ഇടുക്കി: മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്റിമീറ്റർ വീതമാണ് മൂന്ന് ഷട്ടറുകളും ഉയർത്തിയത്. മൂന്നാം നമ്പർ ഷട്ടറാണ് ആദ്യം തുറന്നത്. പിന്നാലെ നീരൊഴുക്ക് പരിഗണിച്ച് ഒരുമണിക്കൂറോളം പിന്നിട്ട് നാലാമത്തെ ഷട്ടർ തുറന്നു. ഇതിന് പിന്നാലെയാണ് രണ്ടാം നമ്പർ ഷട്ടർ തുറന്നത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറൺ മുഴക്കിയ ശേഷമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. ഒരു സെക്കന്റിൽ ഒരുലക്ഷം ലിറ്റർ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം. പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

അണക്കെട്ട് തുറന്നുള്ള വെള്ളം ചെറുതോണി ടൗണിലെത്തി. ചെറുതോണി പട്ടണത്തിലെ പുഴയോട് ചേർന്നുള്ള കടകൾക്ക് ആവശ്യമെങ്കിൽ ഒഴിയണമെന്ന് കാണിച്ചുള്ള നോട്ടീസ് നൽകി തുടങ്ങി. റവന്യൂ വകുപ്പാണ് നോട്ടീസ് നൽകുന്നത്.ഷട്ടറുകൾ ഉയർത്തുമ്പോൾ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റർ ഉയർന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക.

വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂൾ കർവ് പ്രകാരം 2397.8 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കണം. നിലവിൽ ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തണമെങ്കിൽ റെഡ് അലർട്ട് കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണം.ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂ. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. മൂന്നുവർഷത്തിനു ശേഷം വീണ്ടും ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിനായ കുറ്റമുറ്റ മുന്നൊരുക്കങ്ങളാണ് നടന്നത്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

2018 ഓഗസ്റ്റ് ഒൻപതിനാണ് ഇതിനു മുൻപ് ഇടുക്കി ഡാം തുറന്നത്. 26 വർഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോൾ അഞ്ചു ഷട്ടറുകൾ ഉയർത്തേണ്ടിവന്നു. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകർന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിർത്തിവച്ചിരുന്നു. ചെറുതോണിക്ക് പിന്നാലെ തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളിലേക്കാണ് അടുത്തതായി വെള്ളമെത്തുന്നത്. ഇവിടെ രണ്ടിടത്തും കഴിഞ്ഞ തവണ അണക്കെട്ട് തുറന്നപ്പോൾ കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. നിരവധി വീടുകൾ തകർന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു.

വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെള്ളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താൻകെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും.

പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിർദ്ദേശിച്ചിരിക്കുന്നത്. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നാളെ മുതൽ വൈദ്യുതോത്പാദനം പരമാവധിയാക്കും. മൂലമറ്റത്ത് നിന്ന് ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിക്കും. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്‌ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു. ഇന്നു രാവിലെ പമ്പ, ഇടമലയാർ ഡാമുകളുടെ രണ്ടു ഷട്ടറുകൾ വീതം തുറന്നിരുന്നു.