കോതമംഗലം: നാലുദിവസം മുൻപ് കാണാതായ ഇടമലയാർ ആനവേട്ടക്കേസിലെ മുഖ്യപ്രതി കൂവപ്പാറ ഉറവുങ്കൽ ജിജോ എന്ന ആണ്ടിക്കുഞ്ഞിനെ അവശനിലയിൽ കണ്ടെത്തി. ഇന്നുപുലർച്ചെ വീടിനുസമീപം കീഴാലിപ്പടി വെയിറ്റിങ് ഷെഡിൽ വായിൽ നിന്ന് രക്തം പ്രഹിക്കുന്ന നിലയിൽ വഴിയാത്രക്കാരാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെത്തി കോമംഗലത്തെ സ്വകാര്യആശുപത്രിയിലാക്കിയ ഇയാളെ നിലവഷളായതിനെത്തുടർന്ന് കളമശേരി സഹകരണ മെഢഡിക്കൽകോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുള്ള ആണ്ടിക്കുഞ്ഞിന്റെ നിലഗുരുതരമാണെന്നാണ് ലഭ്യമായ വിവരം.

തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയർപൊട്ടി ആണ്ടിക്കുഞ്ഞ് നിലത്തുവീഴുകയായിരുന്നെന്നും ഇതേത്തുടർന്ന് നട്ടെല്ലിനേറ്റ പരിക്ക് ഗുതരമാണെന്നും ഒരുപക്ഷേ പൂർണ്ണമായോ ഭാഗീകമായോ ശരീരത്തിന്റെ ചലനശേഷി നഷടപ്പെടുന്നതിന് ഇത് കാരണമായേക്കാമെന്നുമാണ് ഡോക്ടർമാർ നൽകുന്ന സൂചന. കഴുത്തിൽ കയർമുറുകി പരിക്കേറ്റിട്ടുണ്ട്. കയർമുറുകിയതിനെത്തുടർന്ന് ഉള്ളിലേറ്റ ക്ഷതമാണ് വായിൽ നിന്നും നുരയും പതയുമായി രക്തം പ്രവഹിക്കാൻകാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ആണ്ടിക്കുഞ്ഞ് വിഷംകഴിച്ച് അത്മഹത്യക്ക് ശ്രമിച്ചതായിട്ടാണ് പൊലീസിൽ നിന്നും ആദ്യം ലഭിച്ച വിവരം.വായിൽ നിന്നും രക്തവും നുരയും പതയും പ്രവഹിച്ചിരുന്നതായുള്ള വിവരമാണ് പൊലീസ് ഈ നിഗമനത്തിലെത്താൻകാരണം.

നാലു ദിവസം മുമ്പ് വേട്ടപ്പട്ടിയുമായി വീടിനടുത്തുള്ള വനപ്രദേശത്തേക്ക് പോയ ആണ്ടിക്കുഞ്ഞിനെ കാണാനില്ലെന്നുകാണിച്ച് പിതാവ് കുട്ടംപുഴ പൊലീസിൽ പരാതിനൽകിയിരുന്നു.വേട്ടപ്പട്ടി വീട്ടിൽ മടങ്ങിയെത്തിയിട്ടും ആണ്ടിക്കുഞ്ഞ് എത്താതിരുതിനെത്തുടർന്നാണ് വീട്ടുകാർ പരാതി നൽകിയതെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. വനംവകുപ്പ് അധികൃതരുടെ നിരന്തര ഭീഷിണികളെത്തുടർന്നുള്ള മാനസീക സമ്മർദ്ധത്തെത്തുടർന്നാണ് ആണ്ടിക്കുഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇടമലയാർ ആനവേട്ടകേസിലെ പ്രതിപ്പട്ടികയിൽ നാലാം സ്ഥാനത്തുള്ള ആണ്ടിക്കുഞ്ഞ് വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. തനിക്കിനി ജീവിക്കേണ്ടെന്നും, തുണ്ടം റേഞ്ചാഫീസിൽ ആഴ്ചതോറും ചെന്ന് ഒപ്പു വയ്ക്കാൻ പണമില്ലെന്നും മറ്റും മറ്റൊരു പ്രതിയായ എൽദോസിനോടു പറഞ്ഞതായി സൂചനയുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ വനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ആണ്ടിക്കുഞ്ഞിനേക്കുറിച്ച് വിവരമൊന്നും കിട്ടിയിരുന്നില്ല. അവിവാഹിതനായ ആണ്ടിക്കുഞ്ഞ് പിതാവിനും അനുജനും ഒപ്പമായിരുന്നു താമസം .

കേസ് സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം മുറുകിയപ്പോൾ കേസിലെ പ്രധാന പ്രതി കൂവപ്പാറ ഐക്കരമറ്റം വാസുവിനെ മഹാരാഷ്ട്രയിലെ കൃഷിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആണ്ടിക്കുഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചത് ഉന്നതബന്ധങ്ങളുള്ള ആനക്കൊമ്പ് കടത്തൽ സംഘങ്ങളുടെ ഭീഷിണിയും സമ്മർദ്ദവും മൂലമാവാമെന്ന സംശയവും പരക്കെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ ആണ്ടികുഞ്ഞിന് ഉണ്ടായ അത്യാഹിതം കേസ് അന്വേഷണത്തേയും ബാധിക്കും. കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ആണ്ടികുഞ്ഞിന്റെ ആത്മഹത്യാ ശ്രമവും ഗുരുതരാവസ്ഥയും.