കൊച്ചി: ജോജു ജോർജ് വിഷയത്തിൽ ഗണേശ് കുമാർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു. വിഷയത്തിൽ സംഘടന ചെയ്യേണ്ട കാര്യങ്ങൾ എല്ലാ തന്നെ ചെയ്തു എന്ന അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു ഇടവേള ബാബു.

'ആ സമയത്ത് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തു. നമ്മൾ ആരും പിന്മാറിയില്ല. ബാബുരാജ്, ടിനി ടോം തുടങ്ങിയവർ വിളിച്ചിരുന്നു. പിന്നെ ഗണേശ് കുമാർ വൈസ് പ്രസിഡന്റാണ്, പുള്ളിക്കും അതിൽ ഇടപെടാം' ഇടവേള ബാബു പറഞ്ഞു. ജോജു ജോർജ് എന്ന നടന് നേരെ ആക്രമണം ഉണ്ടായപ്പോൾ താര സംഘടന ഇടപെട്ടില്ല എന്നാണ് ഗണേശ് കുമാർ എംഎൽഎ പറഞ്ഞത്. മോഹൻലാൽ തിരക്കുള്ള വ്യക്തിയാണ്. വിഷയത്തിൽ ബാബു മറുപടി പറയണം. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത് എന്നും ഗണേശ് കുമാർ പറഞ്ഞു.

ഗണേശ് കുമാറിന്റെ വാക്കുകൾ:

'ജോജു മദ്യപിച്ചെന്ന കോൺഗ്രസ് ആരോപണം പൊളിഞ്ഞതോടെ, സ്ത്രീകളെ ആക്രമിച്ചെന്ന് പറഞ്ഞു. ജോജു സ്ത്രീകളെ ആക്രമിച്ചിരുന്നെങ്കിൽ മാധ്യമങ്ങൾ അത് പകർത്തുമായിരുന്നു. എന്നാൽ കൗണ്ടർ പരാതി കൊടുക്കാൻ സ്ത്രീകളെ മറയാക്കുന്നത് ശരിയായ നടപടിയല്ല. ഇത് ലജ്ജാകരമായ നടപടിയാണെന്ന് കോൺഗ്രസ് മനസിലാക്കണം. സ്ത്രീകൾ അവരുടെ മാന്യതയോടെ സമരത്തിന് വരുന്നു. പണ്ട് നടന്ന സമരങ്ങളിൽ ഗാന്ധിയും നെഹ്റുവും ഇന്ദിരാഗാന്ധിയും സോണിയാ ഗാന്ധിയും സ്ത്രീകളെ ഒന്നിനും മറയാക്കിയിട്ടില്ല.

ജോജുവിന്റെ നിലപാടിന് സ്വീകാര്യത വന്നപ്പോൾ സ്ത്രീകളെ ആക്രമിച്ചെന്ന കള്ളക്കേസുണ്ടാക്കാനാണ് ശ്രമിക്കുന്നത്.ഇതൊരു പതിവ് പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുൻപ് ചവറയിൽ എന്നെ ആക്രമിക്കുമ്പോഴും യൂത്ത് കോൺഗ്രസ് തന്നെ ഷൂട്ട് ചെയ്ത വീഡിയോയിൽ രണ്ടു സ്ത്രീകളുടെ ശബ്ദം കേൾക്കാം. എന്താണ് ലക്ഷ്യം. കാറിൽ നിന്ന് ഞാൻ പുറത്തിറങ്ങിയാൽ അവരെ ഞാൻ കടന്നു പിടിച്ചെന്ന് വരുത്തി തീർത്തി കള്ളക്കേസുണ്ടാക്കാൻ അവരെ കൊണ്ടുവന്നിരിക്കുകയാണ്. പ്രത്യേകിച്ച് ഇത്രയും അക്രമസംഭവങ്ങൾക്ക് പോകുന്നവർ സ്ത്രീകളെ വിളിച്ചുകൊണ്ട് പോകരുത്.'' നടൻ ജോജുവിനെതിരായ കോൺഗ്രസ് ആക്രമണത്തിൽ മൗനം പാലിച്ച താരസംഘടനയായ എഎംഎംഎയ്ക്കെതിരെയും ഗണേശ് കുമാർ രംഗത്തെത്തി.വിഷയത്തിൽ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോൺഗ്രസ് നേതാക്കൾ പോലും ആക്രമണത്തെ അപലപിച്ചപ്പോൾ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു. മോഹൻലാൽ തിരക്കുള്ള വ്യക്തിയാണ്. വിഷയത്തിൽ ബാബു മറുപടി പറയണം. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത്. സംഘടനയുടെ സമീപനം മാറ്റണമെന്നും സംഘടന യോഗത്തിൽ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കുമെന്നും ഗണേശ് കുമാർ വ്യക്തമാക്കി.അധ്വാനിച്ച പണം കൊണ്ട് ജോജു വാങ്ങിയ കാർ തല്ലിത്തകർത്തത് തെറ്റായ നടപടിയാണെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു.

ഇതിനിടെ ജോജു ജോർജ്-കോൺഗ്രസ് തർക്കം ഒത്തുതീർപ്പാക്കാൻ നീക്കവും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എറണാകുളം എംപി ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത് എന്നാണ് റിപ്പോർട്ട്. പ്രശ്നം പരിഹരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.ഇരു വിഭാഗത്ത് നിന്നുള്ളവരും തെറ്റുകൾ മനസിലാക്കിയെന്ന് വ്യക്തമാക്കിയാണ് ഡിസിസി പ്രസിഡന്റ് ഒത്ത് തീർപ്പ് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചത്