ഇടുക്കി: ഇടുക്കി ഡാം കൂടി തുറന്നു വിടേണ്ട അവസ്ഥയിലേക്കാണ് കനത്ത മഴ കേരളത്തെ എത്തിക്കുന്നത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് എത്തുകയാണ്. ആകെ ശേഷിയുടെ 85 ശതമാനം വെള്ളംനിറഞ്ഞു. ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിന്റെ കരയിലുള്ളവർക്ക് അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിയാറിന്റെ തീരവും ആശങ്കയിലാണ്. ഇടുക്കി ഡാം തുറക്കേണ്ടി വന്നാൽ കൊച്ചിയിലെ പ്രളയഭീതിയും ഉയരും.

നിലവിലെ റൂൾ കർവ് പ്രകാരം നിലനിർത്താവുന്ന പരമാവധി ജലനിരപ്പ് 2398.86 അടിയാണ്. ഇതിൽ 2390.8 അടി ആയാൽ നീലജാഗ്രത പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പ്രഖ്യാപിക്കും. 2403 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്. ഇടുക്കി ഡാം ഉൾപ്പെടുന്ന മേഖലയിൽ രണ്ടുദിവസമായി കനത്തമഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 21.5 മില്ലിമീറ്റർ മഴ കിട്ടിയ സ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ ആയപ്പോൾ 51.8 മില്ലിമീറ്റർ ആയി.

27.84 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒറ്റദിവസംകൊണ്ട് ഒഴുകിയെത്തിയത്. 10.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കാൻ ഉത്പാദനം പരമാവധി നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ജലനിരപ്പ് 2389.68 അടിയിൽ എത്തി.ഈ നില തുടർന്നാൽ ബുധനാഴ്ച ഉച്ചയോടെ 2390.8 അടി കടക്കും. മഴ തുടർന്നാൽ ഡാം പിന്നേയും ഉയരും. മുല്ലപ്പെരിയാറിലും നല്ല മഴ കിട്ടുന്നുണ്ട്. ഈ ഡാം കൂടി നിറഞ്ഞൊഴുകിയാൽ ഇടുക്കിയിലേക്ക് കൂടതൽ ജലം എത്തും. ഇത് പ്രതിസന്ധിയാകും.

ഇടുക്കിയിൽ നീലജാഗ്രത പുറപ്പെടുവിച്ചാൽ ഡാമിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങും. പിന്നെ ഓരോ ദിവസത്തെയും ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യത്തിന് മുൻകരുതൽ എടുക്കും. റൂൾ കർവ് അനുസരിച്ച് 2390.86 അടിയിൽ നീലജാഗ്രത, 2396.8 അടിയിൽ ഓറഞ്ച് ജാഗ്രത, 2397.8 അടിയിൽ ചുവന്ന ജാഗ്രത എന്നിങ്ങനെയാണ് മുന്നറിയിപ്പ് നൽകേണ്ടത്.

അതിനുമേൽ ജലനിരപ്പുയർന്നാൽ പരമാവധി അനുവദനീയ ശേഷിയായ 2398.86 അടിയിൽ പത്തുദിവസം വരെ പിടിച്ചുനിർത്താം. ചുവന്ന ജാഗ്രത കടന്നാൽ ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിലൊന്നായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ട് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കേണ്ടിവരും. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

ഇടുക്കിയിൽ യെലോ അലർട്ട് നിലനിൽക്കുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ ചില നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കും. പത്തനംതിട്ട ജില്ലയിലും ശക്തികുറഞ്ഞ മഴ ലഭിക്കാനാണു സാധ്യത. പീരുമേട് മലനിരകളിൽ ലഭിക്കുന്ന മഴയുടെ വലിയൊരു പങ്ക് പത്തനംതിട്ട ജില്ലയിലെ 2 നദികളിലേക്കാണ് എത്തുന്നത്. ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ഡാമുകൾ ശേഷിയുടെ 84 ശതമാനത്തിലെത്തി നിൽക്കുന്നതിനാൽ പത്തനംതിട്ട ജില്ലയും ജാഗ്രതയിൽ തന്നെയാണ്.

ഡാമുകളുടെ മഴപ്രദേശത്ത് ശരാശരി 8 സെ.മീ വരെ മെച്ചപ്പെട്ട മഴ ലഭിച്ചതിനാൽ അടുത്ത ദിവസങ്ങളിലും നീരൊഴുക്കു തുടർന്നേക്കും. 4.1 മീറ്ററാണ് പമ്പാനദിയിലെ മാലക്കര സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. മണിമലയാറ്റിൽ കല്ലൂപ്പാറയിൽ അപകടനിരപ്പും കടന്ന് ജലനിരപ്പ് 5.2 മീറ്ററിലെത്തി. അച്ചൻകോവിലാറ്റിലെ തുമ്പമൺ മാപിനിയിൽ 10.5 മീറ്ററാണ് ജലനിരപ്പ്. 9 മീറ്ററാണ് ഇവിടുത്തെ അപകടനില.