കെ മല്ലടിച്ചുതന്നെ ഈ മനുഷ്യർക്കുവേണ്ടി നീക്കിവച്ച തന്റെ ജീവിതവും കർമവും മുരളീധരൻ സാർഥകമാക്കുന്നത്.

ഇതേരീതിയിൽ, പരിമിതമായ തൊഴിൽ, വേതനവ്യവസ്ഥകൾ നിലനിൽക്കുമ്പോഴും ഇടമലക്കുടിയിലെ ആദിവാസികൾക്കു വേണ്ടി കഴിഞ്ഞ പതിനഞ്ചുവർഷമായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച വിജയലക്ഷ്മി എന്ന അദ്ധ്യാപികക്കാണ് മികച്ച സർക്കാർ ജീവനക്കാർക്കുള്ള പുരസ്‌കാരം 'മറുനാടൻ മലയാളി' നൽകിയത് എന്ന കാര്യം ഓർക്കുക.

ഇടമലക്കുടിയിലെ മനുഷ്യരുടെ അവസ്ഥകൾ മുൻനിർത്തി വിഖ്യാത മാദ്ധ്യമപ്രവർത്തകൻ പി. സായ്‌നാഥ് എഴുതിയ ലേഖനങ്ങളിൽ, അവിടെയുള്ള നവസാക്ഷരർക്കുവേണ്ടി തമിഴ്, മലയാളം പുസ്തകങ്ങൾ ശേഖരിച്ച് ഒരു വായനശാല നടത്തുന്ന മുരളീധരന്റെ ശ്രമങ്ങൾ വിശദമായി പ്രതിപാദിച്ചിരുന്നു. തുടർന്ന്, പല സ്രോതസുകളിൽനിന്നായി ഒട്ടേറെ പുസ്തകങ്ങൾ സംഘടിപ്പിച്ച് മുരളീധരന് എത്തിച്ചുകൊടുക്കാൻ നടത്തിയ ശ്രമത്തിലാണ് ഈ ലേഖകൻ മുരളിയെ പരിചയപ്പെടുന്നത്.

മുരളീധരന്റെ ദൗത്യങ്ങൾ തിരിച്ചറിയുന്ന ആദിവാസികളിൽനിന്ന് അദ്ദേഹത്തിന് സ്‌നേഹവും ബഹുമാനവും മാത്രമേ ലഭിച്ചിട്ടുള്ളു. പക്ഷെ അവിടെ എത്തിച്ചേരുന്ന 'പരിഷ്‌കൃത'രായ സർക്കാരുദ്യോഗസ്ഥരിൽനിന്ന് അദ്ദേഹത്തിനുണ്ടായിട്ടുള്ള പലതും തിക്താനുഭവങ്ങളാണ്.

എങ്കിലും മുരളീധരൻ ഇടമലക്കുടി ഉപേക്ഷിച്ചുപോരാൻ തീരുമാനിച്ചിട്ടില്ല. അവിടത്തെ കുഞ്ഞുങ്ങളെയും മുതിർന്നവരെയും അത്രമേൽ ഇഷ്ടപ്പെട്ടും അവരുടെ ജീവിതാനുഭവങ്ങളോടിണങ്ങിയും കഴിയുകയാണദ്ദേഹം. അതിവേഗം മുന്നോട്ടു പായുന്ന നമ്മുടെ കാലത്തിന്റെ കുത്തൊഴുക്കിനെതിരെ ഈ മനുഷ്യൻ നീന്തുകയാണ്. ഒറ്റയ്ക്കല്ല. നേരത്തെപറഞ്ഞ വിജയലക്ഷ്മി ടീച്ചറെപ്പോലുള്ള ചിലരെങ്കിലും കൂട്ടിനുണ്ട്. ഇവരുടെയൊക്കെ ജീവിതത്തിന്റെ മൂല്യം എന്നെങ്കിലും 'പരിഷ്‌കൃത' മലയാളിക്കു മനസ്സിലാകുമോ?

പുസ്തകത്തിൽ നിന്ന്

'അന്നൊരവധിദിവസമായിരുന്നു. രാവിലെമുതൽ തുടങ്ങിയ മഴയാണ്. മഴ വകവയ്ക്കാതെ ഞാൻ കുടിസന്ദർശനത്തിനായിട്ടിറങ്ങി. ഷെഡ്ഡുകുടി, പുതുക്കുടി, അമ്പലപ്പടി, അമ്പലപ്പാറ എന്നീ കുടികൾ സന്ദർശിച്ച് ഇടമലക്കുടി പഞ്ചായത്ത് ഓഫീസിലെത്തി. അവിടെ ഒന്നുരണ്ടു ജീവനക്കാർ എത്തിയിട്ടുണ്ട്. ഞാനവരുമായി കുശലാന്വേഷണം നടത്തി. നേരം നാലരമണിയായിട്ടുണ്ടാകും. ഉത്സാഹിച്ചാൽ ഒരു കുടികൂടി സന്ദർശിക്കാനുള്ള സമയമുണ്ട്. കൈയിലിരുന്ന ബാഗ് പഞ്ചായത്ത് ഓഫീസിൽ വച്ച് ഉടൻ തിരിച്ചെത്താമെന്ന് പഞ്ചായത്ത് ജീവനക്കാരോടു പറഞ്ഞ് ഞാൻ കണ്ടത്തികുടിയിലേക്കു നടന്നു. പഞ്ചായത്ത് ഓഫീസിനടുത്തുള്ള കുടികൾ സന്ദർശിക്കുന്ന അവസരങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ കിടന്നുകൊള്ളമെന്ന് പഞ്ചായത്ത് സെക്രട്ടറി വിജയകുമാർസാർ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു. അതെനിക്കൊരാശ്വാസമായിരുന്നു. കണ്ടത്തിക്കുടിപോലുള്ള ചില കുടികൾ അന്തിയുറങ്ങാൻ സത്രങ്ങളില്ല.

കണ്ടത്തിക്കുടിയിലെ സാക്ഷരതാസെന്റർ സന്ദർശിച്ചു മടങ്ങുമ്പോൾ നേരം രാത്രിയായിരുന്നു. കൈയിൽ വെളിച്ചമൊന്നും കരുതാതിരുന്ന എന്നെ മെമ്പർ മദനൻ ഓഫീസിനടുത്തുവരെ കൊണ്ടുവന്നു വിടുകയായിരുന്നു. ആനയും പോത്തും പുലിയുമൊക്കെയുള്ള കാടല്ലേ, ഒറ്റയ്ക്ക് വിടരുതല്ലോ.

ഞാൻ കയറിച്ചെല്ലുമ്പോൾ പഞ്ചായത്തുസാറന്മാർ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു. എന്റെ കാലിലും ശരീരത്തിലും അട്ടകൾ കടിച്ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ ഉള്ള വെളിച്ചത്തിൽ കാലുയർത്തിവച്ച് അട്ടകളെ പറിച്ചുതള്ളി. ഈ സമയം സീനിയർ ജീവനക്കാരൻ എന്നോടു പറഞ്ഞു ഞങ്ങൾക്കു മൂന്നാൾക്കു മാത്രമുള്ള ഭക്ഷണമേ ഉണ്ടാക്കിയുള്ളു. കുഴപ്പമില്ല കഴിച്ചോളൂ - ഞാൻ മറുപടി പറഞ്ഞു. ഞാൻ അടുക്കളയിലെ തീക്കരുകിൽ നിന്നുകൊണ്ട് നനഞ്ഞ വസ്ത്രങ്ങൾ ഉണക്കുകയും ശരീരം ചൂടുപിടിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാവിലെ എട്ടുമണിക്കല്പം കഞ്ഞി കഴിച്ചതാണ്. വല്ലാതെ വിശക്കുന്നുണ്ട്. ജീവനക്കാർ ഭക്ഷണം കഴിച്ചെഴുന്നേറ്റ് കൈകഴുകി. ജീവനക്കാരിൽ സീനിയറായിട്ടുള്ള ആൾ എന്റെ അരുകിൽ വന്നു നിന്നുകൊണ്ട് എന്നോടായി പറഞ്ഞു:

'അപ്പഴേ എനിക്കൊരു കാര്യം പറയാനുണ്ട്'.

'എന്താ സാർ ഞാൻ ചോദിച്ചു'.

'ഈ വരുന്നവർക്കും പോകുന്നവർക്കും കണ്ട അണ്ടനും അടകോടനുമൊക്കെ കേറിക്കിടക്കാൻ ഇത് സത്രമൊന്നുമല്ല. ഇത് പഞ്ചായത്ത് ഓഫീസാ...'.

'സാർ സെക്രട്ടറിസാറു പറഞ്ഞിട്ടല്ലേ ഞാനിവിടെ കിടക്കാൻ വന്നത്? എന്റെ കഷ്ടപ്പാടു കണ്ട് ഞാൻ ചോദിക്കാതെതന്നെ എന്നോടദ്ദേഹം പറഞ്ഞതാ ..... അതുകൊണ്ടാ ഞാൻ വന്നത്.

'സെക്രട്ടറി ആരാ ഇവിടുത്തെ? ഏതു സെക്രട്ടറി പറഞ്ഞാലും പുക്കട്ടറി പറഞ്ഞാലും ഇവിടെയതു നടക്കില്ല. ഇത് സത്രമാകുമ്പോൾ പറയാം..... അപ്പോൾ വന്നേര്'.

'സോറി സാർ. സെക്രട്ടറി പറഞ്ഞു വിശ്വസിച്ച് കിടക്കാൻ വന്നതെന്റെ തെറ്റ്'. ബാഗുമെടുത്ത് കുറ്റാക്കുറ്റിരുട്ടിലേക്ക് ഞാനിറങ്ങി.

രാത്രി പതിനൊന്നുമണിയോടടുത്തു. കനത്ത മഴയും പെയ്യുന്നു. അടുത്തെങ്ങും ഒരു വീടുപോലുമില്ല. ചുറ്റും കൂരിരുട്ടു മാത്രം. ഞാൻ ബാഗിൽ തപ്പിനോക്കി. നിർഭാഗ്യവശാൽ ഇന്നു ടോർച്ചും കൈയിലില്ല. എങ്ങോട്ടു പോകും? പ്രദേശമാണെങ്കിൽ ആനയുടെയും കാട്ടുപോത്തിന്റെയും വിഹാരകേന്ദ്രവും. ലക്ഷ്യമില്ലാതെ തപ്പിത്തടഞ്ഞ് കൂരിരുട്ടിലൂടെ ഞാൻ മുന്നോട്ടു നടന്നു.

വിശപ്പും ദാഹവും പമ്പകടന്നിരുന്നു. വഴിയറിയാതെ കുഴിയിലും കല്ലിലും തട്ടി വീണും ഉരുണ്ടും ആറിന്റെ അരികിലെത്തി. ഇനിയെങ്ങോട്ട്? ആറ്റിൻകരയിൽ നിന്നും ഒരീറ്റക്കമ്പ് തപ്പിയെടുത്ത് അതുകൊണ്ട് കുത്തിയും തപ്പിയും കുഴി കണ്ടുപിടിച്ചായിരുന്നു പിന്നീടുള്ള യാത്ര. അരമുക്കാൽ മണിക്കൂറോളം ദിക്കറിയാതെയുള്ള യാത്രയ്‌ക്കൊടുവിൽ അങ്ങു ദൂരെ കുന്നിൻ മുകളിൽ ഒരു വിളക്കുവെളിച്ചം കണ്ടു. അതു ലക്ഷ്യംവച്ചായി പിന്നീടുള്ള യാത്ര. ഏറെനേരത്തെ യാത്രയ്‌ക്കൊടുവിൽ വെളിച്ചത്തിനടുത്തെത്തി. ശബ്ദമുണ്ടാക്കി വിളിച്ചു. അതൊരു കാവൽഷെഡ്ഡായിരുന്നു. ശബ്ദം കേട്ട് കാവൽക്കാരൻ ടോർച്ച് തെളിച്ചു പുറത്തുവന്നു. എന്നെ പരിചയമുണ്ടായിരുന്ന പൊന്നൻ തലൈവർ എനിക്കു കിടക്കാൻ മാടത്തിൽ ഇടം തന്നു. വിശപ്പും തളർച്ചയും കാരണം ഞാൻ ചെന്നതേ കിടന്നുപോയി. ദേഹത്തും തലയിലുമെല്ലാം ധാരാളം അട്ടകൾ കടിച്ചുകിടക്കുന്നുണ്ടായിരുന്നു. അതിനെയൊന്നും പറിച്ചുകളയാനുള്ള ശേഷി അപ്പോഴെനിക്കില്ലായിരുന്നു. അവറ്റകൾ രക്തം കുടിച്ചു തീർത്ത് തനിയെ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.

പരിഷ്‌കൃതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാസമ്പന്നരേക്കാൾ എത്രയോ ഉയർന്നവരാണ് ഈ വിവരവും വിദ്യാഭ്യാസവുമില്ലാത്ത അപരിഷ്‌കൃതർ എന്നു നാം വിശേഷിപ്പിക്കുന്ന ഈ മനുഷ്യസ്‌നേഹികൾ! ഈശ്വരനെന്ന ഈ ഗോത്രവർഗ്ഗക്കാരനെക്കാൾ കൂടുതൽ പരിചയമുള്ളവരായിരുന്നില്ലേ സീനിയർ ജോലിക്കാരനും മറ്റു ജീവനക്കാരും? മൂന്നാറിലും ദേവികുളത്തുംവച്ച് എത്രയോ തവണ ഇയാൾ ഞാനുമൊന്നിച്ച് ചായ കുടിച്ചിരിക്കുന്നു! ഈശ്വരനോ? പൊന്നൻ തലൈവരോ? ഞാനോർത്തുപോയി'.

ഇടമലക്കുടി: ഊരും പൊരുളും
പി.കെ. മുരളീധരൻ
എസ്‌പി.സി.എസ്.
2014, വില : 60 രൂപ