പത്തനംതിട്ട : ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽനിന്നു കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കിത്തുടങ്ങി. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ 40 സെന്റിമീറ്റർ തുറന്നിരുന്ന ഷട്ടർ 60 സെന്റിമീറ്ററിലേക്ക് ഉയർത്തിയിരുന്നു. ഇന്നലെ രാത്രിയിൽ ഡാമിലേക്ക് ഒടിഞ്ഞു വീണ മരം ഈ ഷട്ടറിന് അടുത്തേക്ക് നീങ്ങിയതിനെ തുടർന്ന് ഇത് അടച്ചു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം.

ഡാമിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ജലനിരപ്പ് 2400 അടിയായി. രാത്രിയോടെ ഇതു കുറഞ്ഞ് 2399.98 അടിയായിരുന്നു. അപ്പർ റൂൾ കർവ് പരിധി 2400.03 അടിയാണ്.അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടതോടെ ഒരു ഷട്ടർ കൂടി 30 സെന്റീമീറ്റർ ഉയർത്തി. നേരത്തേ 10 സെന്റിമീറ്റർ തുറന്നിരുന്ന ഷട്ടർ 30 സെന്റിമീറ്ററിലേക്ക് ഉയർത്തുകയും ചെയ്തു.

2 ഷട്ടറുകൾ വഴി സെക്കൻഡിൽ 22,000 ലീറ്റർ വെള്ളം പുറത്തേക്കൊഴുക്കുന്നു. 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. അധികജലം ഒഴുക്കിവിടുന്ന പശ്ചാത്തലത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം നിർദേശിച്ചു.പമ്പാ ഡാമിന്റെ ഒരു ഷട്ടറും 15 സെന്റിമീറ്റർ ഉയർത്തി. ജനവാസ മേഖലയിൽ പമ്പയാറ്റിൽ 10 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാം. ശബരിമല തീർത്ഥാടകരും പൊതുജനങ്ങളും നദിയിൽ ഇറങ്ങുന്നതു കർശനമായി നിരോധിച്ചു.

തീരത്തോടു ചേർന്ന താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്കു മാറണമെന്ന് കലക്ടർ നിർദേശിച്ചു. നേരത്തേ തുറന്നു വച്ചിരിക്കുന്ന ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകളുടെ ഉയരം 36 സെന്റിമീറ്ററായി ഉയർത്തി.