തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) പ്രഖ്യാപിച്ചു. ബാക്കി മൂന്നിടത്തും യെലോ അലർട്ടുമുണ്ട് (ശക്തമായ മഴ). തീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് നിലവിൽ എവിടെയും പ്രഖ്യാപിച്ചിട്ടില്ല.

നാളെ കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടും ബാക്കി 12 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. മറ്റന്നാൾ കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ടുണ്ട്. 23നു മഴയുടെ ശക്തി കുറയും. അതുവരെ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകാം. 22 വരെ മത്സ്യബന്ധനം വിലക്കി. കിഴക്കൻ മലയോര, പശ്ചിമഘട്ട മേഖലകളിലും നദീതീരങ്ങളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്.

ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി, ഇടമലയാർ (എറണാകുളം), പമ്പ (പത്തനംതിട്ട) അണക്കെട്ടുകൾ തുറന്നെങ്കിലും എങ്ങും പ്രളയഭീഷണിയുണ്ടായില്ല. ഇന്നലെ പകൽ 11ന് ഇടുക്കി ചെറുതോണി ഡാം തുറക്കുമ്പോൾ 2398.08 അടിയായിരുന്നു ജലനിരപ്പ്. 3 ഷട്ടറുകളാണു തുറന്നത്. വൃഷ്ടി പ്രദേശത്തു മഴയില്ലെങ്കിലും വെള്ളം ഒഴുകിയെത്തുന്നുണ്ട്. രാത്രി എട്ടിനുള്ള ജലനിരപ്പ് 2398.06 അടിയാണ്. 2395 അടിയാകുംവരെ ഷട്ടറുകൾ തുറന്നുവയ്ക്കും.

കുട്ടനാട്ടിൽ മിക്കയിടത്തും ഇന്നലെ വൈകിട്ടു തന്നെ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലായി. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും തുറന്നു. തോട്ടപ്പള്ളി സ്പിൽവേയിലെ 40ൽ 39 ഷട്ടറും ഉയർത്തിയിട്ടുണ്ട്. ഇടമലയാർ അണക്കെട്ടിലെ 2,3 ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വെള്ളം പുറത്തേക്കൊഴുകുന്നു. പെരിയാറിലെ കുട്ടമ്പുഴ ഭാഗത്തു ജലനിരപ്പ് 30 സെന്റീമീറ്റർ ഉയർന്നു. ഭൂതത്താൻകെട്ട് അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നു വച്ചിരിക്കുകയാണ്. ഇടുക്കിയിൽനിന്നുള്ള ജലം വൈകിട്ട് 5.30ന് നേര്യമംഗലം കടന്നു. പുലർച്ചെ വേലിയിറക്കമായതിനാൽ സുഗമമായി കടലിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശബരിഗിരി പദ്ധതിയിലെ ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ തുറന്നു. 2 ഷട്ടറുകൾ 90 സെന്റിമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. ഇന്നലെ പുലർച്ചെ പമ്പ ഡാമിന്റെ 2 ഷട്ടറുകൾ 45 സെന്റിമീറ്റർ ഉയർത്തി. മൂഴിയാർ, മണിയാർ ഡാമുകൾ നേരത്തെ തന്നെ തുറന്നു വച്ചിരിക്കുകയാണ്. പമ്പാ നദിയിൽ വെള്ളം ഉയർന്നു തന്നെയാണെങ്കിലും അപകടകസ്ഥിതിയില്ല.

അച്ചൻകോവിലാർ അപകടനില കടന്ന് ഒഴുകുകയാണ്. മണിമലയാറും നിറഞ്ഞാണ് ഒഴുകുന്നത്. തീരത്ത് ജാഗ്രതാ നിർദ്ദേശമുണ്ട്. തോട്ടപ്പള്ളി സ്പിൽവേ ഉയർത്തിയതോടെ പമ്പയിലെ ജലനിരപ്പ് കുറഞ്ഞു. ഡാമുകളിൽനിന്നുള്ള വെള്ളമെത്തിയിട്ടും പമ്പ കവിഞ്ഞിട്ടില്ല.